ഹരിപ്പാട് കോളനിയിൽ പൊലീസ് അതിക്രമമെന്ന് പരാതി, നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ണൻ പട്ടികജാതി കോളനിയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. ഇന്നലെ അർധരാത്രി പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം. പെട്രോളിംഗിനിടെ കോളനിയിലെ ഒരു വീട്ടിൽ പൊലീസ് സംഘം അതിക്രമിച്ച് കയറി സ്ത്രീകളെയും വയോധികരെയും അടക്കം മർദിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സംഘത്തെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. കായംകുളം ഡിവൈഎസ്പിയും സംഘവും എത്തിയാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്.

കോളനിയിലെ അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങൾ താമസിക്കുന്ന വീട്ടിൽ രണ്ട് പേർ പുറത്ത് നിന്നും എത്തിയിരുന്നു. ഇവരെ കുറിച്ചുള്ള വിവരം തിരക്കാൻ പൊലീസ് ശ്രമിച്ചു. ഇവരെത്തിയ ബൈക്കിനറെ താക്കോൽ ഊരിയെടുക്കാനും പൊലീസ് ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങളിലേക്ക് എത്തിയത്.

പട്രോളിംഗിനിടെ ഒരു വീടിന് മുന്നിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാക്കളോട് വിവരങ്ങൾ തിരക്കുകയായിരുന്നു. പിന്നാലെ യുവാക്കൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. പൊലീസിനെ ആക്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കായംകുളം ഡിവൈഎസ്പി അറിയിച്ചു.

എന്നാൽ സ്വന്തം വീടിന് മുന്നിൽ നിന്നവരെ പ്രകോപനമില്ലാതെ പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്നും ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമം നടന്നുവെന്നും നാട്ടുകാർ പറയുന്നു. സംഘർഷത്തിൽ പരിക്കേറ്റ സ്ത്രീകളടക്കം 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment