ഈ ഭരണം അഫ്ഗാൻ ജനത ആഗ്രഹിച്ചിരുന്നോ ? ഒരിക്കലുമില്ല. അഫ്ഘാൻ ജനത ഭൂരിഭാഗവും മറ്റുള്ളവരെപ്പോലെ കൂടുതൽ സ്വാതന്ത്ര്യവും സമാധാനവും ആ ഗ്രഹിച്ചിരുന്നു. എന്നാൽ നിരായുധരായ സമൂഹം 60,000 ത്തോളം വരുന്ന തീവ്രവാദി സമൂഹത്തിനു മുന്നിൽ നിസ്സഹായരായി മാറപ്പെട്ടു.
സായുധബലപ്രയോഗം വിജയിച്ചു. ഒരു ജനാധിപത്യസർക്കാർ നിലംപതിച്ചു. എന്നും എക്കാലവും ഒരു രാജ്യത്തെ പൂർണ്ണമായും സംരക്ഷിച്ചുനിർത്താൻ പാശ്ചാത്യ ശക്തികൾക്കും ബാധ്യതയില്ല.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തിയ വൻ നിക്ഷേപങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി മാറിക്കഴിഞ്ഞു. ബലപ്രയോഗത്തിലൂടെയുള്ള ഭരണമാറ്റം അംഗീകരിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. കാബൂൾ എയർ പോർട്ടിലേക്ക് വിസയും പാസ്സ്പോര്ട്ടും ഇല്ലാത്തവരും ഓടിയെത്തുന്നു.
അസുരക്ഷയുടെ അന്തരീക്ഷമാണ് രാജ്യമെങ്ങും. ഭയന്നോടുന്ന സ്ത്രീകളും കുട്ടികളും. കാബൂളിലെങ്ങും ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രമേ കാണാനുള്ളൂ. ശരിയത്ത് നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ് താലിബാൻ ചെയ്യുന്നത്.
ഇന്ന് രാവിലെ കാബൂൾ എയർപോർട്ടിലേക്ക് പോയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല എന്ന കാരണത്താൽ താലിബാൻ അവർക്കെതിരേ നിറയൊഴിച്ചു. ഏതാനുംപേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിനുശേഷം ആളുകൾ എയർ പോർട്ടിനുള്ളിലേക്ക് ഇരച്ചുകയറുകയാണ്. നിയന്ത്രണങ്ങൾ ഒന്നും ഫലവത്താകുന്നില്ല.
അമേരിക്കൻ സേന രണ്ടുതവണ ആകാശത്തേക്ക് നിറയൊഴിച്ചു. പ്രാണഭയത്താൽ രാജ്യം വിടാനൊരുങ്ങി പതിനായിരങ്ങളാണ് കാബൂൾ എയർ പോർട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിതി തികച്ചും നിയന്ത്രണാതീതം.
ആളുകൾ ടിക്കറ്റില്ലാതെ വിമാനത്തിലേക്ക് കയറാനാണ് ശ്രമിക്കുന്നത്. 6000 അമേരിക്കൻ സൈനികരുടെ നിയന്ത്രണത്തിലാണ് കാബൂളിലെ ഹമീദ് കർസായി അന്തരാഷ്ട്ര എയർപോർട്ടിൽ പ്രവേശിക്കരുതെന്ന് അമേരിക്ക താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എയർ പോർട്ടിലെ അഭൂതപൂർവമായ ജനത്തിരക്ക് മൂലം പല വിമാനസർവീസുകളും റദ്ദാക്കപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ സൈനികവിമാനത്തിൽ ആകാശത്തുനിന്ന് നിന്ന് മൂന്നു പേർ താഴേക്കുവീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. വിമാനത്തിന്റെ അടിഭാഗത്ത് രഹസ്യമായി കയറിയവരും ടയറിനു മുകളിൽ കയറിപ്പറ്റിയ വ്യക്തിയുമാണ് ഇങ്ങനെ താഴേക്ക് പതിച്ചത്.
രാജ്യം ഇപ്പോൾ പൂർണ്ണമായും താലിബാൻ നിയന്ത്രണത്തിലാണ്. അവരുടെ ഭരണം ഏതു തരത്തിലാകും എന്നാണ് ലോകം ഇനി നോക്കിക്കാണുന്നതും വിലയിരുത്തപ്പെടുന്നതും.
പാക്കിസ്ഥാനുമായും പാക്ക് താലിബാനുമായും തങ്ങൾക്ക് അമിതചങ്ങാത്തമില്ലെന്ന് അഫ്‌ഗാൻ താലിബാൻ പറയുമ്പോഴും ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാണ്ഡഹാർ വിമാനാപഹരണത്തിൻ്റെ മുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ല.
താലിബാൻ ലോകത്തെ ഏറ്റവും സമ്പന്നമായ നാലാമത്തെ തീവ്രവാദി സംഘടനയാണ്. അഫീo (Opium) അഥവാ കറുപ്പ് എന്ന മയക്കുമരുന്ന് വഴിയാണ് താലിബാൻ പണം സമ്പാദിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ അഫീo കൃഷിചെയ്യുന്ന വലിയ ഭൂപ്രദേശം താലിബാന്റെ അധീനതയിലാണ്.
കൃഷിക്കാരിൽ നിന്ന് 10 % ടാക്സ് ഈടാക്കിയാണ് താലിബാൻ സാമ്പത്തികനേട്ടം കൊയ്യുന്നത്. ഇതുകൂടാതെ അഫീo ഹെറോയിൻ ആക്കുന്ന ഫാക്ടറികളിൽ നിന്നും ഇവർ ടാക്സ് വാങ്ങുന്നുണ്ട്. അഫീo വ്യാപാരം ചെയ്യുന്നവരും താലിബാന് ടാക്സ് നൽകണമെന്ന് നിയമമുണ്ട്. ഇപ്രകാരം താലിബാൻ ഒരു വർഷം 700 കോടി മുതൽ 3000 കോടിവരെ ഡോളറിന്റെ വരുമാനമാണ് നേടുന്നത്.