ജനങ്ങളെ പിഴിഞ്ഞ് പിഴയീടാക്കാൻ പോലീസിനും മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്കും ഫ്ലയിങ് സ്‌ക്വാഡിനും നിർദ്ദേശം. ഓരോരുത്തർക്കും ടാർജെറ്റും നിശ്ചയിച്ച സർക്കുലർ പുറത്തിറങ്ങി.
പൊള്ളുന്ന ഇന്ധനവില, കോവിഡ് മഹാമാരി മൂലമുണ്ടായ തൊഴിലില്ലായ്മ, വിലക്കയറ്റവും സാമ്പത്തികബുദ്ധി മുട്ടുകളും മൂലം സാധാരണക്കാരുടെ ജീവിതം തന്നെ ദുസ്സഹമായിമാറിയ ഇക്കാലത്ത് ഇതാ മോട്ടോർ വാഹന വകുപ്പ് ജനങ്ങളെ പരമാവധി പിഴിയാനായി കച്ചമുറുക്കി രംഗത്തിറങ്ങുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകമായി ടാർജറ്റ് നിശ്ചയിച്ചിരിക്കുകയാണ്.
വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഇനിമുതൽ 500 പേരിൽ നിന്നായി 4 ലക്ഷം രൂപ പിഴയീടാക്കണം എന്നാണ് നിർദ്ദേശം. ചെറിയ പിഴവ് പോലും വലിയ പിഴയ്ക്ക് വഴിയൊരുക്കും. കാരണം അവർക്ക് ടാർജറ്റ് തികയ്ക്കണം.
ഫ്ലയിങ് സ്‌ക്വാഡ് ആകും കൂടുതൽ കണിശക്കാർ. കാരണം സ്‌ക്വാഡിലെ മൂന്ന് അസി. എംവിഐമാർക്കും ഓരോ മാസവും 500 കേസുകൾ രജിസ്റ്റർ ചെയ്യുകയും അതുവഴി അവരിൽ നിന്ന് 4 ലക്ഷം രൂപ പിഴയീടാക്കനുമാണ് ടാർജറ്റ് നല്കപ്പെട്ടിരിക്കുന്നത്.
അതായത് ഒരു ഫ്ലയിങ് സ്‌ക്വാഡ് മാസം 16 ലക്ഷം രൂപ ഖജനാവിൽ അടയ്ക്കണമെന്നാണ് ഉത്തരവ്. ആര്‍ടി ഓഫിസിലെ എവിഐമാർ മാസം രജിസ്റ്റർ ചെയ്യേണ്ട കേസുകൾ 75 ൽ നിന്ന് 150 ആയി ഉയർത്തിയിരിക്കുന്നു. പിഴയീടാക്കേണ്ട തുക 50,000 ത്തിൽ നിന്നും 2 ലക്ഷമായി കൂട്ടി.
എംവിഐമാർ 100 കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുപുറമെ ഒന്നരലക്ഷം രൂപ പിഴയായി ഈടാക്കുകയും വേണം. തീർന്നില്ല, ചെക്ക് പോസ്റ്റുകൾക്കും ടാർജറ്റ് നൽകിയിരിക്കുന്നു. വാളയാർ ഇന്നർ ചെക്ക് പോസ്റ്റിലെ ഒരു എവിഐ മാസം 4 ലക്ഷം രൂപയും എംവിഐ 3 ലക്ഷം രൂപയും പിരിച്ചിരിക്കണം. ഔട്ടർ ചെക്ക് പോസ്റ്റിൽ ഇത് യഥാക്രമം 2.5 ലക്ഷവും ഒരു ലക്ഷവുമാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണത്രേ ഈ കൊള്ളയെന്നു പറയപ്പെടുന്നു. ടാർജെറ്റുമായി ബന്ധപ്പെട്ട ഈ സർക്കുലർ പുറത്തുവന്നതോടെ ടാർജറ്റ് ഇല്ലെന്ന് പറഞ്ഞൊഴിയാൻ ഇനി ഗതാഗത കമ്മീഷണർക്കോ സരക്കാരിനോ കഴിയില്ല.
(സൂക്ഷിക്കുക, വാഹനങ്ങളുടെ ആർസി ബുക്ക്, ടാക്സ്, ഇൻഷുറൻസ്, പൊള്യൂഷൻ, വാഹനമോടിക്കുന്ന വ്യക്തിയുടെ ലൈസൻസ്, കൂടാതെ എല്ലാവരും മാസ്ക്ക് ധരിക്കുകയും, ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്താൽ രണ്ടു പേരും ഹെൽമറ്റും, കാറിലാണെങ്കിൽ സീറ്റ് ബെൽറ്റ് ധരിക്കാനും മറക്കാതിരിക്കുക. എല്ലാ ഇൻഡിക്കേറ്ററുകളും കൃത്യമായി വർക്ക് ചെയ്തിരിക്കണം, ബൈക്കിന്റെ മുന്നിലത്തെ രണ്ടു മിററുകളും ആവശ്യമാണ്. വാഹനവുമായി പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങളെല്ലാം ഒകെ ആണെന്ന് ഉറപ്പുവരുത്തുക).