അധ്യാപകര്‍ മെന്റര്‍മാരാകണം... (ലേഖനം)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

-അഡ്വ. ചാര്‍ളിപോള്‍
(MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍)

Advertisment

ആചാര്യന്‍, ഗുരു, ടീച്ചര്‍, ഫെസിലിറ്റേറ്റര്‍, ഗൈഡ്, എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് അധ്യാപകര്‍ അറിയപ്പെട്ടിരുന്നത്. എക്കാലവും അധ്യാപകസമൂഹം പൊതുമനസ്സില്‍ സ്വീകാര്യരും ആദരണീയരുമാണ്. ഒരു തൊഴില്‍ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ മഹനീയവും ഉന്നതവുമായ സ്ഥാന മാണ് സമൂഹം കല്പിച്ചുനല്‍കിയിട്ടുള്ളത്.

ഓരോ സാമൂഹികചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നില്‍ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നതായി ചരിത്രസംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും. ഈ കോവിഡ് കാലഘട്ടത്തിലും അധ്യാപകദൗത്യം വളരെ പ്രാധാന്യമേറിയതാണ്. എല്ലാതലങ്ങ ളിലും അരക്ഷിതത്വത്തിലായ കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപകര്‍ മെന്റര്‍മാരും കൗണ്‍സിലര്‍മാരും ആകേണ്ടതുണ്ട്.

മെന്റര്‍ എന്ന വാക്കിന് മാര്‍ഗദര്‍ശി, പരിചയസമ്പന്നനും വിശ്വസ്തനുമായ ഉപദേഷ്ടാവ് എന്നാണ് അര്‍ത്ഥം. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷം കുട്ടികളില്‍ ഒരു ചെറിയ ശതമാനത്തിനെങ്കിലും ടിവി, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല. പലര്‍ക്കും ഓണ്‍ലൈന്‍പഠനത്തിന് നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ട്. ഇവ പരിഹരിക്കാന്‍ സര്‍ക്കാരും ജനകീയ കൂട്ടായ്മ കളും അധ്യാപകരും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നുയെന്നത് ആശ്വാസകരമാണ്.

സ്‌ക്കൂളില്‍ പോകാതെയും അധ്യാപകരോടും കൂട്ടുകാരോടും നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയാതെയും വീടിനുള്ളില്‍ കഴിയേണ്ടി വരുന്ന വിദ്യാര്‍ത്ഥികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി കേരള വിദ്യാഭ്യാസ ഗവേഷണപരിശീലന സമിതി (എസ്. സി.ഇ. ആര്‍.ടി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും അമിതോപയോഗം, വിഷാദരോഗലക്ഷണങ്ങള്‍, ഉത്കണ്ഠ, ഏകാന്തത, വൈകാരിക നിയന്ത്രണത്തിലുള്ള ബുദ്ധി മുട്ടുകള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ അളവില്‍ ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന പ്രക്രിയയാണ് ഇപ്പോള്‍ പ്രധാനം. അതിനാല്‍ ഒരു കൗണ്‍സിലറിന്റെയും മെന്ററിന്റെയും റോളാണ് അധ്യാപകന്‍ ഈ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ടത്.

ഒരുപക്ഷേ എല്ലാ അധ്യാപകരും അതിനായി ശാസ്ത്രീയ പരിശീലനം ലഭിച്ചവരാകണമെന്നില്ല. എങ്കിലും കുട്ടികളുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ തയ്യാറാകുമ്പോള്‍ അവര്‍ക്ക് ആശ്വാസമാകും.

പരിചയസമ്പന്നരോട് സംസാരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം. ചിലര്‍ക്കെങ്കിലും മാനസികപ്രശ്‌നങ്ങളുണ്ടാകാം. അവരെ പ്രൊഫഷണല്‍ കൗണ്‍സിലിങ്ങിനോ ചികിത്സക്കോ വിധേയരാക്കേണ്ടിവരും. സ്‌നേഹവും സഹാനുഭൂതി യുമാണ് മെന്റര്‍ക്കുവേണ്ട പ്രഥമഗുണം. കുട്ടികള്‍ക്ക് തുറന്നു സംസാരിക്കാന്‍ കഴിയണം.

