സാർ... ഞങ്ങൾ കുട്ടികൾക്കും ജീവിക്കേണ്ടെ ! സോഷ്യൽ മീഡിയയിൽ കുട്ടൻപിള്ള സാറുമാർ പൊലീസിനെ ജനകീയവത്ക്കരിക്കാൻ നടത്തുന്ന നീക്കങ്ങൾ പൊതുസമൂഹം ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ തെറ്റുകളെ വെള്ളപൂശാൻ നടത്തുന്ന ശ്രമങ്ങളെ നഖശിഖാന്തം എതിർക്കുന്നവരുമാണ് എന്ന ബോധം ശിക്ഷകര്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെയുണ്ടാവേണ്ടതുണ്ട്... (ലേഖനം)

New Update

publive-image

-അസീസ് മാസ്റ്റർ

Advertisment

മുതിർന്നവരെ പൊലീസുകാർ ഒരു കേസിൽ പെടുത്തുമ്പോൾ, പൊലീസ് അതത് കേസിന് ഉപോദ്ബലകമായ തെളിവുകൾ പൊതു സമൂഹത്തിന് മുന്നിൽ നിർത്തുമ്പോൾ കണ്ണുമടച്ച് വിശ്വസിക്കുന്ന ജനതയെ ലജ്ജിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തിൽ ഏറെ ചർച്ചയ്ക്ക് വിധേയമായത്.

മലപ്പുറത്ത് പെണ്‍കുട്ടിയുടെ വാക്ക് മാത്രം കേട്ട് പോലീസ് തന്നെ ഉള്ളിലടക്കുക ആയിരുന്നു എന്ന് പോക്‌സോ കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച തിരൂരങ്ങാടി സ്വദേശി ശ്രീനാഥും മാതാപിതാക്കളും... പിങ്ക് പൊലീസുകാരി കള്ളനെന്ന് വിളിച്ച് അപമാനം നേരിട്ട ആറ്റിങ്ങലിലെ അച്ഛനും മകളും മുന്നോട്ടു വെക്കുന്ന ദുരനുഭവങ്ങൾ മന:സാക്ഷിയെ പൊള്ളിക്കുന്നതാണ്.

കള്ളക്കേസിൽ കുടുക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും എന്ന് ശ്രീനാഥിന്റെ കുടുംബം പറയുന്നുണ്ടെങ്കിലും നിരപരാധിത്വം തെളിയുന്നത് വരെ ആ പതിനെട്ടുകാരൻ പൊലീസുകാരിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസിക പീഡനങ്ങൾക്ക് എന്താണ് പരിഹാരമാവുക.

പൊതു സമൂഹത്തിന് മുന്നിൽ തലകുനിച്ച് നടക്കാൻ വിധിക്കപ്പെട്ടവരാക്കി മാറ്റിയത് ഈ കേസുകളിൽ ഇടപെട്ട പൊലീസുകാരാണ്. സത്യത്തെ മാനിക്കാതെ മുൻധാരണയോടെ സമീപിക്കുന്ന പൊലീസുകാർ എത്രയെത്ര ജീവിതങ്ങളെയാണ് ഇല്ലായ്മ ചെയ്തത്.

അയൽവാസിയുടെ കൊലപാതകത്തിന് പൊലീസ് ചാർത്തി കൊടുത്ത കുറ്റത്തിന് രണ്ട് സഹോദരന്മാരുടെയും അച്ഛൻ്റെയും ജീവിതം തകർന്ന കഥയുൾപ്പെടെ മാധ്യമങ്ങൾ പുറത്തുവിട്ട നടുക്കം നിലനിൽക്കേയാണ് പുതിയ പുതിയ പൊലീസ് ക്രൂരതകൾ ആവർത്തിക്കുന്നത്.

ലോകത്ത് പൊലീസുകാർ അനുദിനം നവീകരിക്കപ്പെടുമ്പോൾ കേരള പൊലീസ് എത്രമാത്രം പൊതുസമൂഹത്തോട് അപമര്യാദയോടെ പെരുമാറാമെന്ന ചിന്തയിലാണെന്ന് തോന്നുന്നു. കോവിഡ് പരിശോധനയുടെ പേരിൽ പൊലീസുകാർ അർദ്ധ പട്ടിണിക്കാരായ പാവങ്ങളുടെ നെഞ്ചത്തോട്ട് കയറിയിറങ്ങി ധാർഷ്ട്യം തീർത്തത് നമ്മുടെ ജീവിത പരിസരത്ത് ഇന്നും അലയടിക്കുന്നു. അതിനിടയിലാണ് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവങ്ങളുടെ പേരിൽ കൗമാരക്കാരും പൊലീസ് തിരക്കഥയിൽ ജയിലിടക്കപ്പെടുന്നത്.

തെറ്റ് ചെയ്തവരായിരിക്കും ഇവരിൽ പലരും എന്നു തന്നെ കരുതുക. എന്നാൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടു കൂട എന്ന ന്യായാധിപത്യം നിലനിൽക്കുന്ന സമൂഹത്തിലാണ് ശ്രീനാഥിനെ പോലുള്ളവരുടെ കണ്ണുനീർ ഈ മണ്ണിനെയും മനസ്സിനെയും ഒരു പോലെ പൊള്ളിക്കുന്നത്.

ഒരു എറുമ്പിനെ (ഉറുമ്പ്) പോലും നോവിക്കാത്ത സാധാരണക്കാരനായ യുവാവ് ഒരു തൊഴിൽ എന്ന നിലക്ക് കഷ്ടപ്പെട്ട് പഠിച്ചും കായികാഭ്യാസം പരിശീലിച്ചും പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ ചേരുന്നതോടെ അവൻ്റെ ശരീരഭാഷ മാറുന്നതിനൊപ്പം നാവിൽ തെറി ഭാഷ കൂടി ശക്തി പ്രാപിക്കുന്ന മാറ്റമാണ് ഇന്നു കാണുന്ന എല്ലാ പൊലീസ് പൊല്ലാപ്പുകൾക്കും കാരണം എന്ന് പറയാതെ വയ്യ.

സോഷ്യൽ മീഡിയയിൽ കുട്ടൻപിള്ള സാറുമാർ പൊലീസിനെ ജനകീയവത്ക്കരിക്കാൻ നടത്തുന്ന നീക്കങ്ങൾ പൊതുസമൂഹം ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ തെറ്റുകളെ വെള്ളപൂശാൻ നടത്തുന്ന ശ്രമങ്ങളെ നഖശിഖാന്തം എതിർക്കുന്നവരുമാണ് എന്ന ബോധം ശിക്ഷകരും കുറ്റവാളികളും ഒരുപോലെയുണ്ടാവേണ്ടതുണ്ട്.

18 കാരനായ ശ്രീനാഥ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 ദിവസമാണ് പീഡന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് 18 കാരന് മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് ശ്രീനാഥ്.പറയുന്നു. സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും ശ്രീനാഥ് പറയുമ്പോൾ പൊലീസ് കഥ വിശ്വസിച്ച നമ്മളൊക്കെ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.

സത്യവും നീതിയും നിലനിൽക്കുന്ന സമൂഹത്തിലാണ് ഒരു നാടിൻ്റെ ഭാവി സമ്പന്നമാവുകയുള്ളൂ. അതിനായുള്ള എല്ലാ ശ്രമങ്ങൾക്കും എല്ലാഭാവുകങ്ങളും നേരുന്നു. ശുഭസായാഹ്നം. ജയ്ഹിന്ദ്.

voices
Advertisment