സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണയാണെന്റെ കേരളം... (ലേഖനം)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

-ബീയാർ പ്രസാദ് ആലപ്പുഴ

Advertisment

മലയാളചലച്ചിത്ര ഗാനശാഖയെ കാൽപ്പനിക സൗന്ദര്യമുള്ള വിരൽസ്പർശം കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട് നിരവധി കവികൾ. അതിൽ വേറിട്ട ഒരു മാർഗ്ഗത്തിലൂടെ സഞ്ചരിച്ച കവിയാണ് യൂസഫലി കേച്ചേരി.

1984 ൽ 'ആയിരംനാവുള്ള മൗനങ്ങൾ' എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. അദ്ദഹത്തിൻറേതായി നിരവധി ചലച്ചിത്ര ഗാനങ്ങൾ മലയാളത്തിനു ലഭിച്ചു.സംസ്കൃത ഭാഷയിലും സാഹിത്യത്തിലും ആധികാരികമായ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

1963 ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മൂടുപടം' എന്ന ചിത്രത്തിലൂടെയാണ് യൂസഫലി കേച്ചേരി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. കർമ്മംകൊണ്ട് അഭിഭാഷകനായിരുന്നു എങ്കിലും നിർമ്മാതാവ് സംവിധായകൻ ഗാനരചയിതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് അദ്ദേഹം.

മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' അദ്ദേഹമാണ് നിർമ്മിച്ചത്.മരം എന്ന ചിത്രം 1972 ൽ അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തിലെ അതിപ്രശസ്തരായിട്ടുള്ള സംഗീതസംവിധായകരുടെ എല്ലാം ആലിംഗനം ലഭിച്ചിട്ടുള്ള ഗാനങ്ങളാണ് അദ്ദേഹത്തിൻറേത്.

ഹിന്ദുസ്ഥാനി ഗസലുകളേയും സംസ്കൃത ശ്ലോകങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന യൂസഫലി കാല്പനിക കവിതയുടെ പതിനാലാംരാവും നിലാവും നമുക്ക് പകർന്നു തന്നിട്ടുണ്ട്. തികച്ചും വ്യത്യസ്തങ്ങളായുള്ള രചനാ സമ്പ്രദായം കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിൻറെ ഗാനങ്ങൾ.

2001ൽ വിനയൻ സംവിധാനം ചെയ്ത 'കരുമാടിക്കുട്ടൻ' എന്ന ചിത്രത്തിലെ ആമുഖ ഗാനം കേരളത്തിൻറെ സൗന്ദര്യാതിരേകത്തെ വർണ്ണിക്കുന്നതാണ്."സഹ്യസാനു ശ്രുതിചേർത്തു വെച്ച മണിവീണയാണ് കേരളം" എന്നാണ് തുടക്കം.

കുന്നലനാടിനെ വർണ്ണിക്കുന്ന നിരവധി ഗാനങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് ഈ ഗാനം. മോഹൻ സിതാര സംഗീത സംവിധാനം നിർവഹിച്ചു. യേശുദാസിൻറെ മധുരശബ്ദത്തിൽ നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഒരു വലിയ സൗന്ദര്യ ധോരണിയിൽ അകപ്പെട്ട് നമ്മൾ അന്തംവിട്ടു പോവുകയും ചെയ്തു.

കേരളത്തെ കുറിച്ച് എഴുതുമ്പോൾ മഹാകവികളെ ല്ലാംതന്നെ സഹ്യപർവ്വതത്തെയും അറബിക്കടലിനെയും പരാമർശിച്ചിട്ടുണ്ട്. "സഹ്യസാനു ശ്രുതിചേർത്തു വെച്ച മണിവീണയാണെൻറെ കേരളം
നീലസാഗരമതിൻറെ തന്ത്രിയിലുണർത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയിലലയിടുന്ന കള നിസ്വനം"

സഹ്യപർവ്വതത്തിൻറെയും അറബിക്കടലിൻറെയും ഇടയിൽ കിടക്കുന്ന ഹരിതാഭ നിറഞ്ഞ ഒരു ഭൂപ്രദേശമാണു കേരളം.കുറഞ്ഞ സ്ഥലത്ത് മലകളും സമുദ്രവും നദികളും പച്ചപ്പും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യത്യസ്തതയുടെ ഒരു കേദാരം.ഏറ്റവും പ്രധാനം തെങ്ങുകളുടെ ആധിക്യമാണ്. കേരളം എന്ന പേരുതന്നെ തെങ്ങിൽനിന്നുണ്ടായതാണ്.

