കേരളത്തിൽ മദ്യം വാങ്ങാൻ ഇന്നുമുതൽ ഓൺലൈനായി പണമടയ്ക്കാം, അതുവഴി മൊബൈലിൽ ലഭിക്കുന്ന എസ്എംഎസ് വഴി അവർ നിർദ്ദേശിക്കുന്ന സമയത്ത് ബീവറേജ് ഔട്ട് ലെറ്റുകളിൽ പോയി മെസ്സേജ് കാണിച്ച് മദ്യം വാങ്ങാം. മൂക്കിൽ തൊടാനും മൂന്നു വലത്തോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മൂക്കിൽ തൊടാനും മൂന്നു വലത്തോ ? ചോദ്യം വീണ്ടും കേരളത്തിലെ മദ്യനയവുമായി ബന്ധപ്പെട്ടു തന്നെയാണ്.

കേരളത്തിൽ മദ്യം വാങ്ങാൻ ഇന്നുമുതൽ ഓൺലൈനായി പണമടയ്ക്കാം, അതുവഴി മൊബൈലിൽ ലഭിക്കുന്ന എസ്എംഎസ് വഴി അവർ നിർദ്ദേശിക്കുന്ന സമയത്ത് ബീവറേജ് ഔട്ട് ലെറ്റുകളിൽ പോയി മെസ്സേജ് കാണിച്ച് മദ്യം വാങ്ങാം.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ല. തിരക്ക് കുറയ്ക്കാനാണെങ്കിൽ ബഹു. ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാൽ പോരേ ? കൗണ്ടറുകൾ വർദ്ധിപ്പിച്ചും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഔട്ട് ലെറ്റുകളുടെ എണ്ണം കൂട്ടിയും പരിഹരിക്കണമെന്ന് കോടതിതന്നെ നിർദ്ദേശിച്ചതുമാണ്. കോടികൾ ലാഭം കൊയ്തുവാരുന്ന ബിസിനസ്സിൽ ഇത്തരം സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ സർക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല, എങ്ങുനിന്നും പണം കടമെടുക്കേണ്ട കാര്യവുമില്ല. സർക്കാരിന്റെ ബാദ്ധ്യതയാണത്.

ഇതൊക്കെ കൃത്യമായി ചെയ്‌താൽ ഔട്ട്ലെറ്റുകളിലെ തിരക്കൊഴിവാകുമെന്നിരിക്കേ ഇപ്പോൾ ഓൺലൈൻ വഴി പണമടച്ചശേഷം ബിവറേജിൽ പോയി മദ്യം വാങ്ങണമെന്ന പുതിയ ഒരു രീതി മറ്റൊരുനാട്ടിലും കേട്ടു കേൾവിയില്ലാത്തതാണ്. ഇതെന്തു മദ്യനയമാണാവോ ?

എ.സി മുറികളിൽ ഇരുന്നു സാധാരണക്കാരനുവേണ്ടി ചിന്തിച്ചു വിയർപ്പൊഴുക്കുന്ന ഉദ്യോഗസ്ഥർ പടച്ചു വിടുന്ന തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങൾ അപ്പടി നടപ്പാക്കാനുള്ള ഒരു ബാദ്ധ്യതയും സാധാരണക്കരയുടെ ഇടയിൽനിന്നും തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തപ്പെട്ട നേതാക്കൾക്കില്ല എന്ന വസ്തുത നിലനിൽക്കേ അവർ കൊണ്ടുവരുന്ന ഇത്തരം മുടന്തൻ പരിഷ്കാരങ്ങളിലെ പോരായ്മയും അപ്രായോഗികത്വവും ചൂണ്ടിക്കാട്ടി അവ ചവറ്റുകൊട്ടയിൽ തളളാൻ ഒരു നിമിഷം പോലും പാഴാക്കാൻ പാടില്ലാത്തതാണ്.

publive-image

ഓൺലൈൻ വഴി പണമടച്ചാൽ ഓൺലൈൻ വഴി തന്നെ മദ്യം കസ്റ്റമറിന് ലഭ്യമാക്കണം. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇതാണ് നടക്കുന്നത്. സൊമാറ്റോ, ആമസോൺ, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ വൻകിട അന്താരാഷ്ട്ര ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകൾ ഇന്ന് ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ വരെ വേരുറപ്പിച്ചുകഴിഞ്ഞു. നിലവാരമുള്ള മികവുറ്റ സേവനമാണ് അവർ നൽകുന്നത്. അവരുടെ സേവനം ഈ രംഗത്തും ഉപയോഗ പ്പെടുത്താവുന്നതാണ്.

