Advertisment

കരിപ്പൂർ വിമാനത്താവളം ആരുടെ കൈയ്യിൽ എത്തിച്ചേരും?

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

(സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കരിപ്പൂർ എയർപോർട്ട് തൂക്കി വിറ്റാൽ കേന്ദ്ര സർക്കാരിന് ലഭിക്കുന്നത് 562 കോടി രൂപയും എയർപോർട്ട് അതോറിറ്റിക്ക് കിട്ടാവുന്ന ഏകദേശ വാടക വർഷത്തിൽ 50 കോടി രൂപയുമാണ്. 365 ഏക്കർ ഭൂമിക്കും 100 കോടി രൂപ ചെലവിട്ട് രണ്ടുവർഷം മുമ്പ് പണിത പുതിയ ടെർമിനലും പണ്ടത്തെ പഴയ ടെർമിനലുമടക്കം സകല വസ്തു വഹകൾക്കും കേന്ദ്ര സർക്കാർ കണക്കാക്കുന്ന മൊത്തം തുകയാണിതെന്നോർക്കുമ്പോൾ ഈ കച്ചവടത്തിലെ കാണാപ്പുറങ്ങൾ എന്തൊക്കെയെന്ന് മലബാറുകാർ വിലയിരുത്തുമോ? കഴിഞ്ഞ വർഷംവരെ (2019-20) കരിപ്പൂരിന്റെ വാർഷിക അറ്റാദായം 120 കോടി രൂപയാണെന്ന യാഥാർഥ്യവും മറക്കാതിരിക്കുക.)

മൂന്നാംഘട്ട സ്വകാര്യവൽക്കരണത്തിൽ കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുത്തിയതോടെ ഒരിടവേളക്ക് ശേഷം മലബാറുകാരുടെ മുഖ്യ ചർച്ചാ വിഷയം കരിപ്പൂർ വിമാനത്താവളത്തിലേക്ക്തന്നെ വീണ്ടും എത്തി നിൽക്കുന്നു. അധികഭൂമി ഏറ്റെടുക്കുന്നതിൽ അമാന്തം കാണിച്ചവരും സ്വകാര്യവൽക്കരണത്തെ നഖശികാന്തം എതിർത്തവരും ഏതോ ഗുഹയിൽനിന്നെന്നവണ്ണം ഉയർത്തെഴുന്നേറ്റിരിക്കുന്ന കാഴ്ച അത്ഭുതോടെയാണ് മലബാറുകാർ നോക്കിക്കാണുന്നത്.

publive-image

എയർപോർട്ട് വികസനത്തിന് 152.5 ഏക്കർ ഭൂമി വേണമെന്ന പഴയപല്ലവിയുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വീണ്ടും കേരള സർക്കാരിന് കത്തെഴുയതും, കേന്ദ്ര സർക്കാർ കരിപ്പൂർ എയർപോർട്ട് പാട്ടത്തിന് കൊടുക്കാനുള്ള ഒരുക്കങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രശ്നം ഇത്തിരി ഗൗരവമുള്ളതാണെന്ന് സർക്കാരും മലബാറുകാരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. കേരള സർക്കാർ സെപ്തബർ രണ്ടാം തിയ്യതി ഇവ്വിഷയത്തിൽ കേന്ദ്രവുമായി ഓൺലൈൻ ചർച്ച നടത്തിയതും സെപ്റ്റംബർ 12-ന് മന്ത്രിമാരും ജനപ്രതിനിധികളും വിമാനത്താവളം സന്ദർശിക്കാൻ തീരുമാനിച്ചതും കരിപ്പൂർ വികസിപ്പിക്കുന്നതിന്റെ മുന്നോടിയായി കാണാനാവുമോ?

