Advertisment

സൗഹൃദങ്ങളിൽ അതീവ ജാഗ്രത പുലർത്തുക... (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ. ചാർളി പോൾ MA.LL.B. DSs

(ടെയ്നർ, മെന്റർ - 9847034600)

പ്രണയത്തിന്റെ പേരിൽ ഒരു പെൺകുട്ടി കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. പാല സെന്റ് തോമസ് കോളേജ് ബി.വോക് ഫുഡ് പ്രൊസസിങ് ടെക്നോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയും തലയോലപ്പറമ്പ് കുറുന്തറയിൽ ബിന്ദുവിന്റെ മകളുമായ നിതിന മോളാണ് (21) ദാരുണമായി കൊല്ലപ്പെട്ടത്.

കൊലക്ക് ശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം വേണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ നാലുവർഷത്തിനിടെ 12 പെൺകുട്ടികൾക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്.

2017-ൽ മൂന്നും 2019-ൽ അഞ്ചും 2020-ൽ രണ്ടും 2011-ൽ ഇതുവരെ മൂന്നും പെൺകുട്ടികൾ. ആവർത്തിക്കുന്ന കൊലപാതക വാർത്തക ളുടെ ഞെട്ടലിനൊപ്പം എന്തുപറ്റി നമ്മുടെ കൗമാരങ്ങൾക്ക് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രണയവും പ്രണയമനഃശാസ്ത്രവുമൊക്കെ പഠനവിധേയമാക്കണം. പ്രണയിക്കുന്നവരുടെ മനോനില, ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ, ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങൾ, വ്യക്തിത്വ പ്രശ്നങ്ങൾ എല്ലാം പഠിക്കേണ്ടിയിരിക്കുന്നു.

സാമൂഹിക- മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും സഹായവും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വ്യക്തിത്വ വൈകല്യങ്ങൾ, സംശയരോഗം പോലെയുള്ള പ്രവണതകളും മദ്യം-മയ ക്കുമരുന്ന് ഉപയോഗവും പക്വതയില്ലായ്മയും മാനസികാരോഗ്യത്തിന്റെ കുറവും ഒക്കെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിന്റെ പിന്നിലുണ്ട്.

സാമൂഹിക വിരുദ്ധ വ്യക്തിത്വം (ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ)ഉള്ള ആളുകളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്. കെട്ടുപിണഞ്ഞ വിവിധ മാനസിക പ്രശ്നങ്ങളും വൈകല്യങ്ങളും ഇവരിലുണ്ടാകും. ചെയ്തുപോയ കാര്യത്തിൽ കുറ്റബോധമോ, ഭാവവ്യത്യാസമോ ഇവരിൽ മിക്കപ്പോഴും ഉണ്ടാകാറില്ല. ജനിതക കാരണങ്ങൾ, വളർന്ന സാഹചര്യങ്ങൾ വൈയക്തിക പ്രകൃതം എന്നിവ ഇത്തരക്കാരെ സ്യഷ്ടിച്ചേക്കാം.

കൊല്ലപ്പെടുന്നത് പെൺകുട്ടികളായതിനാൽ അവർ സൗഹൃദങ്ങളിൽ അതീവജാഗ്രത പുലർത്തണം. വ്യക്തിയെക്കുറിച്ച് പഠിക്കാതെ സൗഹൃദംപോലും പ്രകടിപ്പിക്കരുത്. സൗഹൃദഭാവങ്ങളിൽ പക്വത പുലർത്തണം. പ്രേമമാണെന്ന് തെറ്റിദ്ധരിക്കുംവിധം വാക്കുകളോ ശാരീരിക പ്രകടനങ്ങളോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പ്രണയിക്കും മുമ്പ് വ്യക്തിത്വങ്ങളെ വിലയിരുത്താൻ കഴിയണം. പ്രണയിക്കുന്നതിനിടെ വിലയിരുത്തിയിട്ട് പിന്നെ പിന്മാറാൻ തീരുമാനിക്കുമ്പോഴാണ് കത്തിക്കും കത്തിക്കലിനും ഇരയാകുന്നത്.

