Advertisment

കനത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും ഹെലികോപ്റ്റര്‍ ! അതും ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്റര്‍ കേരള പൊലീസ് വാടകയ്‌ക്കെടുക്കാന്‍ പോവുകയാണ്. എന്തിനാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍...? (ലേഖനം)

New Update

publive-image

Advertisment

-അസിസ് മാസ്റ്റർ

ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് രാജ്യവും പൗരനും കടന്നു പോവുന്നത്. കോവിഡിന് അല്പം ശമനം വന്നു എന്ന് തുടങ്ങുമ്പോഴേക്കും പേമാരിയുടെ ഓര്‍മ്മ ഉണര്‍ത്തിയെന്നോണം കനത്ത മഴയാണ് കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായത്. ശക്തമായ മഴയുടെ സാന്നിധ്യം രണ്ടു മൂന്നു ദിവസം നീണ്ടു നില്‍ക്കുമെന്ന കാലാവസ്ഥ പ്രവചനവുമുണ്ട്.

കോവിഡ് കാരണം അനേകം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ, നഷ്ടം കാരണം ഇന്നോ നാളെയോ പൂട്ടുമെന്നോ അവസ്ഥയിലിരിക്കെ, പലര്‍ക്കും കൂലിയും വേലയുമില്ലാത്ത സാഹചര്യമാണ് കേരളമെമ്പാടും. ഇക്കാര്യങ്ങള്‍ പല വിഷയങ്ങളിലായി നാം ചര്‍ച്ച ചെയ്തതാണ്.

എന്നാല്‍ വീണ്ടും വീണ്ടും ഇത് പറയേണ്ടി വരികയാണ്. സര്‍ക്കാര്‍ വിവാദ തീരുമാനങ്ങളില്‍ നിന്നും പിറകോട്ടു പോവാതെ, പുതിയൊരു വിവാദത്തിന് തിരി കൊളുത്തുമ്പോള്‍ കോവിഡ് ഉയര്‍ത്തിയ കൊടിയ ദാരിദ്ര്യം പ്രതിദിനമെന്നോണം ചര്‍ച്ച ചെയ്യേണ്ടി വരുന്നു.

കനത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും ഹെലികോപ്റ്റര്‍, അതും ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്റര്‍ കേരള പൊലീസ് വാടകയ്‌ക്കെടുക്കാന്‍ പോവുകയാണ്. എന്തിനാണ് നമുക്കിപ്പോള്‍ ഹെലികോപ്റ്റര്‍. അതും ചെയ്യേണ്ട ജോലി ചെയ്യാതെ, സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശമെന്ന നിലക്ക് കഞ്ഞിയില്‍ കല്ലിട്ടുവാരിയ ഒട്ടേറെ സംഭവങ്ങള്‍ക്ക് ഉത്തരവാദിയായ പൊലീസുകാര്‍ക്ക് ആകാശത്ത് ധൂര്‍ത്തടിക്കാന്‍ സര്‍ക്കാര്‍ വക മറ്റൊരു തലതിരിഞ്ഞ തീരുമാനം അല്ലാതെ മറ്റെന്ത്?

പുരാവസ്തു മറവില്‍ തട്ടിപ്പു നടത്തിയ വ്യക്തിക്ക് എല്ലാ ഒത്താശയും ചെയ്ത പല പ്രമുഖരില്‍ ഒരാളായിരുന്നു ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ. തന്റെ അധികാരകാലളയവില്‍, അതായത് 2020 ഏപ്രില്‍ മാസമായിരുന്നു രണ്ടു കോടിയോളം രൂപ നല്‍കി ബെഹ്റ ഹെലികോപ്റ്റര്‍ ഒരു വര്‍ഷത്തേക്ക് വാടകയ്‌ക്കെടുത്ത് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യത വരുത്തിയത്.

ദല്‍ഹി പവന്‍ ഹംസ് കമ്പനിയുടെ ഹെലികോപ്റ്ററുമായി ധാരണയിലെത്തിയ പണമുണ്ടെങ്കില്‍ മൂന്ന് ഹെലികോപ്റ്റര്‍ പറത്താമെന്നിരിക്കെയാണ് ടെന്‍ഡറില്ലാതെയുള്ള ബെഹ്‌റയുടെ ദുരൂഹമായ ഹെലികോപ്റ്റര്‍ ഇടപാട്. ഖജനാവ് കാലിയായിരിക്കെ, സാധാരണക്കാര്‍ക്ക് വേണ്ട സാമൂഹ്യസുരക്ഷിതത്വത്തിന് വിനിയോഗിക്കേണ്ട 22.21 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന കണക്കുകള്‍ നോക്കുമ്പോള്‍ ഇത് കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള തൊഴിലാളി സര്‍ക്കാറിന്റെ കൊഞ്ഞനം കുത്തായി പോയി എന്ന് പറയാതെ നിവൃത്തിയില്ല.

ആദ്യത്തെ ധൂര്‍ത്തൊന്നും പോരാഞ്ഞിട്ട്് ഇപ്പോള്‍ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്കായി ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഇതിനെതിരേ, ശക്തമായ പ്രതിഷേധം ഉയരണം. വീണ്ടും പ്രളയത്തിന്റെ വക്കിലെന്നോണമാണ് നിലവിലെ കാലാവസ്ഥ. ഹെലികോപ്റ്റര്‍ ഇടപാടിന് ചുക്കാന്‍ പിടിച്ച ബഹ്‌റയെ തന്നെ, വിരമിച്ചതിന് ശേഷം കനത്ത ശമ്പളം നല്‍കി മൂന്ന് വര്‍ഷത്തേക്ക് കൊച്ചി മെട്രോ എം ഡിയായി സര്‍ക്കാര്‍ നിയമിച്ചതും ഒക്കെ കൂട്ടി വായിക്കുമ്പോള്‍ സര്‍ക്കാര്‍ ബെഹ്‌റമാരെ പോലുള്ളവരെ സംരക്ഷിക്കുന്നതിന് പിന്നിലും സാധാരണക്കാരുടെ വിഷമങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുന്നതും ഒരു ജനാധിപത്യ വ്യവസ്ഥിതിക്കൊട്ടും ഭൂഷണമല്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വപ്‌നം കണ്ടിരുന്നത് പോലെ, എയര്‍ ആംബുലന്‍സുകളാണ് പിണറായി സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചിരുന്നെങ്കില്‍ അതു കേരളത്തിന് ഒരു മുതല്‍ക്കൂട്ടും ജീവന്‍രക്ഷാ സേവനങ്ങള്‍ക്ക് വേഗക്കൂടുതലുമുണ്ടാവുമായിരുന്നു.

ഇത്തരം ജനക്ഷേമ കാര്യങ്ങളില്‍ ഫണ്ട് ചെലവഴിക്കാതെ, തലപ്പത്തുള്ളവരുടെ വെളിവില്ലായ്മക്ക് ഒത്താശ ചെയ്യുന്ന തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. നല്ലൊരു ജനക്ഷേമ പദ്ധതികള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ജനവിഭാഗത്തിന് ഇത് അംഗീകരിക്കാനാവില്ല. എല്ലാവര്‍ക്കും ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment