-അസീസ് മാസ്റ്റർ
ഇരുന്നൂറ് വർഷം നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യമാണ് കേന്ദ്രസർക്കാർ രാജ്യത്തോട് ചെയ്യുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴരപ്പതിറ്റാണ്ട് ആയപ്പോഴത്തേക്കും സ്വാതന്ത്ര്യപ്പോരാളികളെ, അവരുടെ ത്യാഗോജ്ജല ജീവിതത്തെ അടയാളപ്പെടുത്തിയ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് സംഘപരിവാർ കേന്ദ്രങ്ങളും കേന്ദ്ര സർക്കാറും ചെയ്തു വരുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികളിലാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാർ.
വെള്ളക്കാർക്കെതിരെയുള്ള 1921 ലെ മലബാർ സമരം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ശിപാർശ എത്രമാത്രം ലജ്ജാകരമാണ്.
സ്വന്തം ജീവനും ജീവിതവും നാടിനായി സമർപ്പിച്ച രക്തസാക്ഷികളെ ഒന്നാകെ ലോകത്തിന് മുന്നിൽ അപമാനിക്കുന്ന തീരുമാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം. കാരണം അവർ നൽകിയ സംഭാവനയിലാണ് ഇന്ന് ഭാരതം ഒരു സ്വതന്ത്ര രാജ്യമായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്.
നിർഭാഗ്യകരമെന്ന് പറയട്ടെ നെഹ്റുവും കോൺഗ്രസ് പ്രസ്ഥാനവും ഭരിച്ച് സ്വന്തമാക്കിയ ഇന്ത്യയെ ഏതാനും കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുത്ത കേന്ദ്രസർക്കാർ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന നിരവധി തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു ഉളുപ്പും കാണിക്കാറില്ല എന്നതാണ് വാസ്തവം. ഇപ്പോൾ മതത്തിൻ്റെ പേരിൽ ഇന്ത്യാ ചരിത്രത്തെ പൊളിച്ചെഴുതുന്ന തിരക്കിലാണെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല.
നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ പാരമ്പര്യത്തെയാണ് സംഘപരിവാർ കേന്ദ്രങ്ങൾ തകർക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ സംഘപരിവാർ പ്രസ്ഥാനത്തിന് തുടക്കമിട്ടവർ യാതൊരുവിധ സ്വാതന്ത്ര്യ പോരാട്ടത്തിൽ സംഭാവന ചെയ്തില്ലെന്നും പകരം സായ്പ്പുമാരുടെ നല്ല സർട്ടിഫിക്കറ്റ് സ്വന്തമാക്കാനുള്ള പാദസേവകരായി മാറുകയായിരുന്നുവെന്ന ചരിത്രം തിരുത്തി ഞങ്ങളാണ് യഥാർത്ഥ ദേശസ്നേഹികൾ എന്ന് വരും തലമുറയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലബാർ മാപ്പിള സമരത്തെ കുരുതി കൊടുക്കുന്നത്.
ദേശീയപതാകയെ അതിൻ്റെ എല്ലാ ആദരവോടു കൂടിയും ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ അറിയാത്ത, ദേശീയഗാനം തെറ്റാതെ ചൊല്ലാൻ അറിയാത്ത സംഘപരിവാർ ബുദ്ധിജീവികളാണ്, രാജ്യസ്നേഹം രക്തത്തിലലിഞ്ഞ 387 രക്തസാക്ഷികൾ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതക്ക് അനുകൂലമോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ല എന്ന മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തൽ എത്ര വിചിത്രമാണെന്ന് നോക്കണം.
സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഓം ജീ ഉപാധ്യായ് പറഞ്ഞു.
ഈ രാജ്യത്തെ ജീവനു തുല്യം സ്നേഹിച്ചവരുടെ യഥാർത്ഥ ചരിത്രം വളച്ചൊടിച്ച് വരും തലമുറയെ വഴിതെറ്റിക്കാനുള്ള സംഘപരിവാർ കേന്ദ്രങ്ങളുടെ ശ്രമത്തോടുള്ള പ്രതിഷേധം രാജ്യസ്നേഹികൾ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.
സത്യവും നീതിയും ന്യായവും കൊണ്ട് സമ്പന്നമായ ഒരു കാലത്തെ നിലനിറുത്താൻ ചരിത്രത്തോളം പങ്ക് മറ്റൊന്നിനുമില്ല. വ്യക്തവും ശക്തവുമായ ചരിത്രസത്യങ്ങൾ നിലനിറുത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമൊപ്പമാണ് സായാഹ്നവും. എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.