പ്രണയക്കൊലപാതകങ്ങളിലെല്ലാം പ്രണയാഭ്യർത്ഥനയും കൊലയും പെട്ടെന്ന് സംഭവിച്ചതല്ല എന്ന് കാണാനാകും. എല്ലാവരും തന്നെ കുറച്ചുകാലം പ്രണയിച്ചിരുന്നവരാണ്. അവസാനത്തെ കൊലയിലും 2 വർഷമായി അവർ പ്രണയത്തിലായിരുന്നു എന്നാണ് വാർത്തയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

അദ്യഘട്ടത്തിൽ പെൺകുട്ടികൾ പ്രണയം ആസ്വദിക്കും. വിധേയത്വം കാണിക്കും. കുറച്ചുനാൾ കഴിയുമ്പോൾ ഒത്തുപോകാൻ കഴിയാത്തയാളാണെന്ന് മനസ്സിലാക്കി പെൺകുട്ടികൾ പിന്മാറും. അവഗണിക്കും. അപ്പോഴാണ് പ്രണയം പകയുടെ വഴിതേടുന്നത്.

പ്രണയത്തിൻ ഉടമസ്ഥാവകാശം സ്ഥാപിക്കലിന്റെ സൂചന ലഭിച്ചാൽ മുന്നോട്ട് പോകരുത്. നിയന്ത്രണം സ്ഥാപിക്കൽ, തന്റെ ഇഷ്ടത്തിന് മാത്രം പെരുമാറിയാൽ മതിയെന്ന വാശിപിടിക്കൽ, ഫോൺകോൾ ലിസ്റ്റ്, മെസേജ് എന്നിവ പരിശോധിക്കൽ, ഫോൺ എൻഗേജ്ഡ് ആയാൽ പൊട്ടിത്തെറിക്കൽ, അസമയത്ത് വിളിക്കൽ, കാണാൻ നിർബന്ധിക്കൽ, നിനക്ക് ഞാനുണ്ടല്ലോ എന്നുപറഞ്ഞ് മറ്റ് ബന്ധങ്ങൾ മുറിക്കൽ, നിനക്കെന്നെ വിശ്വാസമില്ലെ എന്ന് ചോദിച്ച് അരുതാത്ത ബന്ധങ്ങൾക്ക് ക്ഷണിക്കൽ, വ്യക്തിപരമായ കാര്യങ്ങളിലെല്ലാം കയറി ഇടപെടൽ, “നീ പോയാൽ ഞാൻ ചത്തുകളയും, എന്നെ കൈവിട്ടാൽ നിന്നെ കൊല്ലും' എന്നൊക്കെയുള്ള പറച്ചിലുകൾ, ശരീരത്തിൽ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കൽ, ആത്മഹത്യാശ്രമം ഇതെല്ലാം പക്വതയെത്താത്ത പ്രണയ ലക്ഷണങ്ങളാണ്. ഇത്തരക്കാരിൽ നിന്ന് സമാധാനപൂർണമായ പ്രണയവും ജീവിതവും അസാധ്യമായിരിക്കും. ആദ്യം മാനസികമായും പിന്നീട് ശാരീരികമായും ആക്രമിക്കപ്പെടാം. ബ്ലാക്ക് മെയിലിംങിന് സാധ്യതയുണ്ടെന്ന് കരുതി വേണം ഇടപെടലുകൾ.

പ്രണയം ശരീരത്തിൽ ചില ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നുണ്ട്. ശാരീരിക- മാനസിക- വൈകാരിക ഭാവങ്ങളിൽ അത് വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. പ്രണയം ഒരു ലഹരിപോലെയാണ്. അത് തുടർന്ന് ലഭിക്കാതെ പോകുമ്പോഴാണ് വ്യക്തി അപകടകരമായ തീരുമാനങ്ങളിലെത്തുന്നത്.

അതുകൊണ്ടുതന്നെ ഒത്തുപോകാൻ പറ്റാത്ത ബന്ധങ്ങളിൽ നിന്ന് പതുക്കെ, സമയമെടുത്ത്, നയപരമായി മാത്രമേ പിന്മാറ്റം നടത്താവൂ. അവരുമായി തർക്കിക്കുകയോ, അവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. എത്രതന്നെ നിർബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടിക്കാഴ്ച ഒഴിവാക്കണം. ശാന്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. കുറച്ചുനാൾ സമ്പർക്കമില്ലാതിരിക്കു മ്പോൾ പതുക്കെ കാര്യങ്ങൾ കെട്ടടങ്ങും. നല്ല സൗഹൃദങ്ങളിലൂടെ, നല്ല കൂട്ടായ്മകളിലൂടെ, വായനയിലൂടെ, വിനോദങ്ങളിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത് ജീവിതം കരുപ്പിടിപ്പിക്കുക. (8075789768)

voices
Advertisment