ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ... (ലേഖനം)

New Update

publive-image

-അസീസ് മാസ്റ്റർ

Advertisment

കോവിഡ്പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ സാധാരണക്കാർക്കെതിരേ കുറ്റവും ശിക്ഷയും പിഴയും ഈടാക്കുന്ന ആഭ്യന്തര വകുപ്പ്  എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്ന ക്രിമിനൽ കേസ്സുകൾ പിൻവലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത് വക വെക്കാതെയാണ് കേരളം കേസ് പിൻവലിച്ചതെന്ന ഗുരുതരമായ പ്രശ്നം പൊതുസമൂഹത്തിന് മുൻപാകെയുള്ളത്.

ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 ക്രിമിനൽ കേസുകളും, ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലിൽ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്.

തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ച് കേസുകളും, കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

അഭിഭാഷകനായ ടി.ജി.എൻ നായരാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ നടപടികൾ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എംപി മാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ 170 കേസുകളുടെ വിചാരണയാണ് നിലവിൽ പൂർത്തിയാക്കാനായി ഉള്ളത്.

പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരിൽ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോൺഫെറൻസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്.

വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിൽ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. സാധാരണക്കാർ കോടതി വ്യവഹാരങ്ങളിൽപ്പെട്ട് കാലവും നേരവും നഷ്ടപ്പെടുമ്പോഴാണ് ക്രിമിനൽ കുറ്റകൃത്യം ചെയ്ത എംഎൽഎമാരും എംപിമാരും കേസിൽ നിന്നും മുക്തരായിരിക്കുന്നത്. അതും പരമോന്നത കോടതിയുടെ വാക്ക് ധിക്കരിച്ചു കൊണ്ട്.

ഏതായാലും സമൂഹത്തിൽ രണ്ട് നീതിയാണെന്ന വസ്തുത ബോധ്യപ്പെടുത്തിയ സർക്കാറിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മുകളിലുദ്ധരിച്ചത്. തുല്യനീതിക്ക് വേണ്ടി ശബ്ദിക്കുന്ന തലമുറക്കേ ഈ നാടിൻ്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തിക്കാനാവുകയുള്ളൂ. എല്ലാവർക്കും നന്മകൾ നേരുന്നു. ജയ്ഹിന്ദ്.

voices
Advertisment