ലേഖനങ്ങൾ

യഥാർത്ഥത്തിൽ റോം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നോ ?

പ്രകാശ് നായര്‍ മേലില
Sunday, September 19, 2021

യഥാർത്ഥത്തിൽ റോം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നോ ? നമുക്കറിയാം, വിശ്വപ്രസിദ്ധമാണ് ഈ വാക്കുകൾ “Nero fiddled while Rome burned”. ഫിഡില്‍ (violin) ആണോ ഫ്ലൂട്ട് (Flute) ആണോ അദ്ദേഹം വായിച്ചതെന്ന് വ്യക്തതയില്ലെങ്കിലും സംഭവം നടന്നത്‌ ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലാണ്. വയലിനും ഫ്ലൂട്ടുമൊക്കെ കണ്ടുപിടിച്ചതാകട്ടെ ഏഴാം നൂറ്റാണ്ടിലാണെന്നും പറയപ്പെടുന്നു.

റോം നഗരത്തിന് തീയിട്ടത് നീറോ തന്നെയാണെന്നും തൻ്റെ സ്വപ്നത്തിലുള്ള മനോഹരവും വിശാലവുമായ ഒരു നഗരം പണിയുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ചില ചരിത്രകാരന്മാർ വിലയിരുത്തുന്നു.

നീറോ ചക്രവർത്തി ഇതുഹാസത്തിലെ ഏറ്റവും വലിയ ക്രൂരനായ ഒരു ഭരണാധികാരിയായാണ് അറിയ പ്പെടുന്നത്. അദ്ദേഹം സ്വന്തം മാതാവിനെയും ഭാര്യമാരെയും സഹോദരന്മാരെയും , ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തെയും കൊലചെയ്യുകയും കൊട്ടാരത്തിലുണ്ടായിരുന്ന ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.റോമാ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തിയായിരുന്നു നീറോ എന്ന Nero Claudius Caesar Augustus Germanicus.

A.D 54 മാണ്ടിൽ കേവലം 16 മത്തെ വയസ്സിൽ മാതാവ് അഗ്രിപ്പിന (Julia Agrippina) യുടെ ബുദ്ധിസാമർഥ്യത്താൽ വിശാലമായ റോമാ സാമ്രാജ്യത്തിൻ്റെ അധിപനായി നീറോ മാറപ്പെട്ടു. സ്‌പെയിൻ മുതൽ വടക്ക് ബ്രിട്ടൻ വരെയും കിഴക്ക് സിറിയ വരെയും നീണ്ടു വിശാലമായിരുന്നു അക്കാലത്തെ റോമ സാമ്രാജ്യം.

നീറോയുടെ മാതാവ് അഗ്രിപ്പിന ഭർത്താവിന്റെ (നീറോയുടെ പിതാവ്) മരണശേഷം സാമ്രാട്ട് ക്ളാഡിയാസിനെ (Claudius) വിവാഹം കഴിക്കുകയും മകൻ നീറോയെക്കൊണ്ട് ക്ലാഡിയസിന്റെ മകളെ വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ഇതിൽ അഗ്രിപ്പിന ലക്ഷ്യമിട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന് റോയൽ കുടുംബത്തിലെ അംഗമാകുക, രണ്ട് മകനെ രാജ്യഭരണത്തിൻ്റെ ഉത്തരാധികാരിയാക്കുക. സാമ്രാട്ട് ക്ലാഡിയസിന് ഒരു മകൻ വേറെയുമുണ്ടായിരുന്നു.

ക്ലാഡിയസ് മരണപ്പെട്ടു. അഗ്രിപ്പിന വിഷം കൊടുത്ത് കൊന്നതാണെന്ന അഭ്യൂഹം വ്യാപകമായിരുന്നു. അങ്ങനെ അമ്മയുടെ കരുനീക്കങ്ങളിലൂടെ നീറോ, റോം സാമ്രാജ്യത്തിന്റെ രാജാവാകുകയും അമ്മ അഗ്രിപ്പിന അദ്ദേഹത്തിൻ്റെ ഉപദേശകയാകുകയുമായിരുന്നു. നീറോയുടെ ആദ്യകാല ഭരണം വളരെ പ്രശംസാവഹമായിരുന്നു. ജനങ്ങളുടെ ക്ഷേമവും സുരക്ഷയും കായികവിനോദങ്ങളും അക്കാലത്ത് മുഖ്യമായും പരിപാലിക്കപ്പെട്ടു.

