Advertisment

ദൈവരക്ഷ ഉണ്ടാകട്ടെ... ഈ ആശംസാ വചനം ഇത്രമേൽ അപരാധമാണോ ? (ലേഖനം)

New Update

publive-image

Advertisment

-ശ്രീജ നെയ്യാറ്റിൻകര

അസ്സലാമു അലൈക്കും എന്ന ഇസ്‌ലാമിക അഭിവാദ്യം പോലും രാജ്യദ്രോഹമാകുന്ന ഒരു രാജ്യത്തിരുന്നു കൊണ്ടാണ് ഞാനീ കുറിപ്പെഴുതുന്നത്. ഈ രാജ്യത്തിന്റെ ഹിന്ദുത്വ കോടതി മുറികളെ കുറിച്ചോർത്ത് സത്യത്തിൽ ഭയം തോന്നുന്നൂ.

പൗരത്വ'പ്രക്ഷോഭത്തിന്റെ ഭാഗമായി ഷഹീൻ ബാഗിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ യു.എ.പി.എ' യും രാജ്യദ്രോഹ കുറ്റവും ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരനും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമാണ് ഷർജിൽ ഇമാം.

ഷർജിൽ ഇമാമിന്റെ കേസ് വാദിക്കുന്നതിനിടയിൽ ഡൽഹി കോടതിയിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നടത്തിയ വാദഗതികൾ ഇവിടത്തെ മതേതതര സമൂഹത്തിൽ ഒരു ചർച്ച പോലും ആകുന്നില്ലഎന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്‌.

അല്ലെങ്കിലും ഈ രാജ്യത്ത് മുസൽമാന്റെ പൗരാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും നമ്മൾ എപ്പോഴാണ് വില കല്പിച്ചിട്ടുള്ളത്? ഈ രാജ്യത്തിന്റെ ഭരണകൂടവും നിയമ സംവിധാനങ്ങളും നീതിപീഠങ്ങളും മുസൽമാനോട് ചെയ്യുന്ന നീതിനിഷേധങ്ങളും പൗരാവകാശ ലംഘനങ്ങളും എപ്പോഴാണ് നമ്മളെ അസ്വസ്ഥപ്പെടുത്തിയിട്ടുള്ളത്?

ആ അസ്വസ്ഥത ഇവിടത്തെ പൊതുബോധത്തിനുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലീങ്ങൾ ഇത്രമാത്രം ക്രൂരമായി വേട്ടയാടപ്പെടില്ലായിരുന്നല്ലോ? ഡൽഹി'കലാപകേസിൽ ഷർജിൽ ഇമാമിനെതിരെ ഡൽഹി കോടതി മുറിക്കുള്ളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നടത്തിയ വാദംആ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ്.

ഷാർജിൽ ഇമാമിന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ അദ്ദേഹം അസ്സലാമു അലൈക്കും'

എന്ന് പറഞ്ഞത്രെ. ഇതൊരു പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചുള്ളതാണത്രെ. ഇന്നലെ പ്രോസിക്യൂട്ടർ അമിത് പ്രസാദ് കോടതി മുറിയിലുയർത്തിയ വാദമാണിത്.

എന്തൊരു ഗതികെട്ട നാടാണിത്?! ഇതൊരു മതേതര രാജ്യമല്ലേ? ഷർജിലിന് എന്നല്ല ആർക്കുംഅവരവരുടെ മതവിശ്വാസ പ്രകാരം ജീവിക്കാനുള്ള അവകാശം ഈ രാജ്യത്തെ ഭരണഘടന അനുവദിക്കുന്നില്ലേ?

ഇസ്‌ലാമിക അഭിവാദ്യം പോലും രാജ്യദ്രോഹമാകുന്ന ഒരു രാജ്യത്തെയാണോ നമ്മൾ മതേതര'രാജ്യം എന്ന് വിളിക്കുന്നത്? ജയ്‌ശ്രീറാംമുഴക്കി കൈയ്യിൽ ആയുധവുമായി അപരന്റെ നെഞ്ചത്തേക്ക് പാഞ്ഞു കയറുന്ന ഹിന്ദുത്വ തീവ്ര വാദികളെ പോലെ അസ്സലാമു അലൈക്കും പറഞ്ഞു കൊണ്ട് ഷർജിൽ ആരുടെയെങ്കിലും നെഞ്ചത്തേക്ക് പാഞ്ഞു കയറിയോ?

