-സിപി കുട്ടനാടൻ
ബഹുമാന്യ സത്യം ഓൺലൈൻ വായനക്കാരെ, നമസ്കാരം. ഈ ലേഖന പരമ്പരയുടെ പേര് കേട്ട് ആരും നെറ്റി ചുളിയ്ക്കേണ്ട. ഇതിൻ്റെ ആവശ്യം ഇപ്പോൾ എന്ത് എന്ന സംശയം എല്ലാവരുടെയും ഉള്ളിൽ തോന്നുന്നുണ്ടാവും. അതേപ്പറ്റി ഞാൻ ആദ്യം വിശദമാക്കാം.
ഗാന്ധി ഘാതകൻ എന്ന പഴികേട്ട് തമസ്കരിയ്ക്കപ്പെട്ട ശബ്ദമാണ് ഗോഡ്സേയുടെത്. ഗോഡ്‌സെ പറയുന്നത് തെറ്റോ ശരിയോ എന്നുപോലും വിലയിരുത്താൻ ഇന്ത്യക്കാർ തയ്യാറല്ല. കാരണം ഒന്നുമാത്രം 'ഗാന്ധിഹത്യ'. മഹാത്മാ ഗാന്ധി എന്ന ബിംബം ഇന്ത്യൻ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞുപോയതാണ് ഇതിന് കാരണം
എന്നാൽ അങ്ങനെ മതിയോ എന്ന ചോദ്യം ഓരോ ജനാധിപത്യ വാദിയും അവനവനോട് തന്നെ സ്വയം ചോദിയ്ക്കേണ്ടതാണ്. ജനാധിപത്യത്തിൽ ഗോഡ്‌സെയുടെ ശബ്ദത്തിന് സ്ഥാനമില്ല എന്ന് കരുതുന്നവൻ്റെ ജനാധിപത്യ ബോധത്തിന് എന്തോ തകരാറുണ്ട്. ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുന്ന എല്ലാ വ്യക്തികളും ജനാധിപത്യ മൂല്യങ്ങളാൽ സമ്പുഷ്ടരാകുമ്പോൾ മാത്രമേ മൂല്യാധിഷ്ഠിത ജനാധിപത്യം സാദ്ധ്യമാവുകയുള്ളൂ.
"സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജീവിതതത്ത്വങ്ങളായ ഒരു ജീവിതരീതിയാണ് ജനാധിപത്യം. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഒരു ത്രിത്വത്തിലെ വിഭിന്ന ഘടകങ്ങളല്ല. അവ ത്രിത്വത്തില്‍ ഇഴുകി ചേര്‍ന്നവയാണ്. സമത്വമില്ലെങ്കില്‍ സ്വാതന്ത്ര്യം പലര്‍ക്കുമേല്‍ കുറച്ചു പേരുടെ ആധിപത്യമുണ്ടാക്കുന്ന ലോകം സൃഷ്ടിക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തികളുടെ മേധാശേഷിയെ സംഹരിക്കും. സാഹോദര്യമില്ലെങ്കില്‍ സ്വാതന്ത്ര്യവും സമത്വവും നാട്യങ്ങളായി മാറും.'' _ ഡോ. അംബേദ്‌കർജി പറഞ്ഞ വാക്കുകളാണിത്.
ഈ സ്വാതന്ത്ര്യം കല്പിച്ചു തരുന്ന അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ മുതലായ ഗാന്ധി സാഹിത്യത്തിലൂടെയുള്ള ഗാന്ധിജിയെ മാത്രമേ നാം പരിചയപ്പെട്ടിട്ടുള്ളൂ. അതിനാൽ തന്നെ അംബേദ്കറുടെ വീക്ഷണത്തിലെ ഗാന്ധിജിയെ നാം മനസിലാക്കിയിട്ടില്ല. അതുപോലെ മറ്റു പലരുടെയും വീക്ഷണത്തിൽ ഗാന്ധിജി ആരായിരുന്നു എന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.
നാഥുറാം ഗോഡ്‌സെയെപ്പറ്റി തെറ്റിദ്ധാരണാജനകമായ വസ്തുതാപരമല്ലാത്ത പലതും പ്രചരിപ്പിയ്ക്കപ്പെടുമ്പോൾ അതൊക്കെ തെറ്റാണെന്നും വസ്തുത ഇന്നതാണെന്നും അറിയാവുന്നവന് കൂടെ അത് പുറത്തു പറയാൻ സാധിയ്ക്കാത്ത സ്ഥിതിവിശേഷം ഇവിടെ നിലനിൽക്കുന്നുണ്ട്. അത് ആരോഗ്യകരമായ ജനാധിപത്യം പുലരുന്ന സമൂഹത്തിന് ഭൂഷണമല്ല.