കഴിഞ്ഞ 33 വർഷമായി ഒരിഞ്ചു ഭൂമിപോലും ഏറ്റെടുക്കാൻ തയ്യാറാവാത്ത കേരള സർക്കാർ പൊടുന്നനെ ചാടി എഴുന്നേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് മലബാറിനെ സംബന്ധിച്ചെടുത്തോളം വികസനത്തിന്റെ വാതായനങ്ങൾ തുറക്കലാണന്ന കാര്യത്തിൽ സംശയമില്ല. അതെ സമയം കണ്ണൂർ എയർപോർട്ടിനുവേണ്ടി 4000 ഏക്കർ ഭൂമി ഏറ്റെടുത്ത ശുഷ്‌കാന്തിയൊന്നും കരിപ്പൂരിനോട് നാളിതുവരെ കാണിച്ചില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഏതായാലും 152.5 ഏക്കർ ഭൂമിയാണോ അതോ 95 ഏക്കർ ഏറ്റെടുക്കലാണോ കൂടുതൽ അഭികാമ്യം എന്ന് ഇനി സർക്കാരും എയർപോർട്ട് അതോറിറ്റിയും തീരുമാനിക്കും. കേരള സർക്കാരിനെ സംബന്ധിച്ചെടുത്തോളം 95 ഏക്കർ ഭൂമിയാണ് ലാഭകരം. കാരണം വളരെ ചുരുങ്ങിയ കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടി വരുള്ളൂ എന്നതിന് പുറമെ നാട്ടുകാരിൽ നിന്നുള്ള എതിർപ്പുകൾ പരമാവധി കുറക്കാനും കഴിയും.

എയർപോർട്ട് അതോറിറ്റിയുടെ പഴയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനാണെങ്കിൽ 152.5 ഏക്കർ ഭൂമി തന്നെ വേണ്ടിവരും. ഇതിനു കേരള സർക്കാർ നൽകേണ്ട വില വളരെ വലുതായിരിക്കും. നാട്ടുകാരുടെ എതിർപ്പുകൾ അതിജീവിക്കുന്നതോടൊപ്പം ഭീമമായ തുക സ്ഥലത്തിനും കുടിയൊഴിപ്പിക്കലിനും പുനരധിവാസത്തിനും നൽകേണ്ടിവരുമെന്നു മാത്രമല്ല കാലതാമസം ഒരു വലിയ വെല്ലുവിളിയും അഗാധ ഗർത്തങ്ങൾ മണ്ണിട്ട് നികത്തുക ക്ഷിപ്രസാദ്ധ്യവുമായിരിക്കും.

ബദൽ മാസ്റ്റർ പ്ലാൻ:

ഇവിടെയാണ് കോഴിക്കോട്ടെ എം.പി. എം.കെ. രാഘവൻ മറ്റൊരു ബദൽ മാസ്റ്റർ പ്ലാൻ 2021 ജനവരി 5-നു എയർപോർട്ട് അതോറിറ്റിയിൽ അവതരിപ്പിച്ചത്. ഏറ്റവും ചുരുങ്ങിയ കുടിയൊഴിപ്പിക്കലും, നാട്ടുകാരെ അത്രയൊന്നും ബാധിക്കാത്ത വിധത്തിൽ വളരെ സസൂക്ഷ്മം പരിശോധിച്ചവതരിപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ അംഗീകരിക്കുകയാണെങ്കിൽ അന്തരാക്ഷ്ട്ര നിലവാരമുള്ള ആധുനിക എയർപോർട്ടായി കരിപ്പൂർ മാറും.

publive-image

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ തികച്ചും പാലിച്ചുകൊണ്ട്‌ 3400 മീറ്റർ റൺവേയും, പുതിയ ടെർമിനൽ ബിൽഡിങ്ങും, കാർപാർക്കിങ്ങും, വിശാലമായ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് കോംപ്ലക്‌സും, ആവശ്യമായ റെസയും, കൂടുതൽ വിമാനങ്ങൾക്കുള്ള പാർക്കിങ്ബെയും, വലിയ വിമാനങ്ങൾക്കു യഥേഷ്ടം പറന്നിറങ്ങാനും, ഉയരാനും സഹായിക്കുന്ന വിധത്തിലായിരുന്നു ബദൽ മാസ്റ്റർ പ്ലാൻ. ഈ ബദൽ മാസ്റ്റർ പ്ലാൻ പ്രകാരം കേവലം 95 ഏക്കർ അധിക ഭൂമി ഏറ്റെടുത്തുകൊടുത്താൽ അതി വിശാലവും മനോഹരവുമായ ഒരു അന്തരാക്ഷ്ട്ര വിമാനത്താളമായി കരിപ്പൂരിനെ മാറ്റാൻ കഴിയും. കേരള സർക്കാരിനും എയർപോർട്ട് അതോറിറ്റിക്കും ലാഭകരം എന്ന് മാത്രമല്ല നാട്ടുകാരുടെ എതിർപ്പുകൾ പാടെ ഇല്ലാതാവുകയും മലബാറിന്റെ കവാടമായ കരിപ്പൂരിലൂടെ ഒരു നാട് താമസംവിനാ വികസിക്കുകയും ചെയ്യും.

