ടൺ കണക്കിന് തക്കാളി ട്രക്കുകളിലും ട്രാക്ടറുകളിലും കൊണ്ടുവന്ന് തെരുവിലും റോഡുവക്കിലും ഉപേക്ഷിക്കുകയാണ് മഹാരാഷ്ട്രയിലെ നാസിക്, ഔറംഗാബാദ് ജില്ലകളിലെ കർഷകർ.
തക്കാളിക്ക് മാർക്കറ്റിൽ വിലയില്ല. രണ്ടു ദിവസം മുൻപ് കിലോയ്ക്ക് 3 രൂപ വിലയുണ്ടായിരുന്നത് ഇന്നലെ 2 രൂപയായി താഴ്ന്നു. ഏറ്റവും കുറഞ്ഞത് കിലോയ്ക്ക് 10-15 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ ബാങ്കുകളുടെ ഉൾപ്പെടെ കടം വീട്ടാൻ പോലും കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
10 രൂപയ്ക്ക് വിറ്റാലും മിച്ചമൊന്നുമില്ല. എങ്കിലും കൂലിയും ലാഭവും നഷ്ടമാണെങ്കിലും കടം വർദ്ധിക്കാതെ കഴിച്ചുകൂട്ടാം. ഇടനിലക്കാരും മാർക്കറ്റിലെ പൂഴ്ത്തിവയ്പുകാരും നടത്തുന്ന കള്ളക്കളിയാണ് ഈ വിലയി ടിവിന് കാരണമായി കർഷകർ ആരോപിക്കുന്നത്.
മഹാരാഷ്ട്ര സർക്കാരും കേന്ദ്രസർക്കാരും കർഷകരുടെ സഹായത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും മാർക്കറ്റിലെ ഈ അനീതിക്കെതിരേ അവർ കണ്ണടയ്ക്കുകയാണെന്നുമാണ് അവർ പറയുന്നത്.
റോഡരുകുകളിലും മാർക്കറ്റിലുമൊക്കെ ഉപേക്ഷിക്കപ്പെട്ട തക്കാളിക്കൂമ്പാരങ്ങൾ കാണുമ്പൊൾ ആരുടേയും മനസ്സ് വേദനിച്ചേക്കാം. കാരണം കർഷകരുടെ അധ്വാനവും അവരുടെ പ്രതീക്ഷയുമാണ് ഇവിടെ തകർന്നടിഞ്ഞിരിക്കുന്നത്.
നാടിന്റെ അന്നദാതാക്കളായ കർഷകർ ആത്മഹത്യചെയ്യുമ്പോൾ മാത്രം ഞെട്ടലും ദുഖവും അഭിനയിക്കുന്ന സർക്കാരുകളും രാഷ്ട്രീയക്കാരും ഇപ്പോൾ അവരെ പൂർണ്ണമായും മറന്ന മട്ടാണ്.