എന്നാൽ മെല്ലെ മെല്ലെ അമ്മയുമായി നീറോ അകന്നു. അമ്മയുടെ അതിരുകടന്ന ഇടപെടൽ അസഹനീയ മായി മാറി. അമ്മയെ വധിക്കാനുള്ള ആദ്യപ്ലാൻ പരാജയപ്പെട്ടെങ്കിലും വീണ്ടും ഒരു കൊലയാളിയെ ആ ഉദ്യമത്തിനായി നിയമിക്കപ്പെട്ടു. മാതാവിനെ വധിക്കാനുള്ള നീറോ ചക്രവർത്തിയുടെ കൽപ്പന അഗ്രിപ്പിനയെ നിയുക്ത കൊലയാളി അറിയിച്ചപ്പോൾ ഗർഭിണിയായിരുന്ന അവർ തൻ്റെ നിറവയർ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞുവത്രേ “നീറോയുടെ പാപം ഉറങ്ങുന്ന ഈ വയറിൽത്തന്നെ കത്തി കുത്തിയിറക്കുക” എന്ന്.

മകനെ പൂർണ്ണമായും വരുതിയിലാക്കാൻ അഗ്രിപ്പിന നീറോയുമായി നിരന്തരം ശാരീരികബന്ധം പുലർത്തിയിരുന്നതായും അങ്ങനെ കൊല്ലപ്പെടുമ്പോൾ അവർ ഗർഭിണിയായിരുന്നതായും ചില ചരിത്രഗവേഷകർ വിലയിരുത്തുന്നു. കൂടുതൽ അധികാരവും സ്വാതന്ത്ര്യവും മോഹിച്ചിരുന്ന നീറോ അമ്മയെ ഒഴിവാക്കിയതിലൂടെ ഏറെ കരുത്തനായ ഏകാധിപതിയായി മാറി.

സ്വന്തം ഭാര്യ ഒക്ടോവിയ ആയിരുന്നു നീറോയുടെ അടുത്തലക്ഷ്യം. ഒക്ടോവിയയെ നിർദ്ദയം കൊലപ്പെടുത്തിയ നീറോ പിന്നീട് മറ്റൊരു ഭാര്യയും പൂർണ്ണ ഗർഭിണിയുമായിരുന്ന പോപ്പിയോയെയും കാലപുരിക്കയച്ചു.

നീറോയുടെ ഭരണത്തിന്റെ ആദ്യ അഞ്ചുവർഷക്കാലം റോമിന്റെ സ്വർണ്ണയുഗം എന്നാണ് പറയപ്പെടുന്നത്. ജനക്ഷേമത്തിനും രാജ്യ അഭിവൃദ്ധിക്കുമായി അദ്ദേഹം കൈക്കൊണ്ട ഭരണരീതികൾ എല്ലാവരാലും ഏറെ പ്രശംസിക്കപ്പെട്ടു. രാജ്യം മെല്ലെമെല്ലെ അഭിവൃദ്ധിയിലേക്ക് കുതിച്ചു.

എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. ജൂലിയസ് ക്ളാഡിയാസ് രാജവംശത്തിലെ അഞ്ചാമത്തെയും അവസാനത്തെയും രാജാവായിരുന്ന നീറോയുടെ പതനവും അന്ത്യവും അദ്ദേഹത്തിൻ്റെ 30 മത്തെ വയസ്സിലായിരുന്നു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യമാകെ വെറുക്കപ്പെട്ടവനായി നീറോ മാറപ്പെട്ടു.

നീറോയെ കണ്ടുകിട്ടുന്നിടത്തുവച്ച് കൊലപ്പെടുത്താനായിരുന്നു റോമിലെ സെനറ്റിന്റെ ഉത്തരവ്. എന്നാൽ നീറോ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

റോമാ നഗരം കത്തിയമർന്ന ചരിത്രം !

A.D 64 ലാണ് റോമാനഗരം കത്തിയമരുന്നത്. റോം കത്തിയെരിഞ്ഞപ്പോൾ നീറോയ്ക്ക് പ്രത്യേക ഭാവവ്യ ത്യാസമൊന്നുമില്ലായിരുന്നെന്നും അദ്ദേഹം അതാഗ്രഹിച്ചുന്നതുപോലെയായിരുന്നു പെരുമാറ്റമെന്നും അതു കൊണ്ടുതന്നെ ആ അഗ്നിബാധയ്ക്കു പിന്നിലെ കറുത്ത കരങ്ങൾ നീറോയുടേത് തന്നെയെന്നുറപ്പിക്കാമെന്നും ചരിത്രകാരന്മാർ ആവർത്തിക്കുന്നു.

