സിനിമ ഏതെങ്കിലുമൊരു മത വിശ്വാസത്തെ മോശമാക്കുന്നതാണെങ്കിൽ പ്രതിഷേധം ന്യായമായിരുന്നു. 'ഈശോ' എന്നത് പൊതുവായൊരു പേര് കൂടിയാണ്. വെറുതെ ഒരു വിവാദം... - ലേഖനം

New Update

publive-image

-കെ.വി നദീർ

Advertisment

സുരേഷ് ഗോപി പോലീസ് വേഷത്തിൽ തിമർത്ത സിനിമയാണ് ക്രൈം സ്‌റ്റോറി. മഠത്തിൽ വെച്ച് കന്യാസ്ത്രി കൊല ചെയ്യപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. കേസന്വേഷണത്തിൻ്റെ ഭാഗമായി നായകൻ പള്ളി മേടയിൽ കയറി മേയുന്നുണ്ട്. വൈദികന്മാരെ എടുത്തിട്ട് അലക്കുന്നുണ്ട്. ബിഷപ്പ് ഹൗസിൽ കയറി നിരങ്ങുന്നുണ്ട്. ആ സിനിമക്ക് കുഴപ്പമൊന്നുമില്ല.

മോഹൻലാലും ദിലീപും ശരത് കുമാറും അഭിനയിച്ചു കസർത്ത ക്രിസ്ത്യൻ ബ്രദേഴ്സിൽ സഹോദരന്മാരിൽ ഒരാൾ കള്ളക്കടത്തുകാരനാണ്. മറ്റേയാൾ അച്ഛൻ പട്ടത്തിന് റോമിലേക്ക് പറഞ്ഞയച്ച് പ്രണയത്തിൽ കുരുങ്ങി വിശുദ്ധ വസ്ത്രം വലിച്ചെറിയുന്നവൻ. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരുള്ള ഈ സിനിമക്കും യാതൊരു കുഴപ്പവുമില്ല.

പുണ്യവാളൻ, പ്രാഞ്ചിയേട്ടൻ ദ സെയിൻ്റ് എന്നിങ്ങനെയുള്ള പേരുകളിൽ പല സിനിമകളും ഇറങ്ങി. ഒരു സിനിമാപേര് എന്നതിനപ്പുറത്തേക്ക് ഇതിൽ യാതൊരു പ്രശ്നവും ആരും കണ്ടില്ല.
ഇനിയും റിലീസ് ചെയ്യാത്ത നാദിർഷായുടെ "ഈശോ"യുടെ കാര്യത്തിൽ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന "വ്രണപ്പെടലുകാർ" അന്നൊക്കെ എവിടെ ആയിരുന്നൊ ആവൊ.

സിനിമ ഏതെങ്കിലുമൊരു മത വിശ്വാസത്തെ മോശമാക്കുന്നതാണെങ്കിൽ പ്രതിഷേധങ്ങളിൽ ന്യായം കാണാമായിരുന്നു. ഈശോ എന്നത് പൊതുവായൊരു പേര് കൂടിയാണ്. അങ്ങനെയൊരു പേരിലുള്ള കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയെങ്കിൽ; ആ കഥാപാത്രം ഏത് തരത്തിലുള്ളതാണെന്ന് സിനിമക്ക് പുറത്തുള്ളവർക്കാർക്കും അറിയില്ല. അറിയാത്ത ഒന്നിനുമേൽ നടക്കുന്ന വ്രണപ്പെടലിൻ്റെ ആഘോഷത്തിന് പിന്നിൽ മറ്റെന്തൊക്കെയോ താൽപര്യങ്ങളാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയേണ്ടതില്ല.

ഈശോ എന്ന പേരിൽ സിനിമയിൽ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്. സേതുരാമയ്യർ സി ബി ഐ എന്ന സിനിമയിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേര് ഈശോ എന്നാണ്. കൊലപാതകിയായ ആ കഥാപാത്രത്തിൻ്റെ പേരിനെ ഒരു പേരായി മാത്രമാണ് കണ്ടത്.

നാദിർഷായുടെ ഈശോ ഈ രൂപത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ടെന്നതിൽ സംശയമില്ല. എന്തും വിളിച്ചു പറയാവുന്നിടത്തേക്കാണ് കാര്യങ്ങൾ എത്തുന്നത്. പറഞ്ഞുപറഞ്ഞ് പാട്ടിലെ വരികളിൽ പോലും മതം കാണാൻ തുടങ്ങിയിരിക്കുന്നു.

"മണിയറയിലെ അശോകൻ'' എന്ന സിനിമയിലെ "മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ... തഞ്ചത്തിലൊപ്പന പാടി വായോ" എന്ന വരികളാണ് എടുത്തു പിടിച്ചിരിക്കുന്നത്. ഹിന്ദുവായ ഉണ്ണിമായയോട് ഒപ്പന പാടി വരാൻ പറഞ്ഞത് കുഴപ്പമാണത്രെ.

പാട്ടെഴുതിയ ഷിഹാസിന് മൊഞ്ചത്തി പെണ്ണേ ആയിഷാ ബീവി എന്നെഴുതിക്കൂടായിരുന്നോ എന്നാണ് ചോദിക്കുന്നത്. എന്തിനാണ് ഉണ്ണിമായേ എന്നെഴുതിയതെന്ന് പച്ചയായി ചോദിക്കുന്നു. ചോദ്യങ്ങൾ പി സി ജോർജിൻ്റെതാണെങ്കിലും കാര്യമാക്കാതിരിക്കാനാകില്ല. ഇത്രയും വൈകൃതം പേറുന്നവരുടേത് കുടിയാണ് ഈ നാടെന്നത് വല്ലാതെ നീറ്റലുണ്ടാക്കുന്നു.

ഇവരോടൊക്കെ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞതെ പറയാനുള്ളൂ. "എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ. ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്‌ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?’

voices
Advertisment