അങ്ങനൊരു പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ വാദമാണോ കോടതിയിൽ നടക്കുന്നത്? അസ്സലാമു അലൈക്കും എന്നാൽ ദൈവത്തിന്റെ രക്ഷ നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന് അഭിവാദ്യം ചെയ്യലാണ്.

അങ്ങനെ ഒരു മുസ്‌ലിം ഒരു സദസിനെ അഭിസംബോധന ചെയ്യുമ്പോൾ അതെങ്ങനെയാണ് ഒരു സമുദായത്തെ മാത്രം ഉദ്ദേശിച്ചാകുന്നത്? രാജ്യദ്രോഹമാകുന്നത്? ഒരു മുസ്‌ലിം അങ്ങനെ ആരേയും ആശംസിക്കാൻ പാടില്ല എന്ന് ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ടോ?

ഞാൻ ഒരു മുസ്‌ലിം അല്ല. ഏതെങ്കിലും മതത്തിന്റെ ഫോളോവർ അല്ല. മതവിശ്വാസിയുമല്ല എന്നാൽ എന്റെ ചില മുസ്‌ലിം സുഹൃത്തുക്കൾ എന്നോട് ഫോൺ ചെയ്യുമ്പോഴും നേരിൽ കാണുമ്പോഴും ഒക്കെ അസ്സലാമു അലൈക്കും പറയാറുണ്ട്. തിരിച്ചു ഞാൻ വലൈക്കും മുസസലാം പറയാറുമുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒരാളാണ് ഒ.അബ്ദുള്ള സാഹിബ്. അദ്ദേഹം ഒരിക്കൽ എന്നോട് ചോദിച്ചിരുന്നൂ. ഞാൻ അസ്സലാമു അലൈക്കും പറയുന്നതിൽ ശ്രീജയ്ക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ എന്ന്. ഒരസ്വസ്ഥതയുമില്ല നിങ്ങൾ പറഞ്ഞാൽ ഞാൻ സലാം മടക്കും അത്രേയുള്ളൂ എന്ന് ഞാനും പറഞ്ഞു.

അതവരുടെ ശീലമാണ്. അതൊരു മഹാ അപരാധമായി ഞാൻ കാണുന്നില്ല. അതംഗീകരിക്കുക എന്നതിന്റെ കൂടെ പേരാണ് മതേതരത്വം. എനിക്ക് മതത്തിൽ വിശ്വസിക്കാതിരിക്കാനും എന്റെ മുസ്‌ലിം സുഹൃത്തുക്കൾക്ക് മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഒരേ പോലെ അവകാശം നൽകുന്ന ഒന്നാണ്ഈ രാജ്യത്തിന്റെ ഭരണഘടന.

ആ ഭരണഘടനയെ സംരക്ഷിക്കേണ്ട കോടതി മുറിക്കുള്ളിൽ നിന്നാണ് ഒരു പ്രോസിക്യൂട്ടർ

അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാനുള്ള ഒരു മുസ്ലീമിന്റെ സ്വാതന്ത്ര്യത്തിന് മേൽ രാജ്യദ്രോഹമുദ്ര ചാർത്തുന്നത്.

എന്തൊരു ഭീകരതയാണീ രാജ്യത്ത് അരങ്ങേറി ക്കൊണ്ടിരിക്കുന്നത്? ആ ഭീകരതയ്ക്കെതിരെ ഈ രാജ്യം ബോധപൂർവ്വമായ മൗനം പാലിക്കുക എന്നാൽ പതിയെ പതിയെ ഹിന്ദുത്വയെ അംഗീകരിക്കുക എന്ന് തന്നല്ലേഅർത്ഥം.

അങ്ങനെ ഹിന്ദുത്വയെ അംഗീകരിക്കാൻ മനസ്സില്ല എന്ന് വിളിച്ചു പറയുന്ന, ഹിന്ദുത്വയ്ക്ക് മുന്നിൽ മൗനം പാലിക്കാത്ത, പൊതുബോധത്തിനടിമപ്പെടാത്ത സഹൃദയരിലാണ്, ഒരു ജനതയിലാണ് രാഷ്ട്രീയ പ്രതീക്ഷ.'അസ്സലാമു അലൈക്കും'.

voices
Advertisment