Advertisment

പാകിസ്ഥാനില്‍ സുരക്ഷാ ഭീഷണി; ടോസിന് തൊട്ടുമുമ്പ് പാകിസ്താന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍ഡ്; നാടകീയ നീക്കം!

New Update

publive-image

Advertisment

റാവല്‍പിണ്ടി: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. റാവല്‍പിണ്ടിയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഏറെ നാടകീയമായി പര്യടനം പൂര്‍ണമായും ഉപേക്ഷിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

ന്യൂസീലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡ് താരങ്ങൾ എത്രയും വേഗം പാക്കിസ്ഥാൻ വിടുമെന്നും ബോർഡ് വ്യക്തമാക്കി. 'പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്താന്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്‌. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുക മാത്രമാണ് ഏകവഴി', ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ എല്ലാ ടീമുകള്‍ക്കും ഒരുക്കുന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും നല്‍കിയിട്ടുള്ളതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലന്‍ഡ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.

രണ്ടു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ന്യൂസീലൻഡ് താരങ്ങൾ പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. ഇവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ന്യൂസീലൻഡ് കളിക്കേണ്ടിയിരുന്നത്. റാവൽപിണ്ടിയിലും ലഹോറിലുമായി ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ മത്സരങ്ങൾ നടത്താനായിരുന്നു പദ്ധതി.

Advertisment