-അഡ്വ. ചാര്‍ളിപോള്‍
(MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍)
സമൂഹമാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന്റെ ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവം.
പോലീസും മാധ്യമങ്ങളും മറ്റ് ബന്ധപ്പെട്ടവരും എത്രയോ വട്ടം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രണയപ്രതികാരക്കൊലകള്‍ നടക്കുക യാണ്. തങ്ങള്‍ക്ക് ചതി പറ്റില്ലെന്നും തങ്ങളുടെ അടുപ്പക്കാരന്‍ അങ്ങനെയുള്ളയാളല്ലെന്നും ഓരോരുത്തരും കരുതുന്നു.
നെല്ലിക്കുഴി സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ കണ്ണൂര്‍ നാറാത്ത് സ്വദേശിനി ഡോ. പി.വി.മാനസയും നവമാധ്യമത്തിലൂടെയാണ് പ്രതി തലശ്ശേരി മേലൂര്‍ സ്വദേശി രാഖില്‍ പി.രഘുത്തമനെ പരിചയപ്പെടുന്നത്.
ഒരുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയബന്ധരാകുകയും പിന്നീട് വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ അകലുകയും പോലീസ് സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കു കയും ചെയ്തതാണ്. പക്ഷെ പ്രണയനിരാസം കൊലയും ആത്മഹത്യയുമായി മാറുകയാണുണ്ടായത്.
മാനസികവും ബൗദ്ധികവുമായ അടുപ്പത്തിലൂടെയുള്ള പ്രണയബന്ധമല്ല, നവമാധ്യമങ്ങളിലൂടെയുള്ള വലവീശിപ്പിടുത്തമാണ് ഇത്തരം പല സംഭവങ്ങളിലും കാണാന്‍ കഴിയുന്നത്.
നവമാധ്യമങ്ങളിലൂടെ യാദൃച്ഛികമായി പരിചയപ്പെടുക, നിര്‍ദോഷമായി ചാറ്റിങ്ങിലൂടെ അത് വളര്‍ന്ന് അടുപ്പമാവുക. ആ അടുപ്പം പ്രണയമാണെന്ന് കരുതുക. കൂടുതല്‍ അടുത്തറിയുമ്പോള്‍ ഒത്തുപോകാന്‍ പറ്റില്ലെന്ന് കണ്ട് പിന്മാറുക. അത് പിന്നീട് പകയായി മാറുകയും അപവാദപ്രചരണവും അതിക്രമവും തുടര്‍ന്ന് ആത്മഹത്യയിലോ കൊലപാതകത്തിലോ കലാശിക്കുക. ഇതാണ് ഇത്തരം സംഭവങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത്.
ഗുരുതരമായ മാനസിക വൈകല്യമാണത്. ചികിത്സയാണ് പോംവഴി. പോലീസ് സന്ധിസംഭാഷണം നടത്തി ഒതുക്കി തീര്‍ക്കാതെ, പ്രശ്‌നക്കാരെ കൗണ്‍സിലിംഗിന് അയക്കണം. ചികിത്സിക്കണം.
വ്യക്തിത്വ വൈകല്യങ്ങള്‍, സംശയരോഗം പോലുള്ള മാനസികപ്രശ്‌നങ്ങള്‍ എന്നിവ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണമാകാം. സാമൂഹിക വിരുദ്ധ വ്യക്തിത്വം (ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍) ഉള്ള ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
Narcisstsiic Personaltiy Disorder (NPD) ഉള്ളവര്‍ ഇത്തരം ഭീകരകൃത്യങ്ങള്‍ ചെയ്യാറുണ്ട്. ഇങ്ങനെയുള്ളവരുമായി പ്രേമത്തിലോ വിവാഹത്തിലോ ഏര്‍പ്പെട്ട് പരിയുകയാണെങ്കില്‍ ഇവര്‍ പിന്നീട് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല.
ഏതെങ്കിലുമൊക്കെ വിധത്തില്‍ നിങ്ങളെ പിന്തുടര്‍ന്ന് ദ്രോഹിക്കും. തങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവിധം ഇവര്‍ കുരുക്കുകള്‍ തീര്‍ക്കും. കെട്ടുപിണഞ്ഞ വിവിധ മാനസികപ്രശ്‌നങ്ങളും, വൈകല്യങ്ങളും ഇവരിലുണ്ടാകും. ചിലരില്‍ നാര്‍സിസിസ്റ്റിക് ഡിസോര്‍ഡറിനോടൊപ്പം സൈക്കോപതി, ബൈപോളാര്‍, ബോര്‍ഡര്‍ ലൈന്‍ ഡിസോര്‍ഡര്‍, പാരനോയിയ അല്ലെങ്കില്‍ സംശയരോഗം എന്നിങ്ങനെ കാണാറുണ്ട്.
