സായിപ്പന്മാരുടെ വിചാരം ഇന്ത്യ ഇപ്പോഴും അവരുടെ കോളണിയാണെന്നും ഇന്ത്യക്കാരെല്ലാം ഇന്നും അവരുടെ അടിമകളാണെന്നുമാണ്. അതവരുടെ വാക്കുകളിലും പ്രവർത്തികളിലും പരോക്ഷമായി പലപ്പോഴും തെളിഞ്ഞിട്ടുള്ളതുമാണ്.
ബ്രിട്ടനിൽ പോയിട്ടുള്ളവർക്കറിയാം ഇന്ത്യക്കാരെ അവർ എമിഗ്രെഷനിൽ ഒരു കാരണവുമില്ലാതെ മണിക്കൂറുകളോളം തടഞ്ഞുവച്ചു രസിക്കുന്നത്. അതവർക്കൊരു സന്തോഷമാണ്,ക്രൂര വിനോദമാണ്.
അത്തരത്തിലൊരു വിനോദമായിരുന്നു കഴിഞ്ഞമാസം കോവിഷീൽഡ് 2 ഡോസെടുത്ത ഇന്ത്യക്കാർക്കും ബ്രിട്ടനിൽ 10 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയുള്ള ഇവന്മാരുടെ കോത്താഴത്തെ ഉത്തരവ്.
ഓർക്കണം ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് ഇന്ത്യയിൽ ഉപയോ ഗിക്കുന്ന കോവിഷീൽഡ് വാക്സിൻ. അതുതന്നെയാണ് AstraZeneca vaccine എന്ന പേരിൽ യുകെ, ബ്രസീൽ ഉൾപ്പെടെ 25 ൽ അധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്നതും ഡബ്ല്യുഎച്ച്ഒ പൂർണ്ണമായി അംഗീകരിച്ചതും.
പക്ഷേ അതൊന്നും തൊലിവെളുത്ത സായിപ്പിന് ബാധകമല്ല. രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ കൊള്ളയടിച്ച് ഇന്ത്യക്കാരുടെ ചോര ഊറ്റിയെടുത്ത പണം കൊണ്ട് സമ്പന്നരെന്ന് ഒരുളുപ്പുമില്ലാതെ ഞെളിഞ്ഞുനടക്കുന്നവൻ വളി വിട്ടാൽ അതിനുവിളി കേൾക്കുന്നവരാണ് ഇന്ത്യക്കാരെന്ന ധാരണ ഇപ്പോൾ അവന്മാർക്ക് മാറിക്കിട്ടി.
ഉരുളയ്ക്കുപ്പേരിപോലെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷുകാരനും കോവിഡ് ഏകാന്തവാസം 10 ദിവസം അനുഭ വിച്ചേ മതിയാകൂ എന്ന ഇന്ത്യയുടെ തിരിച്ചടിയിൽ സായിപ്പിന്റെ വള്ളിയഴിഞ്ഞു.
മുംബൈയിലും - ഡൽഹിയിലും നൂറുകണക്കിന് സായിപ്പന്മാർ ക്വാറന്റൈൻ തടവറകളിൽ അടക്കപ്പെട്ടു. മറ്റുള്ളവരെ ആജ്ഞാപിച്ചും അനുസരിപ്പിച്ചും മാത്രം ശീലിച്ചവൻ ഒടുവിൽ അണ്ടികളഞ്ഞ അണ്ണാന്മാരായി ഇന്ത്യൻ കഞ്ഞിയും പരിപ്പുകറിയും മോന്തി പടിഞ്ഞാറോട്ടുനോക്കി ഉച്ചത്തിൽ മോങ്ങാൻ തുടങ്ങി.
ഒടുവിൽ ആ കൂട്ടനിലവിളി അങ്ങ് ലണ്ടനിലെത്തി. ഒട്ടും അമാന്തിച്ചില്ല. ഉറക്കത്തിലായിരുന്ന ബ്രിട്ടീഷ് സർക്കാർ ഓടിക്കിതച്ചൊത്തുകൂടി അർദ്ധരാത്രിതന്നെ ആ തീരുമാനം മാറ്റി ഉത്തരവിറക്കി. " 2 ഡോസ് കോവിഷീൽഡ് വാക്‌സിനെടുത്ത ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ടേ ...വേണ്ട.."
ഇതിനാണ് അടിയും കൊണ്ടു പുളിയും തിന്നു എന്ന് പഴമക്കാർ പറയുന്നത്. കിട്ടേണ്ടത് കിട്ടിയപ്പോൾ കിട്ടുണ്ണിക്ക് ഉറക്കം വന്നു എന്ന് പറയുംപോലെ. ഇന്ത്യയുടെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു.
ശശി തരൂരിന്റെ നിരവധി പ്രഭാഷണങ്ങളും, ഇന്റർവ്യൂകളും, പ്രസംഗങ്ങളും യൂ ട്യൂബിൽ വ്യാപകമായുണ്ട്. അതൊക്കെ ചരിത്രവിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടതാണ്. ഇംഗ്ലീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ അന്നത്തെ ഇന്ത്യയുടെ സമ്പന്നതയും ബ്രിട്ടന്റെ ദയനീയ അവസ്ഥയും 200 കൊല്ലത്തിനുശേഷം അവർ കരിമ്പിൻചണ്ടിയാക്കി ഉപേക്ഷിച്ചുപോയ നമ്മുടെ നാടിൻറെ അവസ്ഥയും അന്നത്തെ ബ്രിട്ടൻ ഇന്ത്യയിലൂടെ കൈവരിച്ച സമ്പന്നതയും തരൂർ അക്കമിട്ടു നിരത്തുന്നുണ്ട്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാട്ടിക്കൂട്ടിയ പൈശാചികതയും കൊള്ളയടിയും ശശി തരൂർ തുറന്നുകാട്ടുമ്പോൾ അതെല്ലാം കേട്ട് ആ സദസ്സിലിരുന്ന് ഇളിഭ്യച്ചിരി കാട്ടുന്ന സായിപ്പന്മാരുടെ തൊലിക്കട്ടി അപാരം തന്നെയാണ്.