Advertisment

സെപ്റ്റംബര്‍ 11 വാർഷികത്തിൽ ജിഹാദികളുടെ ആഘോഷം... താലിബാന്റെ മടങ്ങിവരവ് 'അള്ളാഹുവിൽനിന്നുള്ള പവിത്ര സന്ദേശം' ആണെന്ന് വെളിപ്പെടുത്തൽ !

New Update

publive-image

Advertisment

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികവുമായി ബന്ധപ്പെട്ട്, ഇതിനെ ജിഹാദികൾ തങ്ങളുടെ ഇരട്ടവിജയമായാണ് ആഘോഷിക്കുന്നത്. താലിബാൻ അഫ്‌ഗാൻ ഭരണം തിരിച്ചുപിടിച്ചതാണ് വലിയ നേട്ടമായി അവർ അവകാശപ്പെടുന്നത്.

അന്ന് അമേരിക്കയിൽ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ അൽ ഖായിദ ഇപ്പോൾ താലിബാന്റെ വിജയത്തിൽ അവരെ അകമഴിഞ്ഞഭിനന്ദിച്ചിരിക്കുകയാണ്. അമേരിക്കയുടെ അഫ്‌ഗാനിൽ നിന്നുള്ള പിന്മാറ്റം പാശ്ചാത്യശക്തികളുടെ മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള പലായനത്തിനുള്ള നാന്ദികുറിക്കലായി അവർ കണക്കാക്കുന്നു.

പാശ്ചാത്യശക്തികൾ ഇസ്ലാമിക രാജ്യങ്ങളിൽനിന്നും അവരുടെ സൈന്യത്തെ മെല്ലെ മെല്ലെ പിൻ‌വലിക്കുന്നു എന്നതും യാഥാർഥ്യമാണ്. ജിഹാദി ഗ്രൂപ്പുകളെല്ലാം ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.

publive-image

സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് 20 വർഷം പിന്നിട്ടിട്ടും ലോകത്ത് ഭീകരവാദം കെട്ടടങ്ങിയിട്ടില്ല. മറിച്ച് കൂടുതൽ ശക്തിപ്രാപിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള അതിതീവ്രനിലപാടുകാരായ ജിഹാദികൾ മൂലം അപകടസാദ്ധ്യത വളരെ കൂടിയിരിക്കുകയുമാണ്.

അമേരിക്കയുടെ പിന്മാറ്റവും താലിബാനറെ മടങ്ങിവരവും 'അള്ളാഹുവിൽനിന്നുള്ള പവിത്ര സന്ദേശം' എന്നാണ് അൽ ഖായിദ ഉൾപ്പെടെയുള്ള ജിഹാദികൾ കണക്കാക്കുന്നത്. ജിഹാദിന്റെ ഈ അഫ്‌ഗാൻ മോഡൽ വിജയം അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചിമ സൈനിക ശക്തികളുടെ കനത്ത പരാജയമായി ജിഹാദി ഗ്രൂപ്പുകൾ വിലയിരുത്തുന്നു.

ഫ്രാൻസ് മാലിയിലും, അമേരിക്ക സിറിയ, ഇറാക്ക് എന്നിവിടങ്ങളിലും തങ്ങളുടെ സൈനികരുടെ എണ്ണം കുറയ്ക്കാൻ പോകുകയാണ്. സൗദി അറേബ്യയിൽ നിന്നും അവർ മെല്ലെമെല്ലെ പിൻവാങ്ങാനുള്ള തയ്യാറെടുപ്പുകളും നടക്കുകയാണ്‌. ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്ക സൊമാലിയയിൽനിന്നും പൂർണ്ണമായി പിന്മാറിയിരുന്നു. ജിഹാദികൾ ഇതെല്ലാം തങ്ങളുടെ പുതിയ അവസരങ്ങളായാണ് കണക്കാക്കുന്നത്.

publive-image

അമേരിക്കയ്ക്ക് വർണ്ണവിവേചനം ഉൾപ്പെടെയുള്ള ആഭ്യന്തരപ്രശ്നങ്ങൾ അനവധിയുണ്ട്. അതിലവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന വസ്തുത ജിഹാദി ഗ്രൂപ്പുകൾക്ക് നന്നായറിയാം. അതുകൊണ്ടാണ് കൂടുതൽ ശക്തരാകുവാൻ അൽ ഖയിദ 2020 ൽ അവരുടെ അണികൾക്ക് നിർദ്ദേശം നൽകിയത്.

