"നോ പാര്‍ക്കിംഗ് " ബോർഡ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ എവിടെയും വാഹനം പാർക്ക് ചെയ്യാമോ ? പാർക്കിംഗ് എന്നാൽ എന്ത് ? അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ...

New Update

publive-image

Advertisment

ചോദ്യം : വാഹനത്തിൽ ഡ്രൈവർ ഉണ്ടെങ്കിലും അനധികൃത പാർക്കിംഗിന് പിഴ അടക്കേണ്ടി വരുമോ?

ഉത്തരം : ഡ്രൈവർ സീറ്റിലുണ്ടെങ്കിലും പാർക്കിംഗ് അല്ലാതാകുന്നില്ല. പലപ്പോഴും അനധികൃത പാർക്കിങ്ങിന് പിഴയടയ്ക്കേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉയർന്നു വരാറുണ്ട്, അതിനാൽ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിംഗ് എന്ന് അറിയേണ്ടതുണ്ട്.

എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാർക്ക് ചെയ്യണം എന്നതും. പാർക്കിംഗ് എന്നത് വിലയേറിയ ഒന്നാണെന്നും, പൊതു സ്ഥലത്തും നിരത്തുകളിലും പാർക്ക് ചെയ്യുന്നത് ഒരു അവകാശമല്ല എന്ന് മനസ്സിലാക്കുക. മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമില്ലാതെ വാഹനം പാർക്ക് ചെയ്യുന്നതാണ് മാന്യനായ ഒരു ഡ്രൈവറുടെ ലക്ഷണം.

ചോദ്യം : പാർക്കിംഗ് എന്നാൽ എന്ത്? (നിർവ്വചനം)

ഉത്തരം : ചരക്കുകളോ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കിടക്കുന്നതും, 3 മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിംഗിന്റെ നിർവ്വചനത്തിൽ വരുന്നു (M. V ഡ്രൈവിംഗ് റെഗുലേഷൻ ക്ലോസ് 2 (J)).

ചോദ്യം : എവിടെയൊക്കെയാണ് പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്?

ഉത്തരങ്ങൾ : • റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസ്സം ഉള്ളതോ ആയ ഭാഗത്ത്.

• കൊടുംവളവിലൊ, വളവിന് സമീപത്തോ.

• ആക്സിലറേഷൻ ലൈനിലോ (Acceleration lane) ഡീസിലറേഷൻ ലൈനിലോ (Deceleration lane)

• റെയിൽവേ ക്രോസിംഗിൽ

• ബസ് സ്റ്റോപ്പ് / ആശുപത്രി സ്കൂൾ എന്നിവയുടെ പ്രവേശന കവാടത്തിനരികിൽ.

• പെഡസ്ട്രിയൻ ക്രോസിംഗിലൊ അതിന് മുൻപുള്ള 5 മീറ്ററിലൊ.

• ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ Give Way Sign എന്നിവയുടെ 5 മീറ്ററിനുള്ളിൽ അല്ലെങ്കിൽ മറ്റ് ഡ്രൈവർമാർക്ക് സിഗ്നലുകൾ കാണാൻ കഴിയാത്ത വിധത്തിൽ നിർത്തുന്നത്.

• ബസ് സ്റ്റാൻഡുകളിൽ ബസ്സുകൾ അല്ലാത്ത വാഹനങ്ങൾക്ക്.

• റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിംഗിലൊ റോഡ് അരികിലെ മഞ്ഞ വരയിലൊ.

• നോ സ്റ്റോപ്പിങ് / നോ പാർക്കിംഗ് സൈൻബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ.

• പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററൊ അതിൽ കൂടുതലൊ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലൊ റോഡിന്റെ ഭാഗങ്ങളിലോ .

• ഫുട്പാത്ത് / സൈക്കിൾ ട്രാക്ക് / പെഡസ്ട്രിയൻ ക്രോസിംഗ് എന്നിവടങ്ങളിൽ .

• ഒരു ഇൻറർസെക്ഷനിലൊ ഇന്റർ സെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമൊ.

• ഒരു പാർക്കിംഗ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ

• തുരങ്കത്തിൽ/ ബസ് ലൈനിൽ.

• ഒരു വസ്തു (Property) യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും.

• പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി

• ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.

• പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.

• പാർക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം.

• ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ.

• വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ.

• ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലൊ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലൊ...
മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നോ പാർക്കിംഗ് സ്ഥാപിച്ചിട്ടില്ലെ ങ്കിൽപോലും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.

ഇനി തീരുമാനിക്കുക... നിങ്ങൾ മാന്യനായ ഒരു ഡ്രൈവർ ആണോ?
( Consumer Complaints & Protection Society)

voices
Advertisment