സഹ്യപർവ്വതത്തെ പലരും പല തരത്തിലും വർണ്ണിച്ചിട്ടുണ്ടെങ്കിലും അത് ശ്രുതി ചേർത്ത് വച്ച ഒരു വീണയാണ് എന്ന പരാമർശം ആദ്യമായിരിക്കാം.നമ്മുടെ കലകൾ, സംസ്കാരം, സാമുദായിക ഐക്യം, അതിഥികളെ സ്വീകരിക്കുന്ന മനോഭാവം എല്ലാം ശ്രുതി ചേർത്തു വെച്ചിരിക്കുകയാണ്.

പ്രകൃതിയുടെ വൈവിധ്യങ്ങളും വ്യത്യസ്ത സ്വഭാവ സവിശേഷതകളും ഭാഷയുടെ ലാളിത്യവുമെല്ലാം സമരസപ്പെട്ടിരിക്കുന്നു. എല്ലാം സമസ്വരതയിലാക്കി വച്ചിരിക്കുന്നു. ഏതുനിമിഷവും ഒരു മനോഹര ഗാനം പൊഴിക്കാം. ഒരു വിരൽസ്പർശം മാത്രം മതി. ഇലകളുടെ മർമ്മരവും കിളിനാദങ്ങളും സുന്ദര സംഗീതമാകുന്നു. അതാണ് നമ്മുടെ കേരളം.

എത്ര മനോഹരമായ വരികൾ! നീലനിറമാർന്ന സമുദ്രത്തിരമാലകൾ ആ വീണാ തന്ത്രികളിൽ സംഗീതത്തിൻറെ സ്വരസാന്ത്വനം ഉണർത്തുന്നു. അതാണിവിടെ സമാധാനം പുലരാൻ കാരണമാകുന്നത്.

‘ഹരിതഭംഗി കളിയാടിടുന്ന വയലേലകൾക്കു നീർക്കുടവുമായ്
നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികൾ ചോലകൾ
ഓ...ശ്യാമ കേരകേദാരമേ, ശാന്തി നിലയമായ് വെൽക നീ'

നദികൾ കൊണ്ടു സമ്പന്നമാണ് നമ്മുടെ നാട്.പച്ചപ്പുനിറഞ്ഞ വിളഭൂമിയായ വയലേലകൾക്കു തണ്ണീർക്കുടവുമായി നൃത്തമാടി വരികയാണ് പാട്ടുകാരികളായ നിരവധി നദികൾ.നിറഞ്ഞു വിളഞ്ഞുനിൽക്കുന്ന തെങ്ങുകളുടെ ശ്യാമാഭയുണ്ട്. അങ്ങനെയുള്ള നമ്മുടെ കേരളം ശാന്തിനിലയമായി ജയിക്കട്ടെ എന്ന് കവി ആശംസിക്കുന്നു.

‘പീലി നീർത്തി നടമാടിടുന്നു തൈത്തെങ്ങുകൾ കുളിർത്തെന്നലിൽ
കേളികൊട്ടിലുയരുന്നു കഥകളിക്കേളി ദേശാന്തരങ്ങളിൽ
ഓ... സത്യധർമ്മ കേദാരമേ സ്നേഹ സദനമായ് വെൽക നീ'

തൈത്തെങ്ങുകൾ അതിൻറെ ഓലത്തുഞ്ചങ്ങൾ മയിൽപ്പീലി പോലെ വിടർത്തി കുളിർകാറ്റിൽ നൃത്തമാടുകയാണ്. കേരളീയമായ നാട്യ വൈഭവമാണ് കഥകളി എന്ന കല.അതിൻറെ കലാത്മകമായ ഔന്നത്യം ദേശാന്തരങ്ങളിൽ പ്രശസ്തമായിക്കഴിഞ്ഞു.

