Advertisment

യുഎഇയിലെ അജ്‌മാനിൽ പിസിആർ പരിശോധനയ്ക്കായി പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന മലയാളി കുടുംബത്തിന് തങ്ങളുടെ പെട്രോളിംഗ് വാഹനത്തിൽ കയറിയിരിക്കാൻ അവസരം നൽകിയ അജ്‌മാൻ പോലീസുദ്യോഗസ്ഥരെ അവിടുത്തെ കിരീടാവകാശി നേരിട്ടുവിളിച്ചു വരുത്തി അഭിനന്ദിച്ചിരിക്കുന്നു... ഇങ്ങനെയാവണം പോലീസ് !

New Update

publive-image

Advertisment

കേരളം മാതൃകയാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന നമ്മൾ ഈ വാർത്ത അധികം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ശ്രദ്ധിക്കില്ല, കാരണം നമുക്കിതൊന്നും അത്ര പരിചിത മില്ലല്ലോ ?

മൂന്നു ദിവസം മുൻപ് യുഎഇയിലെ അജ്‌മാനിൽ പിസിആർ പരിശോധനയ്ക്കായി പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന മലയാളി കുടുംബത്തിന് തങ്ങളുടെ പെട്രോളിംഗ് വാഹനത്തിൽ കയറിയിരിക്കാൻ അവസരം നൽകിയ അജ്‌മാൻ പോലീസുദ്യോഗസ്ഥരെ അവിടുത്തെ കിരീടാവകാശി നേരിട്ടുവിളിച്ചു വരുത്തി അഭിനന്ദിച്ചിരിക്കുന്നു.

publive-image

വെയിലത്തുനിന്ന മലയാളിയായ വ്യക്തിയുടെ ഭാര്യയെയും കുഞ്ഞുങ്ങളെയും അജ്‌മാൻ പോലീസ് തങ്ങളുടെ എസി വാഹനത്തിൽ കയറ്റിയിരുത്തിയശേഷം ആ പോലീസുകാർ കാറിൽനിന്നിറങ്ങി വെയിലത്താണ് നിലയുറപ്പിച്ചിരുന്നത് എന്ന വസ്തുതയും നാം കാണേണ്ടതുണ്ട്.

ഈ വിവരം വർത്തയാക്കിയത് അജ്‌മാൻ പൊലീസല്ല. മറിച്ച് ആ മലയാളിയായിരുന്നു. സമൂഹമദ്ധ്യമങ്ങൾ വഴിയാണ് ഈ വാർത്ത വൈറലായതും കിരീടാവകാശിയായ ഷേക്ക് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി യുടെ ശ്രദ്ധയിൽപ്പെട്ടതും. അദ്ദേഹം ട്വീറ്റ് ചെയ്തതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത.

"അജ്‌മാൻ പോലീസുദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ പ്രവർത്തിയെ അഭിനന്ദിക്കുന്നു. സമൂഹത്തിന് സേവനവുമായി അജ്‌മാൻ പോലീസ് എന്നും കൂടെയുണ്ടാകും. അവർ സ്വദേശികളാണെങ്കിലും പ്രവാസി കളാണെങ്കിലും" ഇതായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്. എങ്ങനെയായിരിക്കണം പോലീസും ഭരണാധികാരിയും എന്നതിന് ഇതിൽപ്പരം മറ്റൊരുദാഹരണം നൽകാനാകില്ല.

എന്നാൽ നമ്മൾ കണ്ടതാണ് ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം നടന്നത്. റോഡരുകിൽ നിന്ന അച്ഛനെയും കുഞ്ഞുമകളെയും മോഷണക്കുറ്റം ആരോപിച്ചു പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തിൽ അവരെ വീടിനടുത്തുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റി നല്ലനടപ്പ് (പലരും അത് സുഖചിൽകിസ എന്നാണ് പറയുന്നത്) നൽകിയത് ശിക്ഷയാണോ അതോ പ്രോത്സാഹനമാണോ ?

publive-image

പട്ടികജാതി വിഭാഗത്തിൽ പെട്ട ആ അച്ഛനും മകളും നേരിട്ട അപമാനം നാളുകൾ കഴിഞ്ഞാണ് പട്ടികജാതി കമ്മീഷൻ അറിയുന്നതും ഉറക്കമു ണർന്നതും.അതാണ് നമ്മുടെ നാട്ടിലെ പല കമ്മീഷനുകളുടെയും അവസ്ഥ.