കുട്ടികളോട് സുഹൃത്തു ക്കളെന്നപോലെ പെരുമാറണം. ആത്മബന്ധം സ്ഥാപിക്കണം. അവരെ പ്രചോദിപ്പിക്കണം, മോട്ടിവേറ്റ് ചെയ്യണം, ദിശാബോധം പകരണം, അഭിനന്ദിക്കണം. അങ്ങനെ ഏത് പ്രതിസന്ധിയുടെ നടുവിലും ശക്തിപകരാന്‍ അധ്യാപകര്‍ക്ക് കഴിയുമ്പോഴാണ് അധ്യാപകന്‍ മെന്ററായി മാറുന്നത്.

പരാജയചിന്ത, നിരാശ, ആക്രമണസ്വഭാവം, അരക്ഷിതത്വം, നീരസം, ശൂന്യത, അനിശ്ചിതത്വം എന്നിങ്ങനെ ഏഴ് തരം പ്രശ്‌നങ്ങളുടെ പിടിയിലാകും കോവിഡ് കാലത്തെ കുട്ടികള്‍. അതിന്റെ പിടികളില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ സര്‍ഗാത്മകചിന്തകള്‍ കുട്ടികള്‍ക്ക് അധ്യാപകര്‍ പകര്‍ന്നുനല്‍കണം.

ഭിന്നശേഷിക്കാരായ കുട്ടികള്‍, ശ്രവണ-കാഴ്ച പരിമിതിയുള്ളവര്‍, പഠനവൈകല്യങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പരിമിതിയുണ്ട്. അവര്‍ക്ക് വ്യക്തിപരമായ അടുപ്പവും ശ്രദ്ധയും ആവശ്യമുണ്ട്. പാഠഭാഗങ്ങള്‍ മുഖാമുഖം ചര്‍ച്ചചെയ്യു മ്പോള്‍ കിട്ടുന്ന പഠനാനുഭവവും സംശയനിവാരണവും ഊര്‍ജവും ഓണ്‍ലൈനില്‍ ലഭ്യമാക്കാനാകില്ല.

മറ്റനേകം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ട്. അതെല്ലാമാണ് ഒരു വിദ്യാര്‍ത്ഥിയെ ഉത്തമ മനുഷ്യനായി രൂപപ്പെടുത്തുന്നത്. ഈ രൂപാന്തര പ്രക്രിയ ഓണ്‍ലൈനിലൂടെ സാധ്യമല്ല. ഇതിന്റെയൊക്കെ പ്രതിഫലനം കുട്ടികളി ലുണ്ടാകും. ഏകാന്തത, അസ്വസ്ഥത, പിരിമുറുക്കം എന്നിവ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ക്ക് ശക്തികുറയ്ക്കാനും ആശ്വാസം പകരാനും പ്രതീക്ഷയും പ്രത്യാശയും നല്‍കുവാനും അധ്യാപകനെന്ന മെന്റര്‍ക്ക് സാധിക്കണം.

ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചവരാണ് നമ്മള്‍. ''ഈ കാലവും കടന്നുപോകും, നമ്മള്‍ അതിജീവിക്കും'' എന്ന ശുഭാപ്തി ചിന്ത അനുദിനം കുട്ടികളില്‍ നിറയ്ക്കുക. ''ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. ഓരോ ദിവസവും എന്റെ ആത്മവിശ്വാസവും മനോധൈര്യവും വര്‍ദ്ധിച്ചുവരുന്നു. ഏത് പ്രതികൂലസാഹചര്യങ്ങളെയും നേരിടാന്‍ എനിക്ക് സാധിക്കും. എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു; ബഹുമാനിക്കുന്നു. എനിക്ക് എന്റെ മനസിനെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കും. ഞാന്‍ ഉന്മേഷവാനാണ്; ഊര്‍ജസ്വലനാണ്'' എന്ന ഓട്ടോ സജക്ഷന്‍ ദിവസവും പലവട്ടം ആവര്‍ത്തിക്കാന്‍ കുട്ടികളോട് പറയുക.

വാക്ക് ഊര്‍ജമാണ്. ആത്മധൈര്യവും ആത്മവിശ്വാസവും പകരുന്ന വാക്കുകള്‍ ഉപയോഗിക്കുക. കരുത്താകുക; കരുത്തേകുക.

voices
Advertisment