/sathyam/media/media_files/jFEcLBvEPgOEGf0CHmX0.jpg)
ഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നാളെ. അടുത്ത അഞ്ചു വർഷം രാജ്യം ആര് ഭരിക്കണമെന്ന് 96.88 കോടി വോട്ടർമാർ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരെ നിയമിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വേഗത്തിലാവുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് മൂന്നിന് ഉണ്ടാകുമെന്ന് സൂചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോളാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിവച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് ഒറ്റയ്‌ക്ക് പ്രഖ്യാപനം നടത്താമായിരുന്നെങ്കിലും കമ്മിഷനിലെ ഒഴിവുകൾ നികത്തിയ ശേഷം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന സന്ദർശങ്ങൾ 12ന് ജമ്മുകാശ്‌മീരിൽ പൂർത്തിയായിരുന്നു. സൈനിക വിന്ന്യാസം അടക്കം സുരക്ഷാ വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചകളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.
2019ൽ മാർച്ച് 10നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏപ്രിൽ 11 മുതൽ മേയ് 19വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇക്കുറിയും ഏപ്രിൽ രണ്ടാം വാരം മുതൽ തുടങ്ങുമെന്നും ഏഴു ഘട്ടമുണ്ടാകുമെന്നും സൂചനയുണ്ട്. നിലവിലെ 17-ാം ലോക്‌സഭയുടെ കാലാവധി ജൂൺ 16വരെയുള്ളതിനാൽ അതിനുള്ളിൽ ഫലപ്രഖ്യാപനം നടത്തി പുതിയ സർക്കാരിന് അധികാരമേറ്റാൽ മതി.
പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ഫെബ്രുവരി 8 വരെ 96,88,21,926 വോട്ടർമാർ രജിസ്റ്റർ ചെയ്‌തു. 2019നെക്കാൾ ആറു ശതമാനം വർദ്ധനവുണ്ട്. മണ്ഡല പുനർനിർണയത്തിന് ശേഷം ജമ്മുകാശ്‌മീർ, അസാം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയും കമ്മിഷൻ പുറത്തിറക്കി. മരിച്ചവരും സ്ഥലം മാറിയവരെയും ഒഴിവാക്കി 2022 നവംബറിൽ തുടങ്ങിയ പ്രത്യേക പുനരവലോകന നടപടിക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ കണക്കുകൾ പുറത്തുവിട്ടത്.
വോട്ടർമാർ 2024ൽ 96,88 കോടി, 2019ൽ 89.6 കോടിയായിരുന്നു. വോട്ടർമാരുടെ എണ്ണത്തിൽ ആറ് ശതമാനം വർദ്ധനയുണ്ടായി. വോട്ടർമാരിൽ പുരുഷൻമാർ 49,72, 31, 994. സ്‌ത്രീകൾ 47,15,41,888, മൂന്നാം ലിംഗക്കാർ 48,044, ഭിന്നശേഷിക്കാർ 88,35,449 എന്നിങ്ങനെയാണ് കണക്ക്. 18-19 പ്രായക്കാർ: 1,84,81,610. 20-29 പ്രായക്കാർ: 19,74,37,160. 80 വയസിന് മുകളിൽ 1,85,92,918, 100ന് മുകളിൽ 2,38,791. ഇക്കൊല്ലത്തെ പുതിയ വോട്ടർമാർ 2.63കോടിയാണ്.
സ്‌ത്രീകൾ 1.41 കോടി, പുരുഷൻമാർ 1.22(വനിതാ വോട്ടുകളിൽ 1.22ശതമാനം വർദ്ധന) 18-19, 20-29 പ്രായ വിഭാഗങ്ങളിൽ പുതിയതായി രണ്ടു കോടിയിൽ കൂടുതലുണ്ടായി. വർഷത്തിൽ മൂന്നു തവണ വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അവസരം മുതലാക്കി 18 വയസ് തികയാത്ത(17ന് മുകളിൽ) 10.64 ലക്ഷം പേരും രജിസ്റ്റർ ചെയ്‌തു.
മരിച്ച 67,82,642 പേരെയും സ്ഥിരമായി സ്ഥലത്തില്ലാത്ത 75,11,128 പേരെയും ഇരട്ടിപ്പുള്ള 22,05,685 പേരെയും പട്ടികയിൽ നിന്നൊഴിവാക്കി. ജമ്മുകാശ്‌മീരിൽ ആകെ വോട്ടർമാർ 86,94,992(പുരുഷൻമാർ 44,35,750, സ്‌ത്രീകൾ 42,59,082).
അതേസമയം, രാഷ്ട്രീയ കക്ഷികൾക്ക് തിരഞ്ഞെടുപ്പ് സംഭാവന നൽകിയ കോർപറേറ്റുകളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയും ഇതിലുണ്ട്.
2019 ഏപ്രിൽ ഒന്ന് മുതൽ 2024 ഫെബ്രുവരി 15 വരെ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു.
എസ്.ബി.ഐ കമ്മിഷന് കൈമാറിയിരുന്ന വിവരങ്ങളാണിത്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്തായെങ്കിലും, ആര് ഏത് രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകിയെന്നത് വെളിപ്പെടുത്തിയില്ല. സംഭാവന നൽകിയവരുടെ പട്ടികയിൽ അദാനി, റിലയൻസ് കമ്പനികളുടെ പേരില്ല. കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് സംഭാവന നൽകിയവരുടെ നിരയിലുണ്ട്.
സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി 200 കോടിയിൽപ്പരമാണ് സംഭാവന നൽകിയത്. ഇ,ഡി നടപടി നേരിട്ട കമ്പനിയാണെന്നാണ് റിപ്പോർട്ടുകൾ. ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ടെന്ന് സൂചനയുള്ള മേഘ എൻജിനിയറിംഗ് ലിമിറ്റഡ് 980 കോടിയിൽപ്പരം മൂല്യമുള്ള ബോണ്ടുകൾ വാങ്ങി.
വാക്സിൻ നിർമാണ കമ്പനി സെസ് ഭാരത് ബയോടെക്, ബജാജ് ഓട്ടോ, വേദാന്ത, സൺ ഫാർമ,അപ്പോളോ ടയേഴ്സ്, ഡി.എൽ.എഫ്, അംബുജ ഹൗസിംഗ്, പി.വി.ആർ, ഖനി കമ്പനികൾ, ഐ.ടി.സി, എയർടെൽ തുടങ്ങിയവയും പട്ടികയിലുണ്ട്.