ലേഖനങ്ങൾ

ഉദ്യോഗസ്ഥരും അധികാരികളും ജാഗ്രതൈ ! വിവരാവകാശനിയമം പാലിച്ചില്ലെങ്കിൽ കയ്യാമം ഉറപ്പ് !!

പ്രകാശ് നായര്‍ മേലില
Tuesday, September 21, 2021

മദ്ധ്യപ്രദേശ് വിവാരാവകാശ കമ്മീഷണർ രാഹുൽ സിംഗ്

രണ്ടു വർഷമായി വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പാലിയ്ക്കാതിരുന്ന ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ (CMHO) നെ അറസ്റ്റ് ചെയ്യാനും ഹെൽത്ത് കമ്മീഷണർ നേരിട്ട് ഹാജരാകാനും കമ്മീഷൻ ഉത്തരവ്.

വിവരാവകാശ നിയമപ്രകാരം നൽകപ്പെടുന്ന അപേക്ഷകൾക്ക് പുല്ലുവില കൽപ്പിക്കുകയും ആവശ്യപ്പെടുന്ന വിവരങ്ങളോ രേഖകളോ നൽകാതെ ജനങ്ങളെയും വിവരാവകാശ കമ്മീഷനെയും വട്ടം ചുറ്റിക്കുകയും ചെയ്യുന്ന ഒരുപറ്റം അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ള ശക്തമായ മുന്നറിയിപ്പാണ് മദ്ധ്യപ്രദേശ് സംസ്ഥാന വിവാർവകാശ കമ്മീഷണർ രാഹുൽ സിംഗിന്റെ ഇന്നത്തെ ഉത്തരവ്.

30 ദിവസത്തിനകം നൽകേണ്ട ആര്‍ടിഐ നിയമ പ്രകാരമുള്ള വിവരമാണ് 3 വർഷമായിട്ടും അധികാരികൾ മനപ്പൂർവ്വം നൽകാതിരുന്നത്. മദ്ധ്യപ്രദേശിൽ ബുർഹാൻ ജില്ലയിലെ ആരോഗ്യവകുപ്പിൽ ഡ്രൈവർമാരുടെ നിയമനവും സെലക്ഷനും സംബന്ധിച്ച വിവരം തേടി 2017 ഒക്ടോബർ മാസം, ബുർഹാൻ സിഎംഎച്ച്ഒ ഡോക്ടർ വിക്രം സിംഗിന് സമർപ്പിച്ച വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിൽ നിയമപ്രകാരം മറുപടി നൽകാനുള്ള 30 ദിവസത്തിനുള്ളിൽ യാതൊരു വിവരവും അപേക്ഷകന് നൽകപ്പെട്ടില്ല എന്നതുകൂടാതെ ആദ്യ അപ്പലെറ്റ് അധികാരി നൽകിയ നിർദ്ദേശവും സിഎംഎച്ച്ഒ പാലിച്ചതുമില്ല.

ആരോഗ്യവകുപ്പ് കമ്മീഷണർ ആകാശ് തൃപാഠിയും സിഎംഎച്ച്ഒ ഡോക്ടർ വിക്രം സിംഗും

ഇതേത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ 5 തവണ കമ്മീഷൻ സിഎംഎച്ച്ഒയ്ക്ക് സമൻസ് അയച്ചെങ്കിലും ഒരു തവണപോലും അദ്ദേഹം കമ്മീഷനുമുന്നിൽ ഹാജരാകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആരോഗ്യവകുപ്പ് കമ്മീഷണറോട് സിഎംഎച്ച്ഒയെ കമ്മീഷനുമുന്നിൽ ഹാജരാക്കാൻ നിർദ്ദേശിച്ചുവെങ്കിലും കമ്മീഷണറും ആ നിർദ്ദേശം പൂർണ്ണമായും അവഗണിച്ചു.

ഒടുവിൽ 2020 ഡിസംബർ 16 ന് വിവരാവകാശ കമ്മീഷൻ സിഎംഎച്ച്ഒയ്ക്കുമേൽ 25000 പിഴ ചുമത്തുകയും പിഴ ഒരു മാസത്തിനകം കമ്മീഷനിൽ അടച്ചില്ലെങ്കിൽ സിഎംഎച്ച്ഒയുടെ ശമ്പളത്തിൽ നിന്നും തുക പിൻവലിച്ച് കമ്മീഷനിൽ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് കമ്മീഷണർക്ക് ഉത്തരവും നൽകപ്പെട്ടു.

