കോവിഡാനന്തര മന: പ്രയാസത്തിൽ മുപ്പതോളം പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് 20,134 പേരാണ് ഇന്നുവരെ കോവിഡ് ബാധിച്ചു മരിച്ചത്. കേരളത്തെ വിടാതെ കൊറോണ... (ലേഖനം)

New Update

publive-image

-അസീസ് മാസ്റ്റർ

Advertisment

ചൈനീസ് ഉത്പന്നങ്ങളോടുള്ള പ്രിയം മലയാളികൾക്ക് അൽപ്പം കൂടുതലാണ് എന്നത് സാർവ്വാംഗീകാരമുള്ള തമാശയാണ്. മലയാളികളുടെ ജീവിതത്തിൽ അത്ര ആഴത്തിൽ ചൈനീസ് ഉത്പന്നങ്ങൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. വിലക്കുറവും ഭംഗിയുമാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റുന്നത്.

അങ്ങനെ ചൈനീസ് മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ നൂറ്റാണ്ടിലേറ്റവും മഹാമാരിയായ കൊറോണ വൈറസ് കേരളത്തെ വരിഞ്ഞു മുറുക്കിയിട്ട് വർഷം മൂന്നാവാൻ പോകുന്നു. കേരളത്തെ കോവിഡ് ഇനിയും കൈയ്യൊഴിഞ്ഞില്ല.

ലോകമാകെ സ്തംഭിപ്പിച്ച കൊറോണ ക്കെതിരേ കേരളം കൈ കൊണ്ട ആദ്യകാല നടപടികൾ ലോക രാഷ്ട്രങ്ങളുടെ പ്രശംസക്കും അത് ഒന്നാം പിണറായി സർക്കാറിൻ്റെ തുടർ ഭരണത്തിനും ഗുണകരമായി തീർന്നതും നമുക്കെല്ലാം ബോധ്യമുള്ള കാര്യമാണ്.

കോവിഡ് പല വകഭേദങ്ങൾക്കും വഴിമാറി. കേരളം സുരക്ഷിതമായപ്പോഴും ഉത്തരേന്ത്യൻ ജനത കോവിഡിൻ്റെ മുന്നിൽ ശ്വാസം മുട്ടി പിടഞ്ഞ് മരിച്ചു. അപ്പോഴല്ലൊം സമാശ്വാസത്തിൻ്റെ വാർത്തകളാണ് മുഖ്യമന്ത്രി സായാഹ്ന നേരങ്ങളിൽ പങ്കുവെച്ചിരുന്നത്.

ഗുണനിലവാരത്തിൽ ഏറെ പഴികേട്ടെങ്കിലും കിറ്റും പെൻഷനും മുടങ്ങാതെ കിട്ടിയത് ഒരു നേരത്തിന് അന്നത്തിന് വകയില്ലാത്ത ലക്ഷക്കണക്കിന് പേർക്ക് ആശ്വസവുമായി. എന്നാൽ കോവിഡിൻ്റെ പ്രതിരോധ മാർഗമെന്ന നിലയിൽ അടച്ചിടലിൽ താളം തെറ്റിയ സാമ്പത്തിക മാന്ദ്യത്തിന് പകച്ചു നിന്ന ജനത ഇളവുകളിൽ പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ ചെയ്ത ക്രൂരതയോടു മുഖം തിരിച്ച രണ്ടാം പിണറായി സർക്കാറിനെതിരേയുള്ള അമർഷം രാഷ്ട്രീയ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് അലയടിച്ചു.

വിമർശനങ്ങളിൽ പോലും പാഠം പഠിക്കാത്ത ഉദ്യോഗസ്ഥ മേധാവികൾ തങ്ങളുടെ തിട്ടൂരം സാധാരണക്കാരുടെ മേലിൽ കാണിച്ചു തുടങ്ങി.