ജനാധിപത്യമെന്നും, ആവിഷ്ക്കാര സ്വതന്ത്ര്യമെന്നും, അഭിപ്രായ സ്വതന്ത്ര്യമെന്നുമൊക്കെ ഇടയ്ക്കിടെ പ്രയോഗിയ്ക്കുന്ന ചിലകൂട്ടരുണ്ട്, എന്നാൽ ഇതൊക്കെ അവർ പറയുന്നത് അവരുടെ അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ചും ആവിഷ്കാര സ്വതന്ത്ര്യത്തെക്കുറിച്ചുമൊക്കെയാണ്. മറ്റുള്ളവരുടെ ഇത്തരം അവകാശങ്ങൾക്ക് അവരുടെ അധികാര പരിധിയിൽ പുല്ലുവിലയാണ്.
അതായതു ഇത്തരം പദപ്രയോഗങ്ങൾ അവരുടെ വെറും നമ്പറാണ് (അടവുനയം). അങ്ങനെയുള്ളവർക്ക് ഒരിയ്ക്കലും ഗോഡ്‌സെയുടെ വാക്കുകൾ കേൾക്കാൻ ക്ഷമയുണ്ടായിരിക്കണമെന്നില്ല. എന്നാൽ ജനാധിപത്യത്തിന് ഗോഡ്‌സെയുടെ ശബ്ദം കേട്ടേ മതിയാകൂ. കാരണം ജനാധിപത്യം എന്നത് സത്യമായ സർവത്തിൻ്റെയും സമ്മതമാണ്.
ഗോഡ്‌സെ നാഥുറാം വിനായക് ഗോഡ്‌സെ വിചാരണ കോടതിയിൽ നൽകിയ മൊഴി പുസ്തക രൂപത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള പുസ്തകത്തിൻ്റെ പേര് 'May it please Your Honour' എന്നാണ്. കോൺഗ്രസ്സ് നേതൃത്വം നൽകിയ ഇന്ത്യാഗവണ്മെൻ്റ് ഈ പുസ്തകത്തിൻ്റെ പ്രസാധനം നിരോധിച്ചിരുന്നു.
പിന്നീട് കോടതിയുടെ അനുമതിയോടെ 1989ലാണ് ഈ പുസ്തകം വെളിച്ചം കണ്ടത്. അതിൻ്റെ അധികം കോപ്പികളൊന്നും ലഭ്യമല്ല. ചിലർ ഈ പുസ്തകത്തിൻ്റെ മലയാള തർജ്ജമയുണ്ടാക്കി. അതിൻ്റെ ഭാഗങ്ങളാണ് സത്യം ഓൺലൈൻ വായനക്കാർക്കായി ഖണ്ഡശഃയായി പ്രസിദ്ധീകരിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നത്.
മേല്പറഞ്ഞ പുസ്തകം മാത്രമല്ല നാഥുറാം ഗോഡ്‌സെയുടെ സഹോദരനും ഗാന്ധിവധക്കേസിലെ പ്രതിയുമായിരുന്ന ഗോപാൽ ഗോഡ്‌സെ തൻ്റെ ശിക്ഷാ കാലാവധിയിൽ ജയിലിലിരുന്ന് രചിച്ച 'ഗാന്ധിഹത്യ ആണിമി' എന്ന മറാത്തി ഭാഷയിലുള്ള പുസ്തകവും നിരോധിയ്ക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും ലഭ്യമായ ചില വിവരങ്ങളും അനുബന്ധമായി ചേർത്താണ് ഈ ഖണ്ഡശഃ തയ്യാറാക്കുന്നത്.
ആരായിരുന്നു ഗോഡ്‌സെ, എന്തായിരുന്നു അദ്ദേഹത്തിൻ്റെ പശ്ചാത്തലം എന്നിവ നമുക്ക് പരിശോധിയ്ക്കാം. 1910 മെയ് 19ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ പോസ്റ്റൽ ജീവനക്കാരനായ വിനായക് വാമൻറാവു ഗോഡ്സേക്കും ലക്ഷ്മിക്കും അഞ്ചാമത്തെ സന്താനമായിട്ടാണ് രാമചന്ദ്ര ജനിക്കുന്നത്. ഗോഡ്‌സെ കുടുംബം മറാത്തി ചിത്പാവൻ ബ്രാഹ്മണ സമൂഹത്തിലുള്ളതാണ്.