സ്വകാര്യവൽക്കരണത്തിൽ മലബാറുകാരുടെ പങ്ക്:

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിൽ കരിപ്പൂർകൂടി ഉൾപ്പെട്ടതിനാൽ മലബാറുകാർ സ്വന്തമായി കിയാൽ/ സിയാൽ മോഡൽ കമ്പനി ഉണ്ടാക്കുന്നതായിരിക്കും ഉചിതം. 26% ഓഹരി കേരള സർക്കാരിനും, പത്തുശതമാനം ഓഹരി ബാങ്കിനും നൽകിയാൽ ബാക്കിവരുന്ന ഓഹരിയിൽ 15 ശതമാനം മലബാറുകാർക്കും/ഗൾഫ്കാർക്കും നൽകി ശേഷിക്കുന്ന 49% വിദേശി/സ്വദേശി എയർപോർട്ട് ഓപ്പറേറ്റർമാർക്കും കൊടുത്താൽ കരിപ്പൂർ മലബാറുകാരുടെ സ്വന്തം എയർപോർട്ടായി മാറും. 95 ഏക്കറിൽനിന്നും കുടിയൊഴിപ്പിക്കുന്നവർക്കു അവിടെത്തന്നെ വരുമാന മാർഗ്ഗവും കൊടുക്കാവുന്നതാണ്.അതോടെ അവരും എയർപോർട്ടിന്റെ അവകാശികളാവുന്നു.

ഇന്ത്യയിലെ ഒരു പാട് ബ്രൗൺ ഫീൽഡ് എയർപോർട്ടുകൾ ഇതിനകം ജി.എം.ആർ., ജി.വി.കെ., അദാനി ഗ്രൂപ്പുകൾക്ക് ലേലത്തിലൂടെ കൊടുത്തത് സ്വകാര്യ വൽക്കരണത്തിന്റെ ഭാഗമായാണെന്നുള്ള യാഥാര്ഥ്യം മലബാറുകാരും ഉൾക്കൊള്ളണം. അതിനാൽ ഇവിടത്തെ കച്ചവടക്കാരും, ചെയ്മ്പറുകളും, ഗൾഫിലെ മുതലാളിമാരും, സാധാരണക്കാരായ മലബാറുകാരും മുൻകയ്യെടുത്തു ഒരു സ്പെഷ്യൽ പർപ്പസ് വൈക്കിൾ (എസ്.പി.വി) അടിയന്തിരമായും രൂപീകരിക്കപ്പെണം. അല്ലാത്തപക്ഷം കരിപ്പൂർ അദാനിയെ പോലുള്ള മറ്റേതെങ്കിലും ഓപ്പറേറ്റർമാർ കൊണ്ടുപോവുന്നതിലൂടെ മലബാറുകാരുടെ വികാരമായ കരിപ്പൂർ എന്നെന്നേക്കുമായി മലബാറിന് നഷ്ടമാവുന്നോതോടൊപ്പം മലബാറുകാരുടെ പങ്കാളിത്തം ഒട്ടും ഇല്ലാതാവുകയും ചെയ്യും.

