ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുള്ള ചൗധരി ഗുഡ്ഗാവിൽ പൂരൻ കൃഷ്ണ ഭട്ട് എന്ന കാശ്മീരി ബ്രാഹ്മണനെ തീവ്രവാദികൾ അദ്ദേഹത്തിൻ്റെ വീടിനുമുന്നിൽ വച്ച് കൊലപ്പെടുത്തിയതിനു ശേഷം കാശ്മീരി പണ്ഡിറ്റുകളുടെ അവിടെനിന്നുള്ള പലായനം തുടരുകയാണ്.
ഇതാദ്യമായാണ് ഭീകരർ ഇതുപോലുള്ള ഗ്രാമീണമേഖലകളിലേക്ക് കടക്കുന്നത്. കർഷകരായ ആളുകൾ ഇടതിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ ഹിന്ദു - മുസ്‌ലിം സമൂഹം കാലങ്ങളായി സൗഹാർദ്ദത്തോടെയാണ് കഴിഞ്ഞുപോരുന്നത്. മുസ്ലീങ്ങൾ അല്ലാത്തവർ കശ്മീർ വിട്ടുപോകണമെന്ന ലക്ഷ്യത്തോടെ ഭീകരർ, ഗ്രാമീണ മേഖലകളിലെ അമുസ്ലീങ്ങനെ ടാർഗെറ്റ് ചെയ്തതോടെയാണ് വർഷങ്ങളായി അവിടെ ജീവിച്ചുവന്നവർ ഭീതി മൂലം അവിടം വിട്ട് ജമ്മുവിലേക്ക് പോകാൻ നിർബന്ധിതരായത്.
ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ച് പണ്ഡിറ്റുകളെ ലക്ഷ്യവച്ച് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയാൽ മറ്റുള്ളവർ ഭീതിമൂലം അവിടം വിട്ടുപോവുമെന്ന കണക്കൂട്ടലാണ് ഭീകരർക്കുള്ളത്.
അതുതന്നെ സംഭവിക്കുകയാണ്. ഷോപ്പിയാൻ ജില്ലയിലെ ചൗധരി ഗുഡ്ഗാവിൽ ഏകദേശം 50 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. പൂരൻ കൃഷ്ണ ഭട്ട് കൊല്ലപ്പെട്ടശേഷം ആളുകൾ അവിടം വിടാൻ നിർബന്ധിതരായി.വൻ സൈനികവ്യൂഹവും ബോംബ് നിരോധക വാഹനങ്ങളും ഒക്കെ അവിടെ 24 മണിക്കൂറും കാവലുണ്ടായിട്ടും പണ്ഡിറ്റുകൾക്ക് അവിടെ തുടരാൻ ധൈര്യമില്ല. വഴികളിലോ കൃഷിസ്ഥലത്തോ ആക്രമിക്കപ്പെട്ടാൽ ആര് രക്ഷിക്കുമെന്നാണ് അവരുടെ ചോദ്യം. കണ്ണുനീരോടെയാണ് പലരും അവിടം വിട്ടുപോയത്..
സൈന്യത്തിന്റെ ഉപദേശവും അഭ്യർത്ഥനകളും അവഗണിച്ച് ആദ്യം 10 കുടുംബങ്ങൾ അവിടം വിട്ടു. അതിനുശേഷം ഒന്നൊന്നായി എല്ലാവരും ജമ്മുവിലേക്ക് പലായനം ചെയ്തുപോയി. ഒരു വയോധികമാത്രം ഒരു വീട്ടിൽ അവശേഷിച്ചത് ഇന്നലെ അവരും അവിടം വിട്ടതായി ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ കൃഷിസ്ഥലങ്ങളും വീടുകളും തൊട്ടടുത്തുള്ള മുസ്‌ലിം കുടുംബങ്ങളെ ഏല്പിച്ചാണ് പണ്ഡിറ്റുകൾ പോയത്. അവരെ തടഞ്ഞുനിർത്താൻ കഴിയാതിരുന്നത് അവർക്ക് മതിയായ സുരക്ഷ നല്കാൻ തങ്ങൾ അശക്ത രായതിനാലും അത് തങ്ങളുടെ ജീവനുതന്നെ ഒരുപക്ഷേ ഭീഷണിയാകുമെന്നതിനാലുമാണെന്ന് അയൽക്കാ രായ മുസ്‌ലിം കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
ഇത് ഒരു ചൗധരി ഗുഡ്ഗാവിന്റെ മാത്രം അവസ്ഥയല്ല. കശ്മീരിന്റെ ഉൾഗ്രാമങ്ങളിലെ പല സ്ഥലങ്ങളിൽനിന്നും പണ്ഡിറ്റു കൾ ഒന്നുകിൽ പലായനം ചെയ്യുകയാണ് അല്ലെങ്കിൽ അവർ അതിനുള്ള തയ്യാറെടുപ്പിലാണ്. തലമുറകളായി മണ്ണിൽപൊരുതി നേടിയതൊക്കെ അവിടെ ത്യജിച്ച് വെറുംകൈയോടെ ജന്മനാട്ടിൽനിന്നുള്ള മടക്കം ഹൃദയം നുറുങ്ങുന്ന വേദനയാണ് ഓരോരുത്തർക്കും സമ്മാനിക്കുന്നത്.
-പ്രകാശ് നായര്‍ മേലില