ആദ്യം പിറന്ന 3 ആൺ മക്കൾ അകാലത്തിൽ മരിക്കുകയും, തുടർന്ന് ജനിച്ച പെൺകുഞ്ഞ് അസുഖമൊന്നും ഏശാതെ വളർന്നു വരികയും ചെയ്തതിനു ശേഷമാണ് രാമചന്ദ്രയുടെ ജനനം. അതുകൊണ്ട്, സ്വാഭാവികമായും, തങ്ങളുടെ ആദ്യത്തെ 3 പുത്രന്മാരുടെയും ജീവൻ അപഹരിച്ച യമദേവൻ അവശേഷിക്കുന്ന പുത്രനെയും തങ്ങളിൽ നിന്ന് അടർത്തി മാറ്റുമോ എന്ന ഭയത്താൽ, ആ ദമ്പതികൾ തങ്ങളുടെ മകനെ പെണ്ണായി വളർത്താൻ തീരുമാനിച്ചു.
മൂക്ക് തുളച്ച്, പെൺകുട്ടികളെപ്പോലെ മൂക്കുത്തിയൊക്കെ അണിയിച്ചാണ് രാമചന്ദ്രയെ വളർത്തിയത്. കുഞ്ഞ് വളർന്നു വന്നപ്പോൾ രാമചന്ദ്ര എന്ന പേര് ലോപിച്ചു റാം എന്നായി ചുരുങ്ങി. നഥ്നി എന്നാൽ മൂക്കുത്തി. മൂക്കുത്തിധാരിയായ റാം എന്ന അർത്ഥത്തിൽ അവനെ 'നഥൂറാം' എന്ന് എല്ലാവരും വിളിച്ചു തുടങ്ങി.
അടുത്തതായി ഒരു ആൺകുഞ്ഞ് ജനിച്ചിട്ടും നഥൂറാമിൻ്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്ക് ഉലച്ചിലൊന്നും തട്ടാതിരുന്നപ്പോള്‍ മാത്രമാണ് അവനിൽ നിന്ന് സ്ത്രീ സൂചകമായ ചിഹ്നങ്ങൾ മാറ്റാൻ അച്ഛനുമമ്മയും തയ്യാറായത്. അനുജൻ ജനിച്ച ശേഷം മൂക്കുത്തിയും, സ്ത്രീവേഷവുമെല്ലാം മാറിയെങ്കിലും 'നഥൂറാം' എന്ന പേരുമാത്രം അവനെ വിട്ടുമാറിയില്ല.
കൗമാരത്തിൽ തന്നെ അസാമാന്യമായ കായികബലവും കേളീപാടവവും പ്രകടിപ്പിച്ചിരുന്നു നഥൂറാം. ആവശ്യത്തിന് ബുദ്ധിയൊക്കെ ഉണ്ടായിരുന്നു എങ്കിലും പഠിപ്പിൽ വളരെ മോശമായിരുന്ന നഥൂറാം അതുകൊണ്ടുതന്നെ മെട്രിക്കുലേഷൻ പാസായില്ല.
അന്ന് സർക്കാർ ജോലി കിട്ടണമെങ്കിൽ മെട്രിക്കുലേഷൻ വേണമായിരുന്നു. അതുകൊണ്ട് ആ യോഗമുണ്ടായില്ല. നിസ്സഹകരണ പ്രസ്ഥാനം കൊണ്ടുപിടിച്ച് പ്രചരിപ്പിക്കപ്പെടുന്ന കാലമാണത്. തൻ്റെ കൗമാരകാലത്ത് നഥൂറാമും അനുജൻ ഗോപാലും തികഞ്ഞ ഗാന്ധി ഭക്തന്മാരായിരുന്നു. സ്‌കൂൾ കാലത്ത് ഗാന്ധിജി തന്നെയായിരുന്നു ഇരുവരുടെയും റോൾ മോഡലും.
1929ൽ ഗോഡ്‌സെ കുടുംബം ബാരാമതിയിൽ നിന്ന് രത്നഗിരിയിലേക്ക് താമസം മാറ്റുന്നു. അവിടെ വെച്ച് വിനായക് ദാമോദർ സവർക്കറിൻ്റെയും ഹിന്ദു മഹാസഭയുടെയും ആശയങ്ങളെ പരിചയിക്കുന്നതാണ് നഥൂറാമിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്.
