മനുഷ്യാവകാശം ഏറ്റവും പവിത്രമാണെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും കസ്റ്റഡി മരണങ്ങളും പോലീസ് പീഡനങ്ങളും ഇന്നും സാധാരണമാണ്.
സമൂഹത്തിൽ പ്രത്യേക മാന്യതയുള്ള വ്യക്തികൾപോലും പോലീസിന്റെ മൂന്നാം മുറയ്ക്ക് വിധേയരാകുന്നുണ്ട്. പോലീസ്, കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തിക്ക് ഉടനടി നിയമസഹായം ലഭ്യമാകുന്നില്ല. കസ്റ്റഡിയുടെ ആദ്യമണിക്കൂറിൽ തന്നെ അറസ്റ്റിനു വിധേയനായ വ്യക്തിയുടെ കാര്യത്തിൽ തീരുമാനമെടുക്കപ്പെടുന്നു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹം ഇന്നും നിയമസഹായപരിധിക്ക് പുറത്താണ്. ജ്യുഡീഷ്യറി പാവപ്പെട്ടവരുടെ വിശ്വസം ആർജ്ജിക്കണമെങ്കിൽ അവർക്കുവേണ്ടിയും തങ്ങൾ നിലകൊള്ളുന്നു എന്ന ബോധ്യം സമൂഹത്തിനുണ്ടാകണം.
നീതി ലഭിക്കാനുള്ള കാലതാമസവും പണച്ചെലവുമാണ് സാധാരണക്കാർ നീതിപീഠങ്ങളെ ശരണം പ്രാപിക്കാൻ മടിക്കുന്നതിന്റെ പ്രധാനകാരണം. നിയമവ്യവസ്ഥയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. നിയമത്തിൻ്റെ മുന്നിൽ സാധാരണക്കാരനും വിഐപികളും തമ്മിലുള്ള അന്തരം ഇല്ലാതാകണം. തുല്യനീതി എല്ലാവർക്കും ഉറപ്പാക്കണം.
പോലീസ് അതിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ഭരണഘടനപരമായ അവകാശങ്ങളെപറ്റിയുള്ള അറിവുകൾ സമൂഹത്തിൽ തുടർച്ചയായി പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. സൗജന്യ നിയമപരിരക്ഷ ഇത്തരം പോലീസ് അതിക്രമങ്ങൾ തടയുന്നതിന് സഹായകരമാകും.
എല്ലാ പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ബാർ ഡിസ്പ്ലേ ബോർഡുകളും ഹോർഡിംഗുകളും പ്രദർശിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്.
നാഷണൽ ക്രൈം റിക്കാർഡ് ബ്യുറോ (എന്‍സിആര്‍ബി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നവംബർ 2020 വരെയുള്ള കഴിഞ്ഞ 10 വർഷങ്ങളിലായി രാജ്യത്ത് 1004 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്‍സിആര്‍ബി ഡേറ്റാ അനുസരിച്ച് ഇതിൽ 69 % മരണങ്ങളും ആത്മഹത്യയോ സാധാരണ മരണമോ ആയി റിക്കാർഡ് ചെയ്യപ്പെടുകയായിരുന്നു.
ഇന്ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (എന്‍എല്‍എസ്എ) പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയ അവസരത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങൾ വിവരിച്ചത്.