സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, മെറിൻ ജേക്കബ് എന്ന മറിയം,നിമിഷ എന്ന ഫാത്തിമ ഇസ, റാഫീല എന്നീ മലയാളി യുവതികളാണ് കാബൂളിലെ പുള്‍ ഇ ചാര്‍ക്കി, ബദാം ബാഗ് എന്നീ ജയിലുകളിൽനിന്ന് കഴിഞ്ഞദി വസം മോചിതരായത്.
ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പേരാടാനായി പുറപ്പെട്ട ഇവരുടെ ഭർത്താക്കന്മാരായ ഐെസ്ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2019 നവംബറിൽ ഇവർ അഫ്‌ഗാൻ സേനയ്ക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു.
താലിബാൻ, അഫ്‌ഗാൻ ഭരണം പിടിച്ചെടുത്തതോടെയാണ് മുൻ അഷ്‌റഫ് ഗനി സർക്കാർ ജയിലിലാക്കിയ എല്ലാവരെയും ജയിലുകളിൽനിന്ന് കൂട്ടത്തോടെ മോചിപ്പിക്കാൻ അവർ ഉത്തരവിട്ടത്. ഇവരെക്കൂടാതെ ജയിലിലുണ്ടായിരുന്ന 24 -25 ഇന്ത്യാക്കാരും മോചിതരായിട്ടുണ്ട്. ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മലയാളി യുവതികൾ ഇപ്പോൾ എവിടെയാണുള്ളതെന്ന് കേന്ദ്രസർക്കാരിനോ നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്കോ കൃത്യമായ വിവരമൊന്നുമില്ല. എങ്കിലും അവർ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിവരുകയാണ്.
മോചിതരായവർക്ക് മാതൃരാജ്യത്തേക്ക് പോകാൻ വേണ്ട സഹായം ചെയ്തുകൊടുക്കുമെന്ന താലിബാൻ പ്രഖ്യാപനം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ വഴി ഇവർ ഇന്ത്യയിൽ എത്താനുള്ള സാദ്ധ്യതയും ഇന്ത്യൻ രഹസ്യാന്വേഷണഏജൻസികൾ തള്ളിക്കളയുന്നില്ല. ഒരു മൂന്നാം രാജ്യം വഴി ഇവർ നാട്ടിലെത്താനുള്ള സാഹചര്യവും ഇല്ലാതില്ല.
ഈ നാലു യുവതികളെയും കഴിഞ്ഞ വർഷം ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കാബൂളിലെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കാബൂളിലെ സിഖ് ഗുരുദ്വാരയിൽ 2021 മാർച്ച് 25 നു പിഞ്ചുകുഞ്ഞുങ്ങളടക്കം 27 പേർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥർ വീണ്ടും ഇവരെ ചോദ്യം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് മഹാമാരിമൂലം അത് നടന്നില്ല.
ഇന്ത്യൻ വിരോധിയായ താലിബാൻ ഉപനേതാവ് സിറാജുദീൻ ഹഖാനി ഈ യുവതികളെ ഇന്ത്യൻ ലക്ഷ്യ സ്ഥാനങ്ങൾ ആക്രമിക്കാൻ വേണ്ടി ഐഎസ്ഐയുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുമോ എന്നതാണ് ഇന്ത്യൻ ഏജൻസികളെ അലട്ടുന്ന മുഖ്യ പ്രശ്‍നം.
ഐഎസ് ഭീകരരെ വിവാഹം കഴിക്കാനായി നാടുവിട്ട സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്ന നിലപാട് ബ്രിട്ടൻ, ഫ്രാൻസ്, ബംഗാദേശ് തുടങ്ങി നിരവധി രാജ്യങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 52,808 പേർ സിറിയൻ ജയിലുകളിൽ നരകിച്ചുകഴിയുകയാണ്. അവരെ സ്വീകരിക്കാൻ ഒരു രാജ്യവും തയ്യാറായിട്ടില്ല.