ഉരുളയ്ക്ക് ഉപ്പേരി കണക്കേ ഇംഗ്ലീഷ് കാണികളുടെ കളിയാക്കലിന് ചുട്ട മറുപടി നൽകി അവരുടെ വായടപ്പിച്ചു നമ്മുടെ ക്രിക്കറ്റ് ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജ്.
സംഭവം ഇങ്ങനെ: ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ മൂന്നാം ടെസ്റ്റ് മാച്ച് ഇപ്പോൾ ലീഡ്‌സിൽ നടക്കുകയാണ്. മുഴുവൻ ഇന്ത്യൻ ടീമും ഒന്നാം ഇന്നിങ്സിൽ കേവലം 78 റൺസിന് പുറത്താക്കുകയും ചെയ്തു. ഇംഗ്ലണ്ട് അവരുടെ ഒന്നാം ഇന്നിങ്സിൽ ഇപ്പോൾ 423/8 എന്ന മികച്ച സ്കോറിലുമാണ്.
ഇന്നലെ കളി നടക്കവേ ബോളിങ് കഴിഞ്ഞശേഷം ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ ബോളർ മുഹമ്മദ് സിറാജിനു നേരേ കാണികൾ കുപ്പികളും ബോളുകളും എറിഞ്ഞത് വിവാദമായിരുന്നു.
അത് തണുത്തപ്പോൾ കാണികളിൽ ചിലർ അടുത്ത നമ്പരുമായി സിറാജിനുനേരേ തിരിഞ്ഞു. ഇംഗ്ലണ്ട് വമ്പൻ സ്‌കോർ നേടിയെന്ന വ്യംഗത്തോടെ മനപ്പൂർവ്വം ആക്ഷേപിക്കുക എന്ന ലക്ഷ്യവുമായി അവരിൽ ഒരു കൂട്ടർ തുടരെത്തുടരെ സിറാജിനോട് ചോദിച്ചു: സിറാജ് സ്‌കോർ എത്രയായി ?
ഒടുവിൽ സഹികെട്ട സിറാജ് ആംഗ്യം കാണിച്ചുകൊണ്ട് ചുട്ട മറുപടി നൽകി "ഇന്ത്യ 1 - 0 ത്തിനു മുന്നിലാണ്". അതോടെ ആ ആരവം നിലച്ചു. ബഹളക്കാർ സ്ഥലം കാലിയാക്കി. കഴിഞ്ഞ ടെസ്റ്റ് ജയിച്ച ഇന്ത്യ സീരീസിൽ 1 - 0 ത്തിനു മുന്നിലാണ്.
സിറാജിനുനേരേ ഈ വർഷമാദ്യം നടന്ന ഇന്ത്യൻ ടീമിന്റെ ആസ്‌ത്രേലിയൻ പര്യടനത്തിലും കാണികളിൽ നിന്ന് വളരെ മോശമായ രീതിയിൽ വംശീയ അധിക്ഷേപം നടക്കുകയുണ്ടായി. അന്നും പ്രശ്നക്കാരായ കാണികളെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയെങ്കിലും അന്താരാഷ്ട്രതലത്തിൽ ആ വിവാദം ഏറെനാൾ നിലനിന്നിരുന്നു.