കഴിഞ്ഞ ഫെബ്രുവരിയിൽ ബാലരാമപുരത്ത് ഒരു കുടുംബത്തെ അമിതവേഗതയ്ക്ക് 1500 രൂപ പെറ്റിയടച്ചിട്ടും ചീറിപ്പായുന്ന മറ്റുള്ള വാഹനങ്ങളുടെ അമിതവേഗം അവർ ചൂണ്ടിക്കാട്ടിയതിൻ്റെ പേരിൽ പോലീസുദ്യോ ഗസ്ഥൻ മൂന്നു വയസ്സുള്ള കുഞ്ഞിനെ കാറിനുള്ളിൽ പൂട്ടിയിട്ട് താക്കോൽ കൈക്കലാക്കി പോലീസ് ജീപ്പിലേക്ക് മടങ്ങിയതും കുഞ്ഞ് കാറിനുള്ളിൽക്കിടന്ന് വാവിട്ടു നിലവിളിക്കുന്നതും നമ്മൾ കണ്ടതാണ്.

ഈ സംഭവത്തിൽ പരാതി തന്നാൽ കേസെടുക്കുമെന്ന വിചിത്രവാദമാണ് ഇപ്പോൾ ബാലാവകാശ കമ്മീഷൻ ഉയർത്തിയിരിക്കുന്നത്‌.നമുക്കറിയാം ഇത് രാഷ്ട്രീയ നിയമനമാണ്. ചീഫ് സെക്രട്ടറിക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് രാഷ്ട്രീയക്കാരനായ കമ്മീഷൻ ചെയർമാന് ലഭിക്കുന്നത്. അതും നമ്മുടെ നികുതിപ്പണം.

publive-image

കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടാൽ സ്വമേധയാ കേസെടുക്കാൻ കമ്മീഷന് അധികാരമുണ്ട്. എന്നാൽ നേതാവിൻ്റെ വീട് റെയ്‌ഡ്‌ നടന്നപ്പോൾ അവിടെ കുഞ്ഞിന് പാൽക്കുപ്പിയുമായി ഇവർ പരക്കം പായുന്നതും നമ്മൾ കണ്ടതാണ്.

ഇവിടെ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്. തമ്മിലടിയും തൊഴുത്തിൽക്കുത്തും കഴിഞ്ഞുവേണ്ടേ അവർക്ക് ജനകീയപ്രശ്നങ്ങളിൽ ഇടപെടാൻ. സർവ്വസമ്മതനെന്ന് സകലരും പുകഴ്ത്തുന്ന പ്രതിപക്ഷനേതാവ് ഈ വിഷയങ്ങളിൽ എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ടോ? പ്രതിപക്ഷ നേതാവായശേഷം അദ്ദേഹം ഇതുവരെ ഏതെങ്കിലും ജനകീയ വിഷയങ്ങളിൽ ഇടപെട്ടതായി അറിവുണ്ടോ?

ഇതേപോലെ മീൻകുട്ടകൾ വലിച്ചെറിഞ്ഞ സംഭവങ്ങളിൽ ഒരു നടപടിയും എടുത്തതായി അറിവില്ല. ആറ്റിങ്ങൽ നഗരസഭാ ജീവനക്കാരുടെ സസ്‌പെൻഷൻ ഇപ്പോൾ പിൻവലിക്കുകയും ചെയ്തിരിക്കുന്നു.

നിയമവിരുദ്ധമായി പ്രവർത്തിക്കുകയും അതിക്രമങ്ങൾ കാട്ടുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ മാതൃകാ പരമായി ശിക്ഷിക്കാൻ വകുപ്പുമേധാവികളും സർക്കാരും തയ്യാറാകാത്തതും അവരെ ഇത്തരത്തിൽ സംരക്ഷിക്കുന്നതുമാണ് ഇതുപോലുള്ള ക്രൂരതകൾ തുടർക്കഥയാകുന്നതിന്റെ മുഖ്യകാരണം. തങ്ങൾ എന്ത് കാട്ടിയാലും സംരക്ഷിക്കപ്പെടും എന്ന ധാരണയാണ് പലർക്കുമെന്നു കരുതേണ്ടിയിരിക്കുന്നു.

voices
Advertisment