കേരളം

വ്യാപാരികളുടെ ശ്രദ്ധയ്ക്ക് ! കടയിൽ ആളെ കയറ്റണമെങ്കിൽ ഈ നിബന്ധനകൾ പാലിക്കണം. അറിയാം കട തുറക്കാനുള്ള പുതിയ നിബന്ധനകൾ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 5, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള പുതുക്കിയ നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിക്കണം. ഉത്സവ കാലമായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ കര്‍ശന ജാഗ്രത പാലിക്കണം.

കടയുടെ ആകെ വിസ്തീര്‍ണവും 25 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരാള്‍ എന്ന ക്രമത്തില്‍ പരമാവധി എത്രപേരെ കടയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും നിലവില്‍ എത്രപേരാണ് കടയില്‍ ഉള്ളതെന്നുമുള്ള വിവരവും കടയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഉപഭോക്താവിന്റെ പേരും ഫോണ്‍നമ്പറും രജിസ്റ്ററില്‍ രേഖപ്പെടുത്തുക, തെര്‍മല്‍ സ്‌കാന്‍ മുഖേന ഊഷ്മാവ് പരിശോധിക്കുക തുടങ്ങിയ നിലവിലെ നടപടികള്‍ തുടരണം.

ഉപഭോക്താവും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, ഒരുമാസം മുന്‍പ് കോവിഡ് ബാധിച്ച് രോഗമുക്തരായവരോ ആയിരിക്കണം. കടകള്‍ക്കു മുന്‍പിലുള്ള ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കണം. ഇതിനാവശ്യമായ ജീവനക്കാരെ കടയുടമ നിയോഗിക്കണം. കടയുടമയും ജീവനക്കാരും കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ളവരായിരിക്കണം.

നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. ഇവ കൃത്യമായി നടപ്പിലാക്കുന്നതിനു വേണ്ട നടപടികള്‍ എല്ലാ കടയുടമകളും സ്വീകരിക്കണം. കടകളില്‍ ആകസ്മിക പരിശോധന നടത്തും. ഇതില്‍ ഉപഭോക്താവിന്റെ കൈവശം രേഖകള്‍ ഇല്ലാത്തപക്ഷം അവരെ കടയില്‍ നിന്നും പുറത്താക്കുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്താന്‍ പാടില്ല.

×