-റസിയ പയ്യോളി
പൂ വിളി പൂ വിളി പൊന്നോണമായി. കാത്തിരുന്ന് മറ്റൊരു ഓണം കൂടി വന്നെത്തി. മറ്റ് ആഘോഷങ്ങളിൽ നിന്ന് ഓണം പല തരത്തിൽ വേറിട്ട കാഴ്ചയും അനുഭവമാണ്. ഒരുക്കിയ പൂക്കളത്തിനരികിൽ നിറപറയിൽ തെങ്ങിൻ പൂക്കുല തിരിയിൽ നിറഞ്ഞ് കത്തുന്ന വിളക്ക് കസവ് സാരിയിലും കസവ് മുണ്ടിലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലയാളി ഓണാ ഘോഷത്തിൻ്റെ മായാത്ത ചിത്രങ്ങളിൽ ഒന്നാണിത്.
ലോകത്തിൻ്റെ ഏത് കോണിലായാലും ഓണാഘോഷത്തിനായി ഒരുങ്ങുന്നവരാണ് മലയാളികൾ. അതൊരു വല്ലാത്ത വികാരമാണ് അത്രയേറെ ഒളിമങ്ങാത്ത ഓർമ്മയാണ് മലയാളിയ്ക്ക് എന്നും ഓണം. വിശേഷിച്ച് കുട്ടി കാലത്തിൻ്റെ ഓണസ്മൃതികൾ ഒരു മറവിയ്ക്കും മൂടാനാവില്ല. അമ്മിയിൽ അരച്ചുണ്ടാക്കിയ സാമ്പാറും മീൻ കറിയും പച്ചടിയും കിച്ചടിയും അവിയലും പായസവും ഉപ്പേരിയുമൊക്കെ നാവിൽ വെള്ളമൂറുന്ന രുചി കൂട്ടുകളായിരുന്നു അന്ന്.
ചാണകം മെഴുകിയ തറയിലെ കൊച്ചപ്പൂ തുമ്പപ്പൂ കാക്കപ്പൂ അരിപ്പൂ ചെട്ടിപ്പൂ കൃഷ്ണകിരീടം പോലുള്ള പൂക്കളും ഒക്കെ ഇന്ന് ഓർമ്മയിൽ മാത്രമാണ്. ഒരു ബട്ടൻ അമർത്തിയാൽ പൂക്കൾ വീട്ടുമുറ്റത്തെത്തും. അതും റെഡിമെയ്ഡ്. തിരക്ക് പിടിച്ച ജീവിതത്തിൽ ഓണസദ്യ ഓൺലൈനായി മാറി കഴിഞ്ഞു. വർണ ശബളമായ ഓണക്കാഴ്ചകൾക്ക് അതൊക്കെ വലിയമങ്ങലേൽപ്പിച്ചു പോയിരിക്കുന്നു.
കുടുംബങ്ങൾ കൂട്ടമായിരുന്ന് പാചകം ചെയ്ത് ഉണ്ണുന്ന അവസ്ഥ എത്ര മനോഹരമായിരിക്കും. പഴയ കാലത്തെ ഒന്നോർത്ത് നോക്കുമ്പോൾ നിരാശ തോന്നും. പുത്തനുടുപ്പുകളിട്ട് കുട്ടികൾ ഊഞ്ഞാലാടി തിമിർക്കുന്ന ആശബ്ദകോലാഹലങ്ങളൊക്കെ എത്ര രസകരമായിരുന്നു. അതൊക്കെ പൈതൃക തനിമ ചോരാതെ പത്തരമാറ്റിൻ്റെ തിളക്കത്തോടെ തിരിച്ച് പിടിക്കണം.
ഇതൊന്നും കാലത്തിൻ്റെ കുഴപ്പമല്ല നമ്മുടെ ചുറ്റുപാടുകൾ മാറ്റിയെടുത്തതാണ്. ഒന്ന് തിരിച്ച്
നടന്നാൽ എല്ലാം കിളിർപ്പിക്കാം. അത്തം തൊട്ട് ആഘോഷ ലഹരിയിലാകുന്ന മലയാളിയ്ക്ക് പ്രളയവും നിപ്പയും കോവിഡും കാരണം ഓണം കരുതലോടെയുള്ള ആഘോഷമായി
മാറിയിരിക്കുന്നു.
പലതരം കലാപ രിപാടികൾ സജീവമാകുന്ന ഓണാഘോഷത്തെ ഇതൊക്കെ കാര്യമായി തന്നെ ബാധിച്ചു. ഇതിൽ നിന്നൊക്കെ നല്ലൊരു മാറ്റത്തിലേക്ക് നാടിനെ നയിക്കാൻ നമുക്കൊന്നിക്കാം. എല്ലാവർക്കും സമ്പൽ സമൃദ്ധിയും സന്തോഷവും സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.