കഴിഞ്ഞ ദിവസം അന്തരിച്ച ഒളിംപ്യൻ ഒ ചന്ദ്രശേഖരനെ മലയാളികളിൽ എത്രപേർക്ക് അറിയാം ? അദ്ദേഹത്തിന്റെ മരണവാർത്ത അറിയുമ്പോഴാണ് പലർക്കും, പുതിയ തലമുറക്കാർക്ക് പ്രത്യേകിച്ചും ഇങ്ങനെ ഒരു കായികതാരം ഇവിടെ ഉണ്ടായിരുന്നു എന്ന് അറിയുന്നത്.
ഈ ലേഖകൻ ജനിയ്ക്കുന്നതിനും ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ റോമിൽ നടന്ന ഒളിംപിക്സിൽ, 1960 സെപ്റ്റംബർ 1 ന് ഒ ചന്ദ്രശേഖരൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിച്ചു. 1962 ൽ ഏഷ്യൻ ഗെയിംസ് ജക്കാർത്തയിൽ നടന്നപ്പോൾ ജപ്പാനെയും തെക്കൻ കൊറിയയെയും തോൽപ്പിച്ച് അദ്ദേഹവും സഹകളിക്കാരും ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടി.
1963 ൽ മദ്രാസിൽ നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മഹാരാഷ്ട്രക്കാർക്ക് സന്തോഷ് ട്രോഫി സമ്മാനിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനെ മഹാരാഷ്ട്ര കണ്ടെത്തി ഏറ്റെടുത്ത്, അംഗീകരിച്ച് കളിക്കളത്തിൽ ഇറക്കി കളിപ്പിച്ച് സന്തോഷ് ട്രോഫി നേടിയപ്പോൾ കേരളത്തിലെ മാദ്ധ്യമങ്ങൾ പതിവ് തെറ്റിച്ചില്ല, 'സന്തോഷ് ട്രോഫി നേടിയ ആദ്യത്തെ മലയാളി' !
ഇതാണ് വിശ്വോത്തര മലയാളിക്കളി ! അർഹതയുള്ളവരെ അംഗീകരിയ്ക്കത്തില്ല, അവസരം കൊടുക്കത്തില്ല. വേറെ ആരെങ്കിലും അംഗീകരിച്ചാൽ ആ കുടക്കീഴിൽ ഇടിച്ചു കയറി ഓലിയിടും, ''കണ്ടോ ഞങ്ങടെ...''
1968 വരെ ഇന്ത്യയുടെ ഫുട്ബോൾ കളിക്കാരനായി വിദേശ മൈതാനങ്ങളിൽ മിന്നൽപ്പിണരായിരുന്നു ഒ.ചന്ദ്രശേഖരൻ. 1969 ൽ ഫുട്ബോൾ കോർട്ടിനോട് അദ്ദേഹം വിടപറഞ്ഞു. എസ്ബിടി യിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ഔദ്യോഗിക ജീവിതവും അവസാനിപ്പിച്ചു. ഇപ്പോഴിതാ, ഈ ലോകത്തിൽ നിന്നും അദ്ദേഹം യാത്ര പറഞ്ഞിറങ്ങി.
ഒ ചന്ദ്രശേഖരനെന്ന ഇന്ത്യയുടെ ഫുട്ബോളർക്ക് അർഹിയ്ക്കുന്ന അംഗീകാരം ലഭിച്ചില്ല എന്ന് പലരും ഇപ്പോൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇവരൊക്കെ കുംഭകർണസേവയിലായിരുന്നുവോ ?
പറഞ്ഞു വരുന്നത്, പല മേഖലകളിലും അപാരവും അനിതരസാധാരണമായതുമായ സംഭാവനകളും, കാഴ്ചപ്പാടുകളും ഈടുവയ്പുകളും നടത്തിയ, നടത്തിക്കൊണ്ടിരിയ്ക്കുന്ന ധാരാളം പ്രഗൽഭരും പ്രഗൽഭമതികളും നമുക്ക് ചുറ്റും സമൃദ്ധമായി ഉണ്ട്. ജീവിച്ചിരിക്കുന്ന അവസരത്തിൽ അവരുടെ കഴിവുകളെ അംഗീകരിയ്ക്കുന്നതല്ലേ കൂടുതൽ അഭികാമ്യം.
അവരൊക്കെ അഭിരമിക്കുന്ന തടങ്ങളിൽ, ഉചിതമായ, നാലാളെ ക്കൊണ്ട് നല്ലത് എന്ന് പറയിപ്പിയ്ക്കാൻ പോന്നതെന്തിനെയും അവരുടെ പേരിട്ടു വിളിയ്ക്കാൻ വൈകണ്ട ! വരും തലമുറകൾക്ക് കാണാനും പഠിക്കാനും അറിയാനും പ്രചോദനവും ആയി അത് അവിടെ നിലനിൽക്കട്ടെ. ആ അംഗീകാരം അവരുടെ ചിന്തകളെ ഊർജ്ജസ്വലവും ചടുലവും ആയുസ്സിനെ ദൈർഘ്യമുള്ളതും ആക്കിയേക്കാം.!