അനങ്ങൻമല കേവലം ഒരു പാറയല്ല... അനങ്ങൻമല പോലെയുള്ള, പ്രകൃതിയുടെ വൻ വരദാനങ്ങളെ വിനാശത്തിൽ നിന്ന് സംരക്ഷിക്കാനും മനുഷ്യകുലത്തിന്റെ ഭാസുരഭാവിയിൽ താൽപര്യമുള്ളവർ ഒന്നിയ്ക്കണം... (ലേഖനം)

New Update

-ടി.ആർ തിരുവഴാംകുന്ന്

publive-image

Advertisment

സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹൽ തല്ലിപ്പൊട്ടിച്ച് അതിലെ ചെങ്കല്ലും മാർബിളും ഉപയോഗിച്ച് ചേരി നിവാസികൾക്ക് വീടുണ്ടാക്കാമെന്ന അപ്രായോഗിക വാദത്തിന് തുല്യമാണ്, അനങ്ങൻമല പൊട്ടിച്ചെടുത്ത് സ്റ്റേറ്റ് ഹൈവേ നിർമ്മിക്കാമെന്ന നിർദ്ദേശം.

അനങ്ങൻമല കേവലം ഒരു പാറയല്ല. അത് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലും സമീപസ്ഥങ്ങളായ നാലു പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന പ്രകൃതിയുടെ ഒരു വരദാനമാണ്. ആറു കിലോമീറ്ററിലേറെ വിസ്തൃതിയുള്ള അനങ്ങൻമലയുടെ ഗാംഭീരവും വിജനതയുമോർത്താൽ, ആരും വിസ്മയഭരിതരാകും.

അവിടുന്നു നേരെ വടക്കോട്ടേക്ക്, അനങ്ങൻ മലയും മറികടന്ന്, കോഴിക്കഴുത്തൻ മല കടൽ എന്ന് പൗരാണികമായ വടക്കൻപാട്ടിൽപരാമർശമുണ്ട്. തലമുറകൾ സ്നേഹാദരവുകളോടെ, ഭക്തി - ബഹുമാനത്തോടെ, വീക്ഷിച്ച, നെഞ്ചിലേറ്റി ലാളിച്ച, മലകളും കുന്നുകളും ജലാശയങ്ങളും നിരവധിയാണ്. അവ പ്രകൃതിയുടെ വരദാനങ്ങളാണ്.

ഭൂമിയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിൽ മലകൾക്കും കുന്നു കൾക്കും പാറകൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരു ചെറിയ കുന്നുപോലും ആയിരക്കണക്കിൽ ചെറിയ ജലസംഭരണികൾക്ക് സമമായ ജലം സംഭരിക്കും. വേനൽക്കാലത്ത് മലകളുടേയും കുന്നുകളുടേയും താഴ്‌വരയിൽ യിൽ വെള്ളം ലഭിക്കുന്നത് പ്രസ്തുത സംഭരണിയിൽ നിന്നാണ്.

മലകളും കുന്നുകളും അപ്രത്യക്ഷമാകുന്നതോടെ സ്വാഭാവിക ജലസംഭരണികൾ ഇല്ലാതാകുകയും, വരൾച്ച അഭൂതപൂർവ്വമായി അനുഭവപ്പെടുകയും ചെയ്യും. വയലുകൾ വ്യാപകമായി മണ്ണിട്ടു നികത്തുന്നത് ഈ പ്രക്രിയ ത്വരിത പ്പെടുത്താനേ ഉപകരിക്കുകയുള്ളു.
നല്ലൊരു മഴ പെയ്താൽ വെള്ളപ്പൊക്കം, ശക്തമായൊരു വെയിലുണ്ടായാൽ വരൾച്ച ഇതായിരിക്കുന്നു ഇന്ന് കേരളത്തിലെ കാലാവസ്ഥ.

കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റി വ്യാകുലപ്പെടുന്നതല്ലാതെ, എന്തുകൊണ്ടാണ് ദുരവസ്ഥയെന്നു ചിന്തിക്കാൻ നാം സന്നദ്ധരാകുന്നില്ല. ചിങ്ങ വെയിലിന്റെ ചാരുത, കന്നിനിലാവിന്റെ കളഭക്കിണ്ണം, തുലാമാസത്തിലെ തുള്ളിക്കൊരുകുടം മഴ, വൃശ്ചികക്കാറ്റിന്റെ വരൾച്ച, ധനുമാസത്തിലെ നനുത്ത കുളിര്, മകരത്തിലെ മരം മറയുന്ന മഞ്ഞ്, കുംഭത്തിലെ കുടമുരുളുന്ന കാറ്റ് എല്ലാം മലയാളിക്ക് അന്യമായിക്കഴിഞ്ഞു.

പ്രകൃതിയുടെ വരദാനങ്ങളായ അവശേഷിക്കുന്ന അൽപം മലകളും ഉറവുകളും തെളിനീരും തണ്ണീർതടങ്ങളും വരും തലമുറകൾക്കായി സൂക്ഷിച്ചുവെക്കാൻ മനുഷ്യർ സന്നദ്ധരായേ പറ്റൂ.
വൻതോതിൽ ഭൂഗർഭജലമുറ്റി ഒരു വിഭാഗത്തെ വ്യാപകമായി വരൾ ച്ചയിലേക്ക് നയിച്ച കൊക്കകോളക്കെതിരെ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ കൊക്കകോളക്കെതിരായി ലോകമനസ്സാക്ഷി ഉണർത്താൻ സാധിച്ചു.

അനങ്ങൻമല പോലെയുള്ള, പ്രകൃതിയുടെ വൻ വരദാനങ്ങളെ വിനാശത്തിൽ നിന്ന് സംരക്ഷിക്കാനും മനുഷ്യകുലത്തിന്റെ ഭാസുരഭാവിയിൽ താൽപര്യമുള്ളവർ ഒന്നിയ്ക്കണം.

voices
Advertisment