അൽ ഖായിദയുടെ ശക്തരായ പ്രതിദ്വന്ദികൾ ഇസ്ലാമിക് സ്റ്റേറ്റ് ആണ്. പരസ്പ്പര ആക്രമണം നടത്തുന്ന ഇവർ തമ്മിലുള്ള യോജിപ്പിന്റെ ഒരു സാദ്ധ്യതയും ഇതുവരെ ദൃശ്യമായിട്ടില്ല.

അഫ്‌ഗാൻ മോഡൽ എന്നത് ജിഹാദികളുടെ പരീക്ഷണവിജയമായാണ് കണക്കാക്കുന്നത്. അമേരിക്കൻ ശക്തികളുടെ വ്യോമ - ഡ്രോൺ ആക്രമണങ്ങളാണ് ജിഹാദികൾ ഏറ്റവും അപകടകരമായി കാണുന്നത്. അതില്ലെങ്കിൽ പലയിടത്തും അധികാരം കയ്യടക്കാൻ കഴിയുമെന്നാണ് അവർ കണക്കാക്കുന്നത്. എന്തായാലും അഫ്‌ഗാൻ മോഡൽ മറ്റു രാജ്യങ്ങളിലും അവർ പരീക്ഷിക്കപ്പെടും എന്നുറപ്പാണ്.

ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണരീതികളോട് അൽ ഖായിദ, താലിബാൻ ഗ്രൂപ്പുകൾക്ക് വിയിജിപ്പുണ്ട്. അത് താൽക്കാലിക വിജയം നൽകുമെങ്കിലും ശാശ്വതമല്ലെന്ന അഭിപ്രായക്കാരാണ് ഇവർ. സിറിയയിലെ ജിഹാദി ഗ്രൂപ്പായ 'ഹയാത് തെഹ്‌രി അൽ ഷാം' (HTS) അന്തരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നേടാൻ നടത്തുന്ന ശ്രമങ്ങളും നയപരമായ മാറ്റങ്ങളും മൂലം അവരെ അൽ ഖയിദ ഉൾപ്പെടെയുള്ള ജിഹാദി സമൂഹം പുറന്തള്ളിയിരിക്കുകയാണ്.

അതുപോലെതന്നെ പലസ്തീനിലെ ഹമാസ് സംഘടനയുമായി ജിഹാദി ഗ്രൂപ്പുകൾക്ക് ശക്തമായ എതിർപ്പുണ്ട്. കാരണം ഹമാസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നു എന്നതുതന്നെ. അതുമാത്രമാണ് അവരുടെ എതിർപ്പി നുള്ള മുഖ്യകാരണം.എങ്കിലും അൽ ഖായിദയ്ക്ക് അവരോടൽപ്പം മൃദുസമീപനമാണുള്ളത്.

ആയുധബലത്താൽ അധികാരം കൈക്കലാക്കി ശരിയത്ത് നിയമപ്രകാരം കർശനായ ചിട്ടകളോടെയും ശിക്ഷാരീതികളോടെയും സ്ഥായിയായ ഭരണം നടത്തുക എന്നതാണ് ജിഹാദി സമൂഹത്തിന്റെ പൊതുവായ ലക്‌ഷ്യം.

publive-image

ആ ലക്ഷ്യം അഫ്‌ഗാനിൽ പിഴയ്ക്കുമോ എന്നാണറിയേണ്ടത്. ശരിയത്ത് നിയമത്തിൽ ഇളവുകൾ നൽകാൻ താലിബാൻ ശ്രമിച്ചാൽ അവർ ജിഹാദി സമൂഹത്തിൽ ഒറ്റപ്പെടുമെന്നുറപ്പാണ്. താലിബാൻ ഭരണം ജിഹാദി ഗ്രൂപ്പുകളുടെ പൂർണ്ണ നിരീക്ഷണത്തിലാണ്.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും അംഗീകാരവും നേടിയെടുക്കാൻ ശരിയത്ത് നിയമങ്ങളിൽ ഇളവുകൾ നല്കപ്പെട്ടാൽ ജിഹാദി സമൂഹം ഒരിക്കലും അടങ്ങിയിരിക്കില്ല. അൽ ഖായിദ ഇപ്പോൾത്തന്നെ താലിബാന്റെ ചില നടപടികളിൽ എതിർപ്പുകൾ രേഖപ്പെടുത്തിയതായി പറയപ്പെടുന്നുണ്ട്. ഉദാഹരണത്തിന് അന്യസമുദായങ്ങളോടും അയൽ രാജ്യങ്ങളോടുമുള്ള താലിബാന്റെ സൗഹൃദ സമീപനം ജിഹാദികൾക്ക് ഒട്ടും സ്വീകാര്യമല്ല.