ഓൺലൈൻ വഴി മദ്യം ലഭ്യമായാൽ (ഡോര്‍ ഡെലിവറി) ബീവറേജ് ഔട്ട്ലെറ്റുകളിൽ തിരക്കുണ്ടാകില്ല, പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങേണ്ട ആവശ്യം വരില്ല. ഒരു ഔട്ട്ലെറ്റ് വഴി കുറഞ്ഞത് 5 പേർക്ക് പുതുതായി തൊഴില വസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ബീവറേജ് ഔട്ട്ലെറ്റുകളിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭാരിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും ഇവർക്ക് നൽകേണ്ടതില്ല. മദ്യത്തിന് കസ്റ്റമറിൽനിന്ന് നിശ്ചിത കമ്മീഷൻ ഈടാക്കിയാണ് ഇവർ സേവനം നൽകുന്നത്. വാതിൽപ്പടി സേവനം മൂലം കസ്റ്റമറും ഹാപ്പിയാകുന്നു.

ഡോർ ഡെലിവറി ലഭിക്കുന്ന അവസ്ഥയിൽ അമിതമദ്യപാനമുൾപ്പെടെ മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും, പൊതുസ്ഥലങ്ങളിലെ മദ്യപാനവും സംഘർഷങ്ങളുമൊക്കെ ഒഴിവാകുകയും ചെയ്യും. ഇതിൽ മദ്യനയത്തിൽ ഒരു മാറ്റവും വരുത്തേണ്ട കാര്യമേയില്ല. അല്ലാതുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണ്.

ഓൺലൈൻ മദ്യവ്യാപാരം കേരളത്തിൽ നടപ്പാക്കാനുള്ള വിഘാതമായിതോന്നുന്ന വസ്തുത സർക്കാരി നുമേൽ ഉള്ള ബാറുടമകളുടെയും ഉദ്യോഗസ്ഥലോബിയുടെയും യൂണിയനുകളുടെയും ശക്തമായ സമ്മർദ്ദ തന്ത്രം കൊണ്ടായിരിക്കാമെന്നാണ്.അല്ലെങ്കിൽപ്പിന്നെ ഇന്ത്യാ രാജ്യത്തുള്ള മറ്റു സംസ്ഥാനങ്ങളിൽ ഇത് വിജയകരമായി നടക്കുമെങ്കിൽ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള വിഘാതം എന്താണ് ? മനസ്സിലാകുന്നില്ല.

മദ്യവ്യവസായത്തിൽ അഴിമതിയുണ്ട്. ഇല്ലെന്നു പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. പലതരത്തിൽ പണമൊഴുകുന്ന ഫീൽഡാണിത്. കമ്മീഷൻ, പാരിതോഷികം,കൈക്കൂലി,മായം ചേർക്കൽ,കൃതൃമത്വം ഒക്കെ നടക്കുന്നില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

മദ്യവിതരണം സ്വകാര്യമേഖലയെ ഏൽപ്പിച്ചാൽ തീരുന്ന പ്രശ്നമേ കേരളത്തിലുള്ളു. പല സംസ്ഥാനങ്ങളിലും അങ്ങനെയാണ് നടക്കുന്നത്. ഒപ്പം മറ്റു സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതുപോലെ വിദേശമദ്യത്തിനൊപ്പം വളരെ വിലകുറഞ്ഞ നാടൻ മദ്യവും ബീവറേജുകൾ വഴി കേരളത്തിലും ലഭ്യമാക്കണം. ഇതര സംസ്ഥാന ങ്ങളിൽ നാടൻ മദ്യവില്പനശാലകൾ തന്നെ പ്രത്യേകമായുണ്ട്. അതെന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഇല്ലാത്തത് ? വിദേശമദ്യനിർമ്മാതാക്കളെയും വൻകിട ഡിസ്റ്റിലറികളെയും സഹായിക്കാനാണോ എന്ന സംശയം തോന്നിയാൽ തെറ്റുണ്ടോ? അതോ കേരളത്തിൽ മദ്യം ഉപയോഗിക്കുന്നവരെല്ലാം സമ്പന്നർ എന്നാണോ ?

മദ്യനയത്തിന്റെ കാര്യത്തിൽ കേരള സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദങ്ങളിൽനിന്നും മുക്തമാകണം. ജനങ്ങളാണ് വോട്ടുനൽകി സർക്കാരിനെ അധികാരത്തിലേറ്റിയത്‌, അല്ലാതെ ഏതെങ്കിലും സംഘടനയോ സമുദായമോ അല്ല.

ജനവികാരം മാനിക്കുക, ജനാഭിപ്രായം ആരായാൻ ശ്രമിക്കുക,കാതലായ വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിനായി വേണമെങ്കിൽ ജനാഭിപ്രായസർവ്വേയും നടത്താൻ സർക്കാർ തയ്യറാകേണ്ടതാണ്. (Drinking alcohol is injurious to health)

voices
Advertisment