വിൽപ്പനയുടെ കാണാപ്പുറങ്ങൾ:

അമ്പതു വർഷത്തേ ലേലത്തിൽ ഉൾപ്പെട്ട കരിപ്പൂരിന് കേന്ദ്ര സർക്കാർ കണക്കാക്കിയ ലേലത്തുക വളരെ കുറഞ്ഞുപോയെന്നതാണ് യാഥാർഥ്യം. ശരാശരി 120 കോടി രൂപ വാർഷിക അറ്റാദായമുള്ളതും ഏകദേശം മുപ്പതു ലക്ഷം യാത്രക്കാരുള്ളതുമായ കരിപ്പൂർ എയർപോർട്ടിന് കേവലം 562 കോടിക്കാണ് കേന്ദ്ര സർക്കാർ വിൽക്കാൻ തയ്യാറായത്. കൂടാതെ എയർപോർട്ട് അതോറിറ്റിക്ക് കിട്ടുന്ന തുക ലേലത്തിന് ശേഷം തീരുമാനിക്കുമെങ്കിലും തിരുവനന്തപുരത്ത് അദാനി നേടിയത് ഒരു യാത്രക്കാരന് 162 രൂപ വെച്ചാണെങ്കിൽ ഇവിടെയും ഏകദേശം അത്രതന്നെയെ ലഭിക്കുകയുള്ളൂ.

ലാഭകരമായി ഓടിക്കൊണ്ടിരിക്കുന്ന കരിപ്പൂരിൽ നിന്നും എയർപോർട്ട് അതോറിറ്റിക്ക് പ്രതിവർഷം കിട്ടാവുന്ന ഏകദേശ വരുമാനം 50 കോടി മാത്രമായി ഒതുങ്ങും. കഴിഞ്ഞ വർഷം വരെ ഏകദേശം 120 കോടി കിട്ടിയിടത്താണ് പകുതിപോലും കിട്ടാത്ത അവസ്ഥയിലേക്ക് ലാഭകരമായ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യ വൽക്കരിക്കുന്നത് എന്ന വിരോധാഭാസം കൂടി നമ്മൾ മനസ്സിലാക്കുന്നത് കരണീയമായിരിക്കും.

ഓപ്പറേറ്റർക്കാണെങ്കിൽ അതിഭീമമായ ലാഭവും ലഭിക്കുന്നു. എയർപോർട്ടിൽ ഒരു യാത്രക്കാരൻ പ്രവേശിക്കുന്നതോടെ അവർ അവിടത്തെ എല്ലാ സേവനങ്ങളും വിലക്ക് വാങ്ങിക്കണം. കുടിക്കുന്ന വെള്ളംപോലും വിലക്ക് വാങ്ങേണ്ടിവരും. യൂസേഴ്സ് ഫീ ഏർപ്പെടുത്തി ലാഭം കൊയ്തെടുക്കാനും ഓപ്പറേറ്റർ മടിക്കില്ല. എല്ലാം സ്വകാര്യ കമ്പനിയുടെ കീഴിലാവുമ്പോൾ അവരുടെ ഇഷ്ടങ്ങളെ എതിർക്കാൻ ആരും തയ്യാറാവില്ല. ഹൈദ്രബാദ്, ബോംബെ, ഡൽഹി, ബാംഗ്ളൂർ എയർപോർട്ടുകളിലെ സേവന ഫീസുകളുടെ നിലവാരം ഉയർന്നതാണെന്ന പരാതികൾ അധികൃതർ ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കൂടാതെ നോൺ-എയ്‌റോനോട്ടിക്കൽ വരുമാനം ഓപ്പറേറ്റർമാരുടെ ഇഷ്ടത്തിന് വിട്ടതിനാൽ അതിൽനിന്നുള്ള വരുമാനത്തിനു കയ്യും കണക്കുമുണ്ടാവില്ല.

മറ്റൊരു ഗ്രീൻ ഫീൽഡ് എയർപോർട്ട് :

എം.കെ.രാഘവൻ എം.പി. അവതരിപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ എയർപോർട്ട് അതോറിറ്റിയും ഡി.ജി.സി.എ.യും അംഗീകരിക്കാത്ത പക്ഷം ഒരു പക്ഷെ എയർപോർട്ട് അതോറിറ്റിയുടെ പഴയ മാസ്റ്റർ പ്ലാനുമായി മുന്നോട്ടു പോവുകയാണെങ്കിൽ കരിപ്പൂർ എയർപോർട്ട് അടുത്തകാലത്തൊന്നും വികസിക്കുകയില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്. കാരണം 152.5 ഏക്കർ സ്ഥലം കേരള സർക്കാർ എടുത്തു നൽകുകഎന്നത് പ്രയാസകരമാണ്, അതോടൊപ്പം കുടിയൊഴിപ്പിക്കലും പുനരധിവാസവും മറ്റൊരു കടമ്പയാണ്.