മദ്യഷാപ്പുകൾക്ക് നൽകിയ ഇളവുകൾ അഷ്ഠിക്ക് വക കണ്ടെത്താൻ വെളിയിലിറങ്ങിയ പാവങ്ങൾക്ക് അനുവദിക്കാത്ത ഭരണ നേട്ടം ചെറുതൊന്നുമല്ല കേരളത്തെ പ്രയാസപ്പെടുത്തിയത്.
ലോകത്തും എന്തിനേറെ പറയുന്നു, ഇന്ദ്രപ്രസ്ഥത്തിലും തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് പേർ തെരുവിൽ മരിച്ചു വീഴുമ്പോൾ കേരളത്തിൽ നാം സുരക്ഷിതരായി വീടിനകത്ത് കഴിഞ്ഞു.

എന്നാൽ കോവിഡാനന്തര മന: പ്രയാസത്തിൽ മുപ്പതോളം പേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,134 പേരാണ് ഇന്നുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 2020 മാർച്ച് 28 നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം നടന്നത്.

ആദ്യതരംഗത്തിൽ, 2021 മാർച്ച് മാസം പകുതി വരെ ആകെ സംഭവിച്ചത് 4406 മരണങ്ങളാണെങ്കിൽ രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ മൂന്നിരട്ടി മരണങ്ങളാണ് നാം കാണുന്നത്. ഏറെ പരിശ്രമങ്ങളുണ്ടായിട്ടും രണ്ടാം തരംഗത്തിലെ ഉയർന്ന മരണനിരക്കിനെ ഇനിയും പിടിച്ചു നിർത്തായിട്ടില്ല എന്ന് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നു.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ഗൗരവതരമായ വിഷയം ഈ മരണക്കണക്കിലുണ്ട്. 2021 ഏപ്രിൽ വരെ കേരളത്തിലെ പ്രതിമാസ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടില്ല.

രണ്ടാം തരംഗത്തിൽ പ്രഹരശേഷിയേറിയ ഡെൽറ്റ വൈറസിന്റെ വരവോടെ മെയ് മാസത്തിൽ തന്നെ മരണം 3507 ആയി മാറിയത്. ഇതേത്തുടർന്ന് ജൂൺ ഏഴിന് കേരളത്തിലെ ആകെ കോവിഡ് മരണസംഖ്യ 10,000 കടന്നു. ജൂൺ മാസത്തിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങൾ സംഭവിച്ചത് - 4450 പേരാണ് ജൂണിൽ കോവിഡ് ബാധിച്ചു മരിച്ചത്. പിന്നീട് ജൂലൈയിൽ 3546 പേരും ഓഗസ്റ്റിൽ ഇതുവരെ 3353 പേരും മരണമടഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരിലധികവും പുരുഷന്മാരാണ്,

കോവിഡ് നെഗറ്റീവായ ശേഷവും കോവിഡനന്തര പ്രശ്നങ്ങളാൽ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിനിടെ ഏറെ കൂടിയിട്ടുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഓണം അവധി കഴിഞ്ഞുള്ള ദിനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പേടിപ്പെടുത്തുന്നവിധം വർദ്ധിച്ചിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞിട്ടുമില്ല.

അതേസമയം ഇനിയും അടച്ചിടുന്നത് ഒരു പ്രതിവിധിയാകുന്നുമില്ല. സാമൂഹ്യ അകലവും മാസ്ക്കും സാനിറ്റൈസറും മാത്രമാണ് നമുക്ക് തുണയാവുക. ഒപ്പം കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുക്കുകയും ചെയ്യുക. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം I പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ പരമാവധി ജാഗ്രത പാലിക്കുക.

വാക്സിനെടുക്കുന്നത് കോവിഡ് മൂലമുള്ള മരണത്തെ അകറ്റി നിർത്തുമെന്നതിനാൽ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. നല്ലൊരു നാളെയെ വരവേൽക്കാൻ പ്രയത്നിക്കുന്ന എല്ലാവർക്കും ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

voices
Advertisment