Advertisment

നാളെ സെപ്റ്റംബർ 5 ; അധ്യാപക ദിനം... (ലേഖനം)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അധ്യയനം നടക്കുന്ന കാലത്താണ് വീണ്ടും ഒരു അധ്യാപക ദിനം കടന്നു വരുന്നത്. അധ്യാപകരുടെ മഹത്തായ സേവനത്തെ ഓർക്കുന്നതിനുളള ദിനമാണ് അധ്യാപക ദിനം.

അറിവും വിദ്യയും പകരേണ്ട വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളായി മാറിയ കോവിഡ് കാലം പഠനസാഹചര്യവും പഠനരീതികളും തന്നെ മാറ്റി. ഓൺലൈനായാണ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതൊരു പുതിയ അനുഭവമാണ്. തലമുറകളുടെ ശില്‍പ്പികളായ അധ്യാപകർ ഈ അധ്യാപക ദിനത്തിൽ പ്രത്യാശ പൂർണ്ണമായ വാക്കുകൾ പങ്കുവെക്കുന്നു.

ഈ കാലവും കടന്നു പോകും

publive-image

-വി.പി ജയരാജൻ

(പ്രിൻസിപ്പൽ ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ,തച്ചമ്പാറ)

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നവരാണ് ഗുരുനാഥർ. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചക്ക് സഹായകമായ സാഹചര്യം നിലനിൽക്കെയാണ് കാലത്തിന്റെ വമ്പിച്ച മാറ്റമായി കോവിഡ് മഹാമാരി കടന്നു വരുന്നത്.

ഗുരുമുഖത്ത് നിന്നും നേരിട്ട് വിദ്യ സ്വീകരിക്കാനാവാതെ സാങ്കേതിക സൗകര്യങ്ങൾ വഴി ഓൺലൈൻ വിദ്യാഭ്യാസം നേടുകയാണ് നമ്മുടെ കുട്ടികൾ. അകറ്റിനിര്‍ത്തലും മാസ്ക്കും സാനിറ്റൈസറും അധ്യാപകരെ മാത്രമല്ല കുട്ടികളെയും വല്ലാത്ത മാനസികാവസ്ഥയിലാണ് എത്തിച്ചത്.

മൂന്ന് പതിറ്റാണ്ട് പിന്നിട്ട എന്‍റെ അധ്യാപക ജീവിതത്തില്‍ രണ്ട് മുഴുവന്‍ അധ്യയനവർഷവും അനുഭവിക്കാനാവാതെ നഷ്ടമായ കാലം മറ്റൊന്നില്ല.പലവിധ ഉല്‍കണ്ഠകള്‍ നിലനിൽക്കുമ്പോഴും ഓൺലൈനിൽ കൂടി നമ്മൾ ആശ്വാസത്തിന്റെ തീരത്ത് അണഞ്ഞിട്ടുണ്ട്.

കളിക്കളങ്ങളും ക്ലാസുമുറികളും നഷ്ടപ്പെട്ട നമ്മുടെ കുട്ടികളെ നേരിട്ടുള്ള അധ്യയനത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അധ്യയനം അദൃശ്യമായ ഒരു ഇടത്തിൽ മാത്രം പരിമിതപ്പെട്ടു പോകാതെ പുറത്തുള്ള അറിവിന്റെ വിശാല ചക്രവാളത്തിലേക്ക് സഞ്ചരിക്കാൻ, നവീനമായ കാഴ്ചപ്പാടുകളെ സ്വാംശീകരിക്കാന്‍ ഇക്കാലയളവില്‍ അധ്യാപകര്‍ക്കും കുട്ടികൾക്കും കഴിയട്ടെ എന്നാണ് അധ്യാപക ദിനത്തിൽ എന്റെ ആശംസയും പ്രാർത്ഥനയും.

വിദ്യാലയത്തിനു പകരം വിദ്യാലയം മാത്രം

publive-image

-സി. സുധ

(എച്ച്. എം. കരിമ്പ ഗവ. ഹൈസ്‌കൂൾ)

കഴിഞ്ഞ രണ്ടു വർഷത്തോളമായി അകലം എന്ന വാചകം അക്ഷാരാര്‍ത്ഥത്തില്‍ ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിൽ ഏറ്റവും നഷ്ടം സംഭവിച്ചത് വിദ്യാർത്ഥി തലമുറക്കാണ്.

ഈ അകലം എന്നവസാനിക്കും, ഈ അനിശ്ചിതത്വം എന്ന് തീരും എന്നറിയില്ല. ക്ലാസ് റൂം വിദ്യഭ്യാസത്തിന്റെ സുഖവും സന്തോഷവും അനുഭവിക്കാനാവാതെ വീർപ്പുമുട്ടുകയാണ് നമ്മൾ.