ഇതുമൂലമാണ്‌ പിൽക്കാലത്ത് “റോം കത്തിയെരിഞ്ഞപ്പോൾ നീറോ വീണ വായിക്കുകയായിരുന്നു” എന്ന ഒരു പഴമൊഴിതന്നെ രൂപം പ്രാപിച്ചതെന്നും അവർ പറയുന്നു.

തൻ്റെ സ്വപ്നനഗരവും ഗോൾഡൻ ഹൗസും റോമിൽ പണിതുയർത്തുകയായിരുന്നു നീറോയുടെ ലക്‌ഷ്യം. എന്നാൽ ചരിത്രകാരന്മാരിലും ഈ അഗ്നിബാധയുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമുണ്ട്. നീറോയാണ് അഗ്നിബാധയ്ക്ക് പിന്നിലെങ്കിൽ അദ്ദേഹത്തിൻ്റെ രാജകൊട്ടാരവും എങ്ങനെ അഗ്നിക്കിരയായി എന്നാണവർ ചോദിക്കുന്നത്. മാത്രവുമല്ല ഒന്നാം നൂറ്റാണ്ടിൽ നീറോ വായിച്ചു എന്ന് പറയുന്ന വാദ്യോപകരണം കണ്ടുപിടിച്ചതുതന്നെ ഏഴാം നൂറ്റാണ്ടിലാണ്.

എന്തായാലും റോം നഗരം കൂടുതൽ മനോഹാരിതയോടെ വീണ്ടും നിർമ്മിക്കപ്പെട്ടു. വീതിയുള്ള പാതകളും പൂന്തോട്ടങ്ങളും കൊണ്ട് നഗരം ഗംഭീരമാക്കപ്പെട്ടു.

റോം നഗരത്തിലെ അഗ്നിബാധയുടെ മുഴുവൻ ഉത്തരവാദിത്വവും അക്കാലത്തെ ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യൻ സമൂഹത്തിനുമേൽ ആരോപിക്കപ്പെട്ടു. റോമിൽ അന്ന് ക്രിസ്താനികൾ വളരെ കുറവായിരുന്നു. ക്രിസ്തുമതത്തെപ്പറ്റി ആളുകൾക്ക് കൂടുതൽ അറിവുമില്ലായിരുന്നു. അതുകൂടാതെ ഇവരെ വളരെ അവജ്ഞയോടെയാണ് സമൂഹം അക്കാലത്ത് കണ്ടിരുന്നതും.

ക്രിസ്ത്യൻ സമൂഹത്തിനുമേൽ ആരോപണം ചുമത്തുക വളരെ എളുപ്പമായിരുന്നു. ദുർബലസമൂഹമെന്ന നിലയിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അവരെ പ്രതിക്കൂട്ടിൽ നിർത്തിയത് ജനങ്ങളും വിശ്വസിച്ചു. ക്രിസ്താനി കളെ റോമിലെ അഗ്നിബാധയ്ക്ക് കാരണക്കാരായ കുറ്റവാളികളാക്കി പിടികൂടാൻ നീറോതന്നെ ഉത്തരവിറക്കി.

വളരെ ക്രൂരമായാണ് അവരെ വേട്ടയാടിയത്. നിരവധിയാളുകളെ തൂക്കിലേറ്റി. ചലരെ ജീവനോടെ വേട്ടനായ്ക്കൾക്കും കാട്ടുമൃഗങ്ങൾക്കും മുന്നിലെറിഞ്ഞുകൊടുത്തു. മറ്റു ചിലരെ അഗ്നിയിലിട്ടു കൊന്നു. ഈ ശിക്ഷകൾ കാണുന്നതിനായി വലിയ ജനക്കൂട്ടത്തെ ക്ഷണിച്ചിരുന്നു. അവർക്കുമുന്നിലാണ് ശിക്ഷകൾ നടപ്പാക്കിയിരുന്നത്.

Nero fiddled while Rome burned” ? എന്ന വിഷയത്തിൽ വ്യക്തമായ ഉത്തരം പറയാൻ ഇനിയും കഴിയില്ലെങ്കിലും നീറോ ചക്രവർത്തി പാട്ടുകൾ പാടുമായിരുന്നെന്നും കൊലചെയ്യപ്പെട്ട ഭാര്യയുടെ മുഖാവരണമണിഞ്ഞു അക്കലത്തെ നാടകങ്ങളിൽ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നെന്നും ഇതിഹാസകാരന്മാർ വെളിപ്പെടുത്തുന്നുണ്ട്.

×