152.5 ഏക്കറിൽ വികസനം സാധ്യമാവണമെങ്കിൽ എയർപോർട്ട് അതോറിറ്റി ബദൽ മാസ്റ്റർ പ്ലാനിനെക്കാളും ഇരട്ടി തുക ചിലവിടണം. കുന്നുകൾക്കിടയിലെ അഗാധ ഗർത്തങ്ങൾ മണ്ണിട്ട് നികത്താനുള്ള പ്രയാസം മറ്റൊരു കീറാമുട്ടിയാണ്. അങ്ങനെ വരുമ്പോൾ രണ്ടുകൂട്ടരും കരിപ്പൂർ വികസന പദ്ധതി ഉപേക്ഷിക്കുകയോ അഥവാ മുന്നോട്ടു പോയാൽ തന്നെ പണി പൂർത്തിയാവാൻ പത്തോ പതിനഞ്ചോ വർഷങ്ങൾ നീണ്ടുപോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇവിടെയാണ് മറ്റൊരു ഗ്രീൻ ഫീൽഡ് എയർപോർട്ടിനുവേണ്ടിയുള്ള മുറവിളികൾ ഉയരേണ്ടത്. കരിപ്പൂരുപോലുള്ള കുന്നിൻപുറം ഒഴിവാക്കി മറ്റൊരു വിശാലമായ ആയിരം ഏക്കറിൽ കുറയാത്ത സ്ഥലം ഉടനടി കണ്ടെത്തുകയും അവിടെ ഒരു പുത്തൻ എയർപോർട്ട് നിർമ്മിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുകയും ചെയ്യുന്നതായിരിക്കും ഒരു ബ്രൗൺ ഫിൽഡ് എയർപോർട്ട് നവീകരിച്ചു വികസിപ്പിക്കുന്നതിലും ലാഭകരം. ഒരു പക്ഷെ 152.5 ഏക്കറിനുവേണ്ടി കേരള സർക്കാർ ചെലവിടുന്ന തുകയും, കുടിയൊഴിപ്പിക്കൽ പ്രയാസങ്ങളും, നാട്ടുകാരുടെ സമരംങ്ങളും എതിർപ്പുകളും പുതിയ എയർപോർട്ട് സ്ഥലത്തു നേരിടേണ്ടിവരില്ല. എയർപോർട്ട് അതോറിറ്റിക്കും പുതിയ ഗ്രീൻഫീൽഡ് എയർപോർട്ടിൽ ചെലവിടുന്നതായിരിക്കും കരിപ്പൂരിൽ ഏച്ചുകൂട്ടി വികസിപ്പിക്കുന്നതിനേക്കാൾ ലാഭകരം.

മുകളിൽ പറഞ്ഞതുപോലെ മലബാറുകാർ “മലബാർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്” (മിയാൽ) കമ്പനിക്ക് ഉടനടി രൂപം നൽകി ഒന്നുകിൽ നിലവിലുള്ള കരിപ്പൂർ വികസനത്തിൽ പങ്കാളിയായി 2023-ൽ അമ്പതു വർഷത്തേക്ക് പാട്ടത്തിന്നെടുക്കുക. അല്ലെങ്കിൽ മറ്റൊരു ഗ്രീൻഫീൽഡ് എയർപോർട്ടിന് സ്ഥലം കണ്ടെത്തി അതിൽ പങ്കാളിത്തം ഉറപ്പുവരുത്തുക. രണ്ടായാലും “മിയാൽ” യാഥാർഥ്യ മാക്കാനുള്ള ശ്രമത്തിൽ ഉറച്ചു നിൽക്കുക. അതായിരിക്കട്ടെ മലബാറുകാരുടെ പുതിയ എയർപോർട്ട് സ്വപനം.

ഹസ്സൻ തിക്കോടി

ഫോൺ:9747883300

email:hassanbatha@gmail.com 04/09/2021.

Advertisment