Advertisment

കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റുകളെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന ആദ്യം ജനങ്ങളോട് വിവരിക്കുക. അതിനുള്ള ന്യായീകരണങ്ങൾ നൽകിയശേഷം മതി ഇവിടുത്തെ ഈ ഇരട്ടത്താപ്പ് രീതി. സമുദായം സ്വന്തം കാര്യം നോക്കുക, പ്രതിപക്ഷം അവരുടെ കർത്തവ്യം നിറവേറ്റുക. സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുക...

New Update

publive-image

Advertisment

ആരാധനാലയങ്ങളിൽ പോലും വിശ്വാസികൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലും കയ്യാംകളിയും നടത്തുമ്പോഴും ഒരു ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിലും നാളിതുവരെ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടായതായി ശ്രദ്ധയിൽ പ്പെട്ടിട്ടില്ല.

കൊട്ടാരക്കര ബസ് സ്റ്റാൻഡിലാണ് വർഷങ്ങളായി ബെവ്കോ ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്. അതും കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസ് സ്റ്റാൻഡും നിലനിൽക്കുന്ന സ്ഥലത്തോട് ചേർന്ന്.

ആളുകൾ ബസ്സിൽ വരാറുണ്ട്, മദ്യം വാങ്ങി മടങ്ങാറുണ്ട്. ഒരടിപിടിക്കേസ് പോലും ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും അവിടെ യാത്രചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആവശ്യക്കാർ വാങ്ങുന്നു അവരുടെ വഴിക്കു പോകുന്നു. ഓർക്കണം ഔട്ട്ലെറ്റിനു മുന്നിലിരുന്ന്‌ ആരും മദ്യപിക്കാറില്ല.

എന്നാൽ ബാറുകളിൽ അടിപിടി സംഘട്ടനങ്ങളും കൊലപാതകങ്ങളും വരെ നടന്നിട്ടുണ്ട്. അന്ധമായ രാഷ്ട്രീയവിരോധവും ബാറുകാരെ സഹായിക്കാനുമാണ് ഇപ്പോൾ വിവിധഭാഗങ്ങളിൽനിന്നും എതിർപ്പുകൾ വരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു മികച്ച ഉദാഹരണം ഇതാ... എൻ്റെ നാടിനടുത്ത് പ്രവർത്തിച്ചിരുന്ന ഒരു ബെവ്കോ ഔട്ട്ലെറ്റ് കോടതി നിർദ്ദേശത്തെത്തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ സ്ത്രീകളെ വരെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയക്കാർ ദിവസങ്ങളോളം അവിടെ സമരിച്ചു.

ഒടുവിൽ അത് സ്ഥാപിച്ചതോ വളരെ ദുരൂഹമായി മറ്റൊരിടത്തേക്ക്.1000 രൂപപോലും വാടക ലഭിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു ഷെഡിനു 80,000 ത്തോളം രൂപ മാസവാടക നൽകുകയാണ് ഇപ്പോഴും. മനപ്പൂർവ്വം അവിടേക്കത് പറിച്ചുനടനായിരുന്നു ആ സമരങ്ങൾ എന്ന് കരുതാതെ വയ്യ.

അതുപോലെ ഈയടുത്തകാലത്ത് രണ്ടു ബാറുകൾ ഇവിടെ തുറക്കപ്പെട്ടു. ഒരു രാഷ്ട്രീയക്കാരും അതിനെ എതിർത്തില്ല. കെ.സി.ബി.സി യും മദ്യവിരോധന സമിതിയുമൊക്കെ എതിർപ്പുമായി വരുമെന്ന് കരുതിയ പലർക്കും പിഴച്ചു. അവരാരും ഈ പഞ്ചായത്തുകളിൽ പോലും എത്തിനോക്കിയതുമില്ല.

ഗണേഷ്‌കുമാർ എംഎല്‍എ പറഞ്ഞതുപോലെ കൊച്ചി എയർപോർട്ടിൽ ബാർ പ്രവർത്തിക്കുന്നുണ്ട്, എല്ലാ എയർ പോർട്ടുകളിലും മദ്യശാലകൾ നിലവിലുണ്ട്. അതിനൊന്നും ഒരു കുഴപ്പവുമില്ല.

കൂടുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുകയും തിരക്കൊഴിവാക്കുകയും മദ്യം വാങ്ങാൻ വരുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്നത് ബഹു. ഹൈക്കോടതി ഉത്തരവാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത് വളരെ മാന്യമായ നടക്കുന്നുമുണ്ട്.

കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റുകളെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന ആദ്യം ജനങ്ങളോട് വിവരിക്കുക. അതിനുള്ള ന്യായീകരണങ്ങൾ നൽകിയശേഷം മതി ഇവിടുത്തെ ഈ ഇരട്ടത്താപ്പ് രീതി.

സർക്കാരിൽ നിന്ന് 26 ൽപ്പരം അബ്‌കാരി ലൈസൻസുകൾ കെസിബിസി കരസ്ഥമാക്കിയിട്ടുണ്ട് എന്നാണറിവ്. അവരുടെ ബെവ്‌കോ ഔട്ട്ലെറ്റ് വിരുദ്ധത മനസ്സിലാക്കുന്നില്ല. അവരുടെ എതിർപ്പിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വിശ്വാസികളാരും മദ്യപിക്കരുതെന്നും മദ്യവ്യാപാരം നടത്തരുതെന്നും അനുസരിക്കാത്തവരെ സഭയിൽ നിന്നും പുറത്താക്കുമെന്നും പ്രഖ്യാപിക്കാൻ അവർ തയ്യറാകണം.

നയവും നിയമവും നിർമ്മിക്കാനും നടപ്പാക്കാനുമാണ് ജനങ്ങൾ വോട്ടുചെയ്തു സർക്കാരിനെ തെരഞ്ഞെ ടുക്കുന്നത്. അല്ലാതെ ആരുടെയെങ്കിലും ഉമ്മാക്കികാട്ടിയുള്ള വിരട്ടൽ ഭയക്കേണ്ട കാര്യം സർക്കാരിനില്ല.

അതുകൊണ്ട് സമുദായം സ്വന്തം കാര്യം നോക്കുക, പ്രതിപക്ഷം അവരുടെ കർത്തവ്യം നിറവേറ്റുക. സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുക.

voices
Advertisment