താലിബാൻ എന്ന കിരാത വിഭാഗത്തെ അപലപിച്ചേ തീരൂ... - ലേഖനം

New Update

-ജെ.കെ

publive-image

Advertisment

അഫ്ഗാനിസ്ഥാനിൽ നിന്നു വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ താലിബാൻ എന്ന കിരാത വിഭാഗം നടത്തുന്ന ഭീകര ചെയ്തികളെ അപലപിച്ചേ തീരൂ. ഏതൊരു സംസ്കാരത്തിൻ്റെയും മാപിനി സ്ത്രീകളോടുള്ള പെരുമാറ്റമത്രെ. ലോകത്ത് പടർന്നു കയറുകയും തകർന്നു വീഴുകയും ചെയ്ത മുഴുവൻ സാംസ്കാരിക,നാഗരികതകളും അതിൻ്റെ സാക്ഷ്യപത്രങ്ങളാണ്. വിശുദ്ധ ഖുർആനിലാവട്ടെ, പ്രവാചക മൊഴികളിലാവട്ടെ ഇവ പേർത്തും പേർത്തും ഉദ്ധരിക്കപ്പെടുന്നുണ്ട് താനും.

എന്നാൽ താലിബാൻ ഭീകരത ഏറ്റവും ലക്ഷ്യം വെക്കുന്നത് സ്ത്രീകളെയാണ് ! കൊച്ചു കുഞ്ഞുങ്ങളെയാണ് ! തദ് സംബന്ധമായി നാം കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളത്രയും ഹൃദയഭേദകങ്ങളാണ് !

തങ്ങളുടെ അപരിഷ്കൃത / പ്രാകൃത / ഗോത്രവർഗ / ഭീകര ചെയ്തികൾക്ക് ഇസ് ലാമിനെ മറയാക്കാനുള്ള താലിബാൻ്റ ഹീന ശ്രമങ്ങളെ തുറന്നു കാട്ടേണ്ടതുണ്ട്. വേഷഭൂഷകളിൽ, ചിഹ്നങ്ങളിൽ മാത്രം ഇസ്ലാം സംസ്കൃതി പ്രദർശിപ്പിച്ച് ഇക്കൂട്ടർ യഥാർത്ഥ ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നു ! അഫ്ഗാൻ്റെ പേര് "ഇസ് ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാൻ" എന്ന് മാറ്റുകയാണത്രെ !

കഷ്ടം!.. പട്ടിണിയും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന ഒരു ജനതയുടെ മേൽ എഴുതി ഒട്ടിക്കാനുള്ള ലേബൽ ആണോ ഇസ്ലാമിക ഭരണക്രമം? അർധരാത്രികളിൽ ശയ്യ വിട്ടെഴുന്നേറ്റ് ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ട ഖലീഫാ ഉമറും താലിബാൻ്റെ ഉമറുമാരും തമ്മിൽ ഒരിക്കലും ഒരർത്ഥത്തിലും യാതൊരു താരതമ്യവുമില്ല.

അമേരിക്കയും അതിനു മുമ്പ് സോവിയറ്റ് യൂനിയനും അഫ്ഗാനിൽ നടത്തിയ അധിനിവേശങ്ങളൊന്നും താലിബാൻ ഭീകരതയെ വെള്ള പൂശാനുള്ള പഴുതുകളല്ല. ഗുജറാത്തും മ്യാൻമറും ഉയർത്തിക്കാട്ടി താലിബാൻ ചെയ്തികളെ ലഘൂകരിക്കുകയും വയ്യ. ഭീകരതയെ ഭീകരതകൊണ്ട് ന്യായീകരിക്കുന്നത് അത്യന്തം അപകടകരമാണ്. മുസ്ലിം / ഹിന്ദു / ബൗദ്ധ /മതേതര / മതമുക്ത ഭീകരതകൾ ആരുടെ, ഏതിൻ്റെ പേരിലായാലും തെല്ലും അംഗീകരിക്കുക വയ്യ.

തികച്ചും അനീതി നിറഞ്ഞ ഇത്തരം "തൂക്കമൊപ്പിക്കൽ" ശ്രമങ്ങൾ തനി കാപട്യങ്ങളാണ്. അവ ഉൽപ്പാദിപ്പിക്കുന്നത് കടുത്ത അനീതികളും ! "സൻആ മുതൽ ഹദറമൗത്തു വരെ..." അഥവാ ഒരു രാജ്യത്തിൻ്റെ രണ്ടതിർത്തികൾക്കിടയിൽ സ്ത്രീ ഒറ്റക്ക് സുരക്ഷിതമായി സഞ്ചരിക്കലാണ് ഇസ് ലാമിക രാഷ്ട്ര സങ്കൽപത്തിൻ്റെ മാതൃകയെന്നാണ് വിശ്രുതമായ പ്രവാചക വചനം.

നിഷ്കൃഷ്ടമായ നീതിപാലനം അകക്കാമ്പായ മനുഷ്യാവകാശ സംരക്ഷണമാണ് ഖുർആൻ മുന്നോട്ടു വെക്കുന്ന ഭരണക്രമം. ഖേദകരമെന്നു പറയട്ടെ ഇപ്പറഞ്ഞവയൊന്നും താലിബാൻ്റെ അഫ്ഗാനിസ്ഥാനിൽ നാം കണ്ടെത്തുന്നില്ല. പകരം ജീവനും കൊണ്ട് പരക്കം പായുന്ന അഭയാർത്ഥിക്കൂട്ടങ്ങളായി രാഷ്ട്രം മാറിക്കൊണ്ടിരിക്കുന്നു !

ഒരു കാര്യം തീർത്തു പറയാൻ പറ്റും. താലിബാൻ്റെ പേരിൽ ഇപ്പോൾ നാം അറിഞ്ഞു കൊണ്ടിരിക്കുന്നതൊന്നും ഇസ് ലാമികമല്ല ! "അഞ്ജനം മഞ്ഞളുപോലെ വെളുത്ത " താലിബാനിസത്തിനെതിരെ മനുഷ്യ പക്ഷത്തു നിൽക്കുന്ന ഓരോരുത്തരും പ്രതികരിച്ചേ തീരൂ!

voices
Advertisment