'സർവ്വരാജ്യ മഹിളകളേ സംഘടിക്കുവിൻ... നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ' ! - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ

New Update

publive-image

Advertisment

പ്രമുഖ ചിന്തകനും മാർക്സിയൻ തത്വശാസ്ത്ര ശില്പിയുമായിരുന്ന കാൾ മാർക്സിന്റെ വിശ്വപ്രസിദ്ധ മുദ്രാ വാക്യം "സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങു കളല്ലാതെ" അൽപ്പം ഭേദഗതികളോടെ അവതരിപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ.

സുപ്രീം കോടതിയിലേക്ക് പുതുതായി നിയമിക്കപ്പെട്ട 9 പുതിയ ജഡ്ജിമാരെ അഭിനന്ദിക്കാൻ മഹിളാ അഭിഭാഷകർ ഇന്നലെ (ഞായറാഴ്ച) സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം കാൾ മാർക്സിന്റെ വാക്കുകൾ ഉദ്ധരിച്ചത്.

ജ്യുഡീഷ്യറിയിൽ വനിതകൾക്ക് 50 % സംവരണം അനിവാര്യമാണ്. ഇതോടൊപ്പം രാജ്യമെമ്പാടുമുള്ള ലോ കോളേജുകളിൽ ഇതേ നിരക്കിൽ വനിതാ സംവരണം ഉറപ്പാക്കേണ്ടതുണ്ട്.

ഇത് വനിതകളുടെ അവകാശമാണ്. ആരുടേയും ഔദാര്യമല്ല. ഇന്ത്യയിലെ കീഴ്‌ക്കോടതികളിൽ 30 % മാത്രമാണ് വനിതാ ജഡ്ജിമാർ.ഹൈക്കോടതികളിലാകട്ടെ 11.5 % വും സുപ്രീം കോടതിയിൽ 11 % വും മാത്രം. ഈ കണക്കുകൾ നിരത്തി ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യയിലൊട്ടാകെയായി ഏതാണ്ട് 17 ലക്ഷം അഭിഭാഷകരുണ്ട്. ഇതിൽ വനിതകൾ കേവലം 15 % മാത്രമാണ്. സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് വെറും 2 % വനിതാ അഭിഭാഷകർ മാത്രമാണ് തെരഞ്ഞെടുക്കപ്പെ ടുന്നത്. അതിശയകരമായ മറ്റൊരു വസ്തുത ദേശീയ ബാർ കൗൺസിൽ എക്‌സിക്യൂട്ടീവിൽ ഒരു വനിതാ അഭിഭാഷക പോലുമില്ലെന്ന വസ്തുതയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഈ അവസ്ഥ മാറിയേ തീരൂ. അതിനായി കാൾ മാർക്സിന്റെ വിശ്വപ്രസിദ്ധ മുദ്രാവാക്യം "സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ" എന്നതിൽ ചെറിയ തിരുത്തൽ വരുത്തി "സർവ്വരാജ്യ മഹിളകളേ സംഘടിക്കുവിൻ, നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ" എന്ന മുദ്യാവാക്യം നിങ്ങൾക്കായി ഞാൻ നൽകുന്നു എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

മഹിളാ അഭിഭാഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം സൂചിപ്പിച്ചു. നല്ല ശുചിമുറികളും കുട്ടികളെ സംരക്ഷിക്കാനും അവർക്ക് കളിക്കാനും ഉറങ്ങുവാനുമുള്ള സൗകര്യങ്ങളും കോടതികളിൽ ഇന്ന് ലഭ്യമല്ല. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വളരെ ഉന്നതമായ രീതിയിലാണ് ഇതെല്ലാം സജ്ജമാക്കിയിരിക്കുന്നത്. മുതലാളിത്വമെന്നു പറഞ്ഞ് മുഖം തിരിക്കാതെ നല്ലതിനെ സ്വീകരിക്കാൻ നമ്മൾ ശീലിക്കേണ്ടതുണ്ട്.

മാറ്റങ്ങൾക്കായി ജ്യുഡീഷറി ഇപ്പോൾ ശ്രമിക്കുകയാണ്. അതിനുവേണ്ട സമ്മർദ്ദങ്ങൾ എക്‌സിക്യൂട്ടീവിൽ ചെലുത്തുന്നുമുണ്ട്. മാറ്റങ്ങൾ അനിവാര്യവുമാണ്‌. അത് ഉണ്ടാകുകതന്നെവേണം. ജനസംഖ്യയുടെ പകുതിവരുന്ന വനിതകൾക്ക് 50 % സംവരണം ജുഡീഷ്യറിയിൽ ഉറപ്പാക്കുകതന്നെ വേണം. ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.

സുപ്രീം കോടതിയിൽ ഇപ്പോൾ കേവലം 4 വനിതാ ജഡ്ജിമാരാണുള്ളത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ബേല എം.ത്രിവേദി, ജസ്റ്റിസ് ഹിമാ കോഹ്ലി എന്നിവരാണ് ആ 4 വനിതാ ജഡ്ജിമാർ. ഇതിൽ ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ സുപ്രീം കോടതിയിലെ ആദ്യ മഹിളാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടും എന്ന് കരുതപ്പെടുന്നു.

Advertisment