ആലപ്പുഴ: താമരക്കുളം ഗ്രാമത്തിൽ ഇന്ന് പുലർച്ചെ ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കൾ കലമോൾ (33), മീനുമോൾ (32) എന്നിവരെയാണ് ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മക്കളെയും അമ്മയെയും കുറിച്ച് നാട്ടുകാർ നല്ല അഭിപ്രായമാണ് പറയുന്നത്.
ഇന്ന് രാവിലെ 8.30 ഓടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടെ ആഹാരവുമായി സംഭവസ്ഥലത്ത് എത്തിയിരുന്നു. ജനൽചില്ലുകൾ പൊട്ടിയതും ഭിത്തിയിൽ കരിപുരണ്ടതും ശ്രദ്ധയിൽപ്പെട്ട സുജാത വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മൂവരെയും കിടപ്പുമുറിയിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രണ്ട് പേരെ കട്ടിലുകളിലും ഒരാളെ തറയിലും കത്തി കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കട്ടിലുകളും മുറിയിൽ ഉണ്ടായിരുന്ന മറ്റ് ഫർണിച്ചറുകളും പൂർണമായി കത്തി നശിച്ചു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്നിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ മക്കൾക്കുവേണ്ടി ജീവിതം ഒഴിഞ്ഞുവെച്ചവർ ആയിരുന്നു ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും. സംഭവം നടക്കുമ്പോൾ വെരിക്കോസ് വെയിൻ ചികിത്സയുമായി ബന്ധപ്പെട്ട് ശശിധരൻ പിള്ള കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ ആയിരുന്നു. പ്രസന്നയ്ക്ക് തൊഴിലുറപ്പിലൂടെയും പശു വളർത്തലിലൂടെയും ലഭിക്കുന്ന വരുമാനം ആയിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.