എന്നാൽ ഈ ഉത്തരവും പാലിക്കപ്പെട്ടില്ല. തുടർന്ന് 2021 ആഗസ്റ്റ് 27 വരെ 4 തവണ ഉത്തരവ് നടപ്പാക്കാനും അതിനു കഴിയില്ലെങ്കിൽ കമ്മീഷണർ നേരിട്ട് ഹാജരാകാനും നൽകിയ സമൻസുകൾക്കും മറുപടി നൽകുകയോ കമ്മീഷണർ വിവരാവകാശ കമ്മീഷനുമുന്നിൽ ഹാജരാകുകയോ ചെയ്തില്ല എന്നതാണ് അതിശയകരമായ വസ്തുത.

കമ്മീഷന്റെ നിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും ലവലേശം വിലകൽപ്പിക്കാതിരുന്ന സിഎംഎച്ച്ഒയുടെയും ആരോഗ്യവകുപ്പ് കമ്മീഷണറുടെയും നടപടികൾ വിവരാവകാശനിയമപ്രകാരം ഭരണഘടന, പൗരന് അനവ ദിച്ചുനല്കിയിട്ടുള്ള അറിയാനുള്ള അവകാശത്തിന്റെ (RTI act 19 (1) പരിപൂർണ്ണ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി.

സുതാര്യമായ ഭരണസംവിധാനത്തിന് ആര്‍ടിഐ നിയമം പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും അധികാരികൾ മനപ്പൂർവ്വം വിവരങ്ങൾ നല്കാതിരുന്നതും നിയമത്തെ അവഹേളിച്ചതും ഗുരുതരമായ കുറ്റമായും കമ്മീഷൻ കണ്ടെത്തി.

ആര്‍ടിഐ നിയമത്തെ അവഹേളിക്കുന്നത് നിശബ്ദം കണ്ടുനിൽക്കാൻ കമ്മിഷനാകില്ല. ആര്‍ടിഐ അപ്പീൽ നടപടികൾ തടസ്സപ്പെടുത്താനാണ് സിഎംഎച്ച്ഒയും കമ്മീഷണറും ശ്രമിച്ചത്. ഇത് കണ്ടെല്ലെന്നു നടിച്ചാൽ ആര്‍ടിഐ നിയമം ഉത്തര വാദിത്വപ്പെട്ടവർക്ക് വെറും തമാശയായി മാറപ്പെടുമെന്ന് വിവരാവകാശകമ്മീഷണർ രാഹുൽ സിംഗിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതേത്തുടർന്ന് സിഎംഎച്ച്ഒ ഡോക്ടർ വിക്രം സിംഗിനെതീരെ കമ്മീഷൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ആരോഗ്യവകുപ്പ് കമ്മീഷണറോട് 2021 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

സിഎംഎച്ച്ഒ ഡോകടർ വിക്രം സിംഗിനെ അറസ്റ്റ് ചെയ്‌ത്‌ 2021 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ കമ്മീഷൻ മുൻപാകെ ഹാജരാക്കാനുള്ള വാറണ്ട് ഇൻഡോർ ഡിവിഷൻ ഡിഐജിക്കാണ് കമ്മീഷൻ നൽകിയിരിക്കുന്നത്.

മദ്ധ്യപ്രദേശ് വിവരാവകാശ കമ്മീഷണറുടെ ധീരവും മാതൃകാപരവുമായ നടപടി മറ്റുള്ള സംസ്ഥാന കമ്മീഷനുകളും അനുകരിക്കേണ്ടതുതന്നെയാണ്.

വിവരാവകാശനിയമം 7 (1) വകുപ്പുപ്രകാരം ആവശ്യപ്പെടുന്ന വിവരമോ രേഖയോ ലഭിക്കാത്തപക്ഷം വീഴ്ചവരുത്തിയ അധികാരിയിൽനിന്നും വകുപ്പ് 20 അനുസരിച്ച് ദിവസം 250 രൂപ കണക്കാക്കി 25000 രൂപവരെ പിഴ ഈടാക്കാവുന്നതാണ്.

ഈ ഉത്തരവ് പാലിക്കേണ്ടത് പ്രസ്തുത അധികാരിയുടെ മേലുദ്യോഗസ്ഥനാണ്. ഉത്തരവ് പാലിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്‌. ഇതുകൂടാതെ പ്രസ്തുത ഉദ്യോഗസ്ഥനോ അധികാരിക്കോ എതിരേ വകുപ്പുതല നടപടി കൈക്കൊള്ളാനും കമ്മീഷന് നിർദ്ദേശം നല്കാവുന്നതുമാണ്.

×