തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പണികൾ ഭൂരിഭാഗവും കരാറുകാർ മുഖേനയാണ് നടപ്പിൽ വരുത്തുന്നത്. 1997 ലെ കേരള പഞ്ചായത്ത് രാജ് (EXECUTION OF PUBLIC WORKS) ചട്ടപ്രകാരം (റൂള്‍ 9) ടെൻഡർ കൊടുക്കുവാൻ പോകുന്ന പ്രവർത്തിയുടെ മതിപ്പു ചെലവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിയെ കുറിച്ച് പ്രചാരണം നടത്തേണ്ടതാണ്. ടെൻഡർ നോട്ടീസ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും, ആ പ്രദേശത്തുള്ള സർക്കാർ, പൊതുമരാമത്ത് ഓഫീസുകളിലും, ഉചിതമായ മറ്റു ഓഫീസുകളിലും പ്രസിദ്ധീകരിക്കണം.
കൂടാതെ റൂള്‍ 9(3) പ്രകാരം താഴെ പറയുന്ന നിബന്ധനകളും പാലിക്കേണ്ടതാണ്:
1) മതിപ്പു ചെലവ് ഒരു ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിൽ വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ കുറഞ്ഞത് പത്ത് ദിവസത്തെ സമയം നൽകി പഞ്ചായത്ത് പ്രദേശത്തെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രത്തിൽ പരസ്യം ചെയ്യേണ്ടതാണ്.
2) 10 ലക്ഷം രൂപയ്ക്കും 50 ലക്ഷം രൂപയ്ക്കും ഇടയിൽ ഉള്ള മരാമത്ത് പണികളുടെ കാര്യത്തിൽ 20 ദിവസത്തെ സമയം നൽകി കുറഞ്ഞത് പ്രചാരമുള്ള രണ്ട് മലയാള പത്രത്തിലെങ്കിലും പരസ്യം നൽകേണ്ടതാണ്.
3) 50 ലക്ഷം രൂപയുടെ മുകളിൽ വരുന്ന പ്രവർത്തികളുടെ കാര്യത്തിൽ സംസ്ഥാനത്തിനകത്ത് മുഴുവൻ പ്രചാരമുള്ള രണ്ട് മലയാള പത്രത്തിലും, ദേശീയ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലെങ്കിലും പരസ്യം നൽകേണ്ടതാണ്.
വേണ്ട പ്രചാരം നൽകാതെ സ്ഥിരം കരാറുകാരിൽ നിന്നും ഓഫർ സ്വീകരിച്ച് പ്രവർത്തി ഏൽപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്.
പഞ്ചായത്തിലുള്ള പാടശേഖര കമ്മിറ്റി, സ്കൂൾ പിടിഎ എന്നിവരെ ഗുണഭോക്ത സമിതികൾ ആയി കണക്കാക്കാവുന്നതാണ്.
ഗുണഭോക്ത സമിതിയാണ് പ്രവർത്തി ഏറ്റെടുക്കുന്നതെങ്കിൽ എസ്റ്റിമേറ്റ് തുകയുടെ 25 % അല്ലെങ്കിൽ 1,00,000 രൂപ, ഏതാണോ കുറവ്, ആ തുക അഡ്വാൻസ് ആയി നൽകേണ്ടതാണ്.
റൂള്‍ 14 (4) പ്രകാരം പഞ്ചായത്തിലെ ഏതൊരു വോട്ടർക്കും പ്രവർത്തികൾ നിയമപരമായി പരിശോധിക്കുവാനുള്ള അധികാരം ഉണ്ട്.
റോഡ് നിർമ്മാണ/ സംരക്ഷണ പ്രവർത്തികൾ ചെയ്യുന്നതിനുമുമ്പ് ആ വിവരം ഗ്രാമസഭ/ വാർഡ് സഭയിൽ ചർച്ച ചെയ്യേണ്ടതും മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തേണ്ടതുമാകുന്നു. പണി തീർന്നതിനുശേഷം പണിയെ കുറിച്ചുള്ള വിലയിരുത്തലുകൾ ഗ്രാമസഭയിൽ ഉണ്ടാവേണ്ടതും, മിനിറ്റ്സിൽ രേഖപ്പെടുത്തേണ്ടതുമാകുന്നു. ഗ്രാമസഭയിൽ ഗുണഭോക്ത സമിതി രൂപീകരിക്കുകയും, അവർ ഓരോ പ്രവർത്തികളും ജനകീയ മോണിറ്ററിംഗ് നടത്തേണ്ടതും ആകുന്നു.
റൂള്‍ 15(6) പ്രകാരം പൂർത്തീകരിച്ചിരിക്കുന്ന പ്രവർത്തിയുടെ നിലവാരത്തെക്കുറിച്ച് തീരുമാനമാകാതെ മുഴുവൻ തുകയും കരാറുകാരന് നൽകരുതെന്നാണ്. (Consumer Complaints & Protection Society )