ഭാരതം നേരിടുന്ന പ്രശ്‍നങ്ങളും അതിൻ്റെ പരിഹാരവും ചിന്തിയ്ക്കുന്ന ഒരു കൂട്ടം യുവാക്കളുടെ മധ്യത്തിലേയ്ക്ക് ഗോഡ്‌സെ എത്തപ്പെട്ടു. രാഷ്ട്രം വിഭജിയ്ക്കപ്പെടുമെന്ന ഘട്ടത്തിൽ അവർ പലരും അക്രമാസക്തരായി. മതവെറിപൂണ്ട ഇസ്‌ലാമിക ഭീകരതയുടെ മുസലങ്ങളിൽ ഹൈന്ദവരക്തം പുരണ്ട് രാഷ്ട്രം വെട്ടിമുറിയ്ക്കപ്പെട്ടു.
മുസ്ലിം പ്രീണനത്തിൻ്റെ മറുകര കണ്ട മഹാത്മാവാണ് എല്ലാ പ്രശനങ്ങൾക്കും കാരണം എന്ന് ഒരുപറ്റം യുവാക്കൾ വിശ്വസിച്ചു. അതിൽ ന്യായവുമുണ്ടായിരുന്നു. അങ്ങനെ അവർ മഹാത്മാ ഗാന്ധിയെ വധിയ്ക്കാൻ നിരവധി തവണ ഒരുമ്പെട്ടു. പക്ഷെ പലപ്പോഴും ലക്‌ഷ്യം കണ്ടില്ല.
അങ്ങനെ അവർ ഒരു ശ്രമം കൂടെ നടത്തി, അത് 1948 ജനുവരി 30നു വൈകീട്ട് 5 മണിയ്‌ക്കായിരുന്നു. മഹാത്മാഗാന്ധി തൻ്റെ പതിവ് പ്രാര്‍ത്ഥനാ യോഗത്തിനു പോകുമ്പോള്‍ നാഥുറാം വിനായക ഗോഡ്‌സെ അദ്ദേഹത്തെ വെടിവച്ചു. മറാത്തി ചിത്പാവൻ ബ്രാഹ്മണൻ്റെ തോക്കിൽ നിന്നുതിർന്ന ബുള്ളറ്റ് ഗുജറാത്തി ബനിയ ബ്രാഹ്മണൻ്റെ ജീവനെടുത്തു. മഹാത്മജി ഇന്ത്യയോട് വിടപറഞ്ഞു.
വെടിവച്ച ഗോഡ്‌സെ രക്ഷപെടാൻ ശ്രമിച്ചില്ല. നാഥുറാം പോലീസിനു കീഴടങ്ങി. കൊലപാതക കുറ്റം ചുമത്തി ഗോഡ്സെയ്ക്കെതിരെ പോലീസ് കേസെടുത്തു. (രാഷ്ട്രീയ തർക്കങ്ങളിൽ ഗോഡ്‌സെ രാജ്യദ്രോഹിയാണെന്ന് പലരും പറയുന്നത് കേൾക്കാം എന്നാൽ രാജ്യദ്രോഹ കുറ്റമല്ല അദ്ദേഹത്തിനെതിരെ നെഹ്രുവിൻ്റെ പോലീസ് ചുമത്തിയത്. കൊലപാതക കുറ്റമാണ്) ഗാന്ധിവധം വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി ചെങ്കോട്ടയില്‍ ആരംഭിച്ചു.
അടുത്ത ലക്കം മുതൽ കോടതിയുടെ വിചാരണയും സാക്ഷി വിസ്താരവുമൊക്കെ വിവരിയ്ക്കാം. ഗാന്ധി വധത്തെ ന്യായീകരിക്കുവാനോ ഗോഡ്‌സെയെ വെള്ളപൂശാനോ ഞാൻ ഉദ്ദേശിയ്ക്കുന്നില്ല. മറിച്ച് ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ നയിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭാരതം നേരിടുന്ന ആനുകാലിക സംഭവ വികാസങ്ങളെ ചര്‍ച്ച ചെയ്യാന്‍ കഴിയുമോ എന്ന പരിശ്രമം മാത്രമാണ്.
'പൗരസമൂഹത്തിൻ്റെ അവകാശങ്ങളോട് ഭരണകൂടം പുലര്‍ത്തുന്ന ബഹുമാനമാണ് ഒരു രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തെ സാക്ഷാത്കരിക്കുന്നത്. ഭരണകൂടം, അധാര്‍മ്മികതയുടെയും അന്യായത്തിൻ്റെയും കൂടാരമാവുമ്പോള്‍ ചെറുത്തു നില്‍പ് പൗരസമൂഹത്തിൻ്റെ ബാദ്ധ്യതയും ചുമതലയുമാണ്'
ഈ വാചകങ്ങളോടെ ആമുഖമായ ഇത്രയും കാര്യങ്ങൾ അവസാനിപ്പിയ്ക്കുന്നു.
തുടരും...