ഇതിനിടെ താലിബാൻ ഗ്രൂപ്പുകളിലെ അസംതൃപ്തി മുതലെടുത്ത് ആളുകളെ തങ്ങളിലേക്കാകർഷിക്കാൻ അഫ്‌ഗാനിൽ വേരൂന്നിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ശ്രമം നടത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

ആഫ്രിക്ക, യമൻ, സിറിയ, മാലി, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അൽ ഖായിദയ്ക്ക് വേരുകളുണ്ട്. അവിടെയൊക്കെ പ്രവർത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളുമായി അവർക്ക് ഉറ്റ ബന്ധവുമുണ്ട്.

അൽ ഖായിദ, ആക്രമണത്തിനായി മുഖ്യമായും ലക്ഷ്യമിടുന്നത് പാശ്ചാത്യരെയും യഹൂദരെയുമാണ്. അമേരിക്കയും ഫ്രാൻസുമാണ് അവരുടെ ഒന്നാം നമ്പർ ശത്രുക്കൾ.

ഫ്രാൻസ് അവരുടെ മുഖ്യശത്രുവാകാൻ കാരണം അവിടുത്തെ വിവാദ മാഗസിനായ ഷാർലി ഹെബ്ദോയിൽ പ്രവാചകനുമായി ബന്ധപ്പെട്ട കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ചതുമൂലമാണ്.

2020 ഒക്ടോബർ 16 ന് പാരീസിൽ സാമുവൽ പെറ്റി എന്ന അധ്യാപകനെ തലയറുത്തു കൊലപ്പെടുത്തിയ അബ്ദുല്ല അഞ്ചോറോഫിനെയും ഷാർലി ഹെബ്ദോ ഓഫീസിൽ കത്തിക്കുത്ത് നടത്തിയ ജാഹീർ ഹസൻ എന്ന പാക്കിസ്ഥാൻ സ്വാദേശിയെയും അൽ ഖയിദ ഉൾപ്പെടെയുള്ള ജിഹാദി സംഘടനകൾ ധാരാളം അഭിനന്ദിച്ചിരുന്നു.

publive-image

ഫ്രാൻസിൽ അധികൃതമായും അനധികൃതമായും താമസിക്കുന്ന മുസ്ലീങ്ങളോട് പ്രവാചകനുവേണ്ടി ഫ്രാൻസിനോട് പ്രതികാരം ചെയ്യാൻ അൽ ഖായിദ (Al-Qaeda in the Arabian Peninsula) പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനിൽ ഒരു തീവ്രവാദഗ്രൂപ്പുകൾക്കും പ്രവർത്തിക്കാൻ അനുവാദം നൽകില്ലെന്നും, മറ്റൊരു രാജ്യത്തിനു ഭീഷണിയുണ്ടാകുന്ന നടപടികൾ അഫ്ഗാൻ മണ്ണിൽ ഉണ്ടാകില്ലെന്നും ന്യൂനപക്ഷങ്ങൾക്ക് തുല്യമായ പദവി ഉറപ്പാക്കുമെന്നും വിദേശികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും താലിബാൻ, ദോഹ ഉടമ്പടിയിലൂടെ ലോകരാജ്യങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ഈ ഉറപ്പുകൾ പാലിക്കപ്പെടുമോ അതോ ജിഹാദി ഗ്രൂപ്പുകളുടെ സമ്മർദ്ദ തന്ത്രങ്ങൾക്കുവഴങ്ങി വീണ്ടും പഴയ പന്ഥാവിലേക്കവർ മടങ്ങുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

(ഈ ലേഖനം ബിബിസി സ്‌പെഷ്യൽ റിപ്പോർട്ടർ 'മീന അൽ ലാമി' യുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)

voices
Advertisment