കഥകളി ഉണ്ടെന്നുള്ള അറിയിപ്പു മേളത്തിന് കേളി എന്നു പറയുന്നു. കേളിക്ക് കഥകളിയുടെ തുടക്ക മേളം, പ്രശസ്തി എന്നീ രണ്ടർത്ഥവും വരും. ഹരിതശോഭയും കഥകളിയുമായി ബന്ധമുണ്ട്. ഒരു കലാരൂപത്തിൻറെ മുഖത്ത് പച്ചനിറം ലോകത്തൊരിടത്തും ഉണ്ടായിരിക്കില്ല. എല്ലാ വികാരങ്ങളുടെയും ഭാവസ്ഫുരണത്തിന് പച്ചനിറത്തിനുള്ള സാധ്യത മോഡേൺ ആർട്ട് പോലും ഇത്രയധികം കണ്ടെത്തിയിട്ടില്ല. മുഖത്ത് പച്ചനിറമുള്ള ഒരു ജീവി പോലും ലോകത്തില്ല.

കാൽപനിക സങ്കല്പത്തിലെ സൗന്ദര്യ ഹരിതാഭയാണത്. മാത്രമല്ല സത്യ ധർമ്മ കേദാരമാണ് ഇവിടം. നൂറ്റാണ്ടുകളായി നമ്മുടെ പാരമ്പര്യം അതാണ്. നമ്മൾ ഒരു വ്യത്യാസവും ആരിലും കണ്ടിരുന്നില്ല. ലോകമെമ്പാടും നിന്ന് നിഷ്കാസിതരായ ജനതയെ പോലും മടിത്തട്ടിലേക്ക് ആനയിച്ച് സൽക്കരിച്ചവരാണ് നമ്മൾ. എല്ലാ വൈദേശിക ധാരകളെയും ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞിരുന്നു.

എല്ലാ മതങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ശ്രുതി ചേർത്തു സമന്വയിപ്പിക്കുവാനുള്ള ഉൾക്കരുത്ത് കേരളത്തിന്റെ സംസ്കൃതിക്കുണ്ട്. സത്യത്തിനും ധർമ്മത്തിനും മാർഗ്ഗം തെളിയിച്ച നിരവധി രാജാക്കന്മാർ നമുക്ക് ഉണ്ടായിരുന്നു. അവർ ഉണ്ടാക്കിവെച്ച സംസ്കൃതിയിലാണ് ഇന്നും നമ്മൾ കാലുറപ്പിച്ച് നിൽക്കുന്നത്. തന്നേക്കാളേറെ മറ്റുള്ളവരെ കരുതുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് നമുക്കുള്ളത്. അതിൻറെ തിരിച്ചടികൾ പലപ്പോഴും മോശമായ രീതിയിൽ നമുക്ക് വന്നിട്ടുണ്ട്.

എങ്കിലും അതും സഹിക്കുവാൻ നമ്മൾ തയ്യാറായിരുന്നു. സ്നേഹ സദനമായി ഇനിയും നമ്മൾ വിജയിക്കട്ടെ.ഉയർച്ചയിലേക്ക് കേരളം മുന്നേറട്ടെ. അങ്ങേയറ്റം കേരളത്തെ സ്നേഹിക്കുകയും അതിൻറെ വൈവിധ്യത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുകയും ചെയ്യുന്നു കവി.കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഈ മനോഹര ഗാനം നമ്മുടെ മനസ്സിലേക്ക് ഓടി വരട്ടെ! യൂസഫലി എന്ന കവി വിജയിക്കട്ടെ!

ഹൃദ്യവും സാന്ദ്രവുമായ ഭാവത്തിലാണ് മോഹൻ സിതാര ഇതിന് ഈണം പകർന്നിരിക്കുന്നത്. വലിയ ബഹളങ്ങളൊന്നും അതിൽ ഉപയോഗിച്ചിട്ടില്ല. കേരളത്തിൻറെ മാത്രമായ സ്വര സവിശേഷതകളും ശാലീന നിഷ്കളങ്കതയും ദ്യോതിപ്പിക്കുന്ന മോഹനാലാപനം കൂടിയുണ്ട് അതിന് മാറ്റുകൂട്ടുവാൻ.

രചന, സംഗീതം, ആലാപനം എന്നിവയുടെ മികവാണ് ഈ ഗാനം നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നതിനു കാരണം. കേരളത്തിൻറെ ഒരു മുദ്രാഗാനമെന്ന നിലയിൽ മലയാളികൾ ഇതു നെഞ്ചിലേറ്റുന്നു. വൈകാരികമായ സത്യസന്ധതയോടെ മനസ്സിൽ നന്മ നിറയ്ക്കുവാൻ ഇത് പര്യാപ്തമാണ്. ജയിക്കട്ടെ കേരളം!

voices
Advertisment