പേർഷ്യയിൽ നിന്നുള്ള 5 സിംഹങ്ങൾ എന്നർത്ഥം വരുന്ന അഫ്ഗാനിസ്ഥാനിലെ പഞ്ചഷേർ പ്രവിശ്യ, സോവിയറ്റ് അധിനിവേശകാലത്തും താലിബാൻ ഭരണത്തിലും അചഞ്ചലമായി നിലനിന്നിരുന്നെങ്കിൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്.
കൂടുതൽ കരുത്തോടെ ആധുനിക ആയുധങ്ങളും സൈനിക സന്നാഹങ്ങളും കൈവശമുള്ള താലിബാനുമുന്നിൽ പോരാടാൻ പോലും നിൽക്കാതെ കീഴടങ്ങിയ അഫ്‌ഗാനിലെ 33 പ്രവിശ്യകളുടെയും സ്ഥിതി വച്ചുനോക്കുമ്പോൾ പഞ്ചശീർ പ്രവിശ്യയുടെ കാര്യത്തിലും ഉത്കണ്ഠ നിഴലിക്കുന്നുണ്ട്.
താലിബാന് സാമ്പത്തികസഹായം വൻതോതിൽ ലഭിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും കൂടാതെ പാക്കിസ്ഥാൻ, തുർക്കി, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും അവർക്ക് സഹായം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് ആധുനിക യന്ത്രത്തോക്കുകളും ആയുധങ്ങളും വാഹനങ്ങളും പതിനായിരക്കണക്കിന് സൈനികരുൾപ്പെടെയുള്ള സന്നാഹങ്ങളും കൊണ്ട് അവർ സുസജ്ജരായിരിക്കുന്നത്. കൂടാതെ ഇപ്പോൾ അഫ്‌ഗാൻ സേനയിൽ നിന്നും അമേരിക്കൻ സഖ്യരാഷ്ട്രങ്ങളിൽ നിന്നും അവർക്കു ലഭിച്ച ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും വേറെയുമുണ്ട്.
വലിയ മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ താഴ്വരായാണ് പഞ്ചശീർ. 7 ജില്ലകളിലായി കേവലം 512 ഗ്രാമങ്ങൾ. ആകെ ജനസംഖ്യ 1.73 ലക്ഷം. സൈനികർ 10,000 പേരുണ്ടെന്നാണ് അനൗദ്യോഗിക വിവരം. സൈനിക സന്നാഹം സംബന്ധിച്ച ഒരു വിവരവും പഞ്ചശീർ പ്രവിശ്യാതലവൻ അഹമ്മദ് മസൂദ് പുറത്തു വിട്ടിട്ടില്ല. മലകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഒളിപ്പോർ യുദ്ധത്തിൽ പ്രാവീണ്യം സിദ്ധിച്ചവരാണ് പഞ്ചശീർ പടയാളികൾ.
കൂറ്റൻ ഹിന്ദുക്കുഷ് മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചശീർ താഴ്വരയിലേക്കുള്ള ഒരേയൊരു പ്രവേശനകവാടം പഞ്ചശീർ നദി മാത്രമാണ്. നാടിനെ ശത്രുപാളയങ്ങളിൽനിന്നകറ്റുന്ന ഘടകവും ഇതുതന്നെയാണ്.
അൽ ഖായിദയുടെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചശീർ സിംഹം എന്നറിയപ്പെട്ടിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകനാണ് ഇപ്പോഴത്തെ പ്രവിശ്യാ തലവൻ അഹമ്മദ് മസൂദ്.
മരതകത്തിന് പേരുകേട്ട പഞ്ചശീർ സാമ്പത്തികമായും നല്ല നിലയിലാണ്. താലിബാൻ അധികാരമേൽക്കും മുൻപുതന്നെ അഫ്‌ഗാനിൽ നിന്ന് അവർ സ്വയം ഭരണം നേടുകയും ചെയ്തിരുന്നു. കാബൂളിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് പഞ്ചശീർ താഴ്വര.
അഫ്‌ഗാനിൽ നിന്നും വ്യത്യസ്തമായി താജിക്കിസ്ഥാൻ വംശജരാണ് പഞ്ചശീർ നിവാസികൾ ഭൂരിഭാഗവും. ഇവർക്ക് സഹായങ്ങൾ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്.
ഹിന്ദുപുരാണത്തിലെ പഞ്ചപാണ്ഡവരുടെ ചരിത്രവുമായി പഞ്ചശീർ താഴ്വരയ്ക്കും ഗാന്ധാരദേശത്തിനും (കാണ്ഡഹാർ) ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.
താലിബാനും പഞ്ചശീർ നേതൃത്വവും തമ്മിൽ നേരിട്ടുള്ള യുദ്ധമോ അതോ അനുരഞ്ജനത്തിൻ്റെ പാതയോ ഏതാകും തെരഞ്ഞെടുക്കുക എന്നാണ് ലോകം ഇനി ഉറ്റുനോക്കുക.