ഇത്തരക്കാര്‍ക്ക് ഇര തന്നില്‍ നിന്ന് അകലുന്നു എന്നു കണ്ടാല്‍ അസഹ്യമായ അസ്വസ്ഥത അനുഭവപ്പെടും. സ്വന്തം വ്യക്തിത്വത്തില്‍ വലിയ മതിപ്പുള്ള ഇവര്‍ ഈ അകല്‍ച്ചയെ തങ്ങളുടെ പരാജയമായി കണ്ട് വലിയ പ്രതികാരത്തിന് മുതിരുന്നു. ഇവര്‍ ഇരയുടെ ചുറ്റിലും നിരീക്ഷണവലയം തീര്‍ത്ത് ഇരക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും.
വരുതിയിലാകില്ലെന്നുറപ്പായാല്‍ ഇരയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും സ്വയം ഇല്ലാതാകുകയും ചെയ്യുന്നു. അതൊരു വീര കൃത്യമായിട്ടാണ് അവര്‍ക്ക് അനുഭവപ്പെടുക. ദിവസങ്ങളോളം ഉറക്കമില്ലാതെ പ്രതികാരദാഹവുമായി നടന്ന് പാളാത്ത ആസൂത്രണം നടത്തിയാണ് ഇക്കൂട്ടര്‍ കൊല നടത്തുക.
ചെയ്തുപോയ കാര്യത്തില്‍ കുറ്റബോധം ഇവരില്‍ മിക്കപ്പോഴും ഉണ്ടാകാറില്ല. ജനിതക കാരണങ്ങളും വളര്‍ന്ന സാഹചര്യങ്ങളും വൈയക്തികപ്രകൃതവും ഇത്തരക്കാരെ സൃഷ്ടിച്ചേക്കാം.
സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒറ്റയടിക്ക് പരിഹാരം കാണാനാകില്ല. പരിഷ്‌കൃത സമൂഹത്തില്‍ ഇടപെടേണ്ട രീതികളെക്കുറിച്ചും ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അവബോധം ഉണ്ടാക്കണം.
പുതിയകാലം സാമൂഹിക ബന്ധങ്ങളെ കുറക്കുകയും അവനവനിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നത് മാനസികമായ വരള്‍ച്ചയുണ്ടാക്കും. അത് മാറ്റി ആര്‍ദ്രതയുണ്ടാക്കുന്നതിനുള്ള സാമൂഹിക പരിശ്രമങ്ങള്‍ നടക്കണം. ബന്ധങ്ങളിലെ പരസ്പരബഹുമാനം, സ്ത്രീപുരുഷ തുല്യത, ജനാധിപത്യ ബോധം എന്നിവ കുടുംബാന്തരീക്ഷത്തില്‍ നിന്ന് തന്നെ പഠിക്കണം. 'നോ'' എന്ന വാക്കിനെ സഹിഷ്ണുതയോടെ കേള്‍ക്കണം.
മനസ്സിന് താങ്ങാന്‍ കഴിയാത്ത കാര്യങ്ങളുണ്ടാകുമ്പോള്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ സേവനം തേടണം. അതിരുകടന്ന വൈകാരികത ഒരു മനോരോഗമാണെന്ന് തിരിച്ചറിയുക. നവമാധ്യമങ്ങളിലൂടെ അപരിചിതരുമായി ബന്ധങ്ങള്‍ സ്ഥാപിക്കരുത്. ചതിയുടെ ലോകമാണത്. വ്യക്തികളെക്കുറിച്ച് പഠിക്കാതെ സൗഹൃദംപോലും കാണിക്കരുത്. ഭാവിയില്‍ ബ്ലാക്ക് മെയിലിംഗിന് സാധ്യതയുണ്ടെന്ന് കരുതിവേണം ഇടപെടലുകള്‍.
ഒത്തുപോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍ നിന്ന് പതുക്കെ, സമയമെടുത്ത്, നയപരമായി വേണം പിന്മാറ്റം നടത്തുവാന്‍. ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുവാന്‍ പ്രപ്തരാകുക. മാനസികാരോഗ്യം കൈവരിക്കുക.