കാബൂൾ എയർ പോർട്ടിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,000 ആളുകളെ അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ഇപ്പോഴും കാബൂൾ എയർ പോർട്ട് പരിസരത്ത് ഏകദേശം 14000 ആളുകളാണ് രാജ്യത്തുനിന്ന് പുറത്തുപോകാനായി കാത്തുകിടക്കുന്നത്.
ഇന്ത്യ ഇതുവരെ 700 ആളുകളെ അഫ്‌ഗാനിസ്ഥാനിൽ നിന്നും രാജ്യത്തെത്തിച്ചിരിക്കുന്നു. ഇന്ത്യക്ക് ഒരു ദിവസം രണ്ടു ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ അമേരിക്ക അനുവാദം നൽകിയിട്ടുണ്ട്.
അമേരിക്കയുടെ ഈ ധൃതിപിടിച്ച ഒഴിപ്പിക്കലിനുപിന്നിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണികൂടിയാണ്. " താലിബാൻ അമേരിക്കയുടെ വാലാട്ടികൾ " എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി പ്രഖ്യാപിച്ചത്. താലിബാനുമായുള്ള ശത്രുത തുറന്നു വെളിപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കാബൂൾ എയർ പോർട്ടിൽ ആക്രമണം നടത്താനുള്ള സാദ്ധ്യതകൾ ആരും തള്ളിക്കളയുന്നില്ല.
താലിബാനെ ഇന്ത്യ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതോടെ ഇന്ത്യക്കെതിരേ രൂക്ഷമായ നടപടികളാണ് താലിബാൻ നേതൃത്വം കൈക്കൊള്ളുന്നത്. ഇന്ത്യയുമായുള്ള വാണിജ്യവ്യാപരബന്ധം അവസാനിപ്പിച്ചതും അഫ്‌ഗാനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളുടെ ലോക്കുകൾ തകർത്തു നടത്തിയ പരിശോധനയും ഇതിന്റെ ഭാഗമാണ്.
താലിബാനോടുള്ള രാജ്യങ്ങളുടെ സമീകരണങ്ങൾ മാറിമറിയുകയാണ്. 1996 ൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആദ്യമായി അധികാരം പിടിച്ചെടുത്തപ്പോൾ അന്ന് അവരെ അംഗീകരിച്ചത് പാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ എന്നീ മൂന്നു രാജ്യങ്ങളായിരുന്നു.
എന്നാൽ ഇന്ന് സൗദിയും, യുഎഇയും ഈ വിഷയത്തിൽ മൗനം തുടരുന്നു എന്നുമാത്രമല്ല രാജ്യം വിട്ട അഫ്‌ഗാൻ പ്രസിഡന്റിന് യുഎഇ അഭയവും നൽകിയിരിക്കുകയാണ്. ഇതിനുള്ള മുഖ്യകാരണം താലിബാനും ഇറാനും തമ്മിലുള്ള രഹസ്യ ധാരണകളും അജണ്ടകലുമാണെന്ന് അനുമാനിക്കാം.
സൗദി അറേബ്യയുടെ 2020 ലെ മാത്രം സൈന്യ ബജറ്റ് 5700 കോടി ഡോളറിന്റേതായിരുന്നു. ഇത് ലോകരാജ്യങ്ങളുടെ മുഴുവൻ സൈനിക ബജറ്റിന്റെ ഏകദേശം 3 % വരും. സൗദി അറേബ്യ ഇത്രയും തുക ചെലവാക്കുന്നതിനുപിന്നിൽ ഇറാനുമായുള്ള അവരുടെ ശത്രുതതന്നെയാണ്.
ഇപ്പോൾ ചൈന, റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ താലിബാനാനുകൂലമായ നിലപാടുകൾ കൈക്കൊള്ളുമ്പോൾ കാത്തിരുന്നു കാണുക എന്ന രീതിയാണ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.