താൻ പഠിക്കുന്ന വിദ്യാലയം കാണാതെയും അനുഭവിക്കാതെയും നമ്മുടെ മക്കൾ ഓൺലൈന്‍ സാഹചര്യത്തിൽ കൂടി വളരുന്നു. കുട്ടികളുടെ മാനസിക ശാരീരിക വളർച്ചക്ക് ഏറ്റവും ഉത്തമം വിദ്യാലയം തന്നെയാണ്.

കുട്ടികൾക്ക് കൂട്ടാകേണ്ട വിദ്യാലയ മുറ്റത്തെ മരങ്ങളും ചെടികളും കളിമുറ്റവും ഇരിപ്പിടവും അവിടെ തന്നെയുണ്ട്. കുട്ടികളില്ലാത്ത വിദ്യാലയം മൂകമാണ്. ഈ നിശബ്ദത നൊമ്പരപ്പെടുത്തുന്നതാണ്.

എപ്പോഴും ആരുടേയും സ്മൃതി കളില്‍ മായാതെ നില്‍ക്കുന്ന,മധുരിക്കുന്ന ഓർമയാണ് വിദ്യാലയം. അടുത്ത നാളുകളിൽ അതനുഭവിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയുമെന്ന പ്രത്യാശയാണ് അധ്യാപക ദിനത്തിലെ ഏറ്റവും സവിശേഷമായ ആഗ്രഹം.

ഈ ആഘാതത്തെയും അതിജയിക്കണം

publive-image

-രാമചന്ദ്രൻ. എ.

(എച്ച്. എം. ഗവ.ഹൈസ്‌കൂൾ കാരാകുർശ്ശി)

സെപ്റ്റംബർ 5 അധ്യാപക ദിനമാണ്. അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന ഭാവിലോകത്തിന്റെ ശില്പികളായ, നമ്മുടെ എല്ലാ അധ്യാപകരെയും നമുക്ക് ഓര്‍ക്കാം, ബഹുമാനിക്കാം.

മാനവരാശിയുടെ വളർച്ച കാലഘട്ടത്തിൽ നിരവധി പ്രശ്നങ്ങളെ മനുഷ്യർ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്തിനെയും മനുഷ്യൻ അവന്റെ ശേഷികൊണ്ടും ബുദ്ധികൊണ്ടും അതിജയിച്ച ചരിത്രമാണുള്ളത്.

ഈ കോവിഡ് സൃഷ്ടിച്ച ആഘാതത്തെയും നമുക്ക് നേരിടേണ്ടതായുണ്ട്. നമ്മുടെ കുട്ടികളാണ് ഭാവിയുടെ സമ്പത്ത്. അവർ രോഗങ്ങൾക്ക് അടിമപ്പെട്ടുകൂടാ. സമൂഹത്തിന്റെ

ആരോഗ്യ പരിരക്ഷക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കൊപ്പം, സർക്കാരിനൊപ്പം ഒന്നാകെ നിന്നാൽ മാത്രമേ ഈ പ്രയാസം നമുക്ക് മറികടക്കാനാവൂ.

പഠനം ഓണലൈനിലാണ്. സമയനഷ്ടം പരിഹരിക്കാനുള്ള ഒരു മാർഗമെന്നനിലയിൽ ഓൺലൈൻ പഠനത്തിന് ഇക്കാലത്ത് പ്രത്യേകമായ പ്രസക്തിയുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പഠനം കുറെയൊക്കെ നടക്കുന്നുമുണ്ട്.

എന്നാൽ മേളകളുടെയും മത്സരങ്ങളുടെയും അറിവനുഭവത്തിന്റെയും പലതലങ്ങളും

ഓൺലൈൻ രീതികൾ അപഹരിച്ചു കഴിഞ്ഞു. നാം എത്രത്തോളം ജാഗ്രതയുള്ളവരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ വിദ്യാലയ ജീവിതം വീണ്ടെടുക്കാനുള്ള പരിശ്രമം.

അധ്യാപന ചുമതലകൾക്കപ്പുറം ഈ മഹാമാരിക്കാലത്ത് കോവിഡ് ഡ്യൂട്ടിക്കിറങ്ങിയ അധ്യാപകർ അഭിനന്ദനം അർഹിക്കുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ഏവരും പ്രാപ്തമാകട്ടെ എന്നാശംസിക്കുക മാത്രമാണ് അധ്യാപക ദിനത്തിലെ സന്ദേശം.

voices
Advertisment