Advertisment

ഇരുട്ടടിയുടെ ഇരുപതിന പ്രഹസനം: ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര - 5

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

ജനാധിപത്യമെന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വേച്ഛാധിപത്യമാണ് എന്ന് ഇന്ത്യയെ പഠിപ്പിച്ചത് കോൺഗ്രസാണ്, അവരുടെ നേതാവ് ഇന്ദിരാ ഫിറോസാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടാക്കിയ അങ്കലാപ്പിൽ, ജനഹൃദയങ്ങളിലുണ്ടായ വിപ്രതിപത്തിയെ നേർപ്പിക്കേണ്ടത് ഏതൊരു ഭരണകൂടത്തിൻ്റെയും നിലനിൽപിന് ആവശ്യമാണ്.

അത്തരം ചില നടപടികളിലേക്ക് കോൺഗ്രസ്സ് ഗവണ്മെൻ്റ് ചുവടുവച്ചു. ജനങ്ങളെ ഒന്ന് ആശ്വസിപ്പിക്കാൻ (കണ്ണിൽ പൊടിയിടാൻ) അത് പര്യാപ്തമാണെന്ന് അവർ കരുതി. അതിനെ ഇരുപതിന പരിപാടി എന്ന് അവർ വിളിച്ചു.

അതാണ് 1975 ജൂൺ 30ന് പ്രഖ്യാപിയ്ക്കപ്പെട്ട ഇരുപതിന സാമ്പത്തിക പരിപാടി. പേരുപോലെ തന്നെ ഇരുപത് ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനമാണ് ഇത് വിഭാവനം ചെയ്തത്. അത് ഏതൊക്കെയെന്ന് നമുക്ക് പരിശോധിയ്ക്കാം.

01, ആദായ നികുതിയുടെ പരിധി 6000ൽ നിന്നും 8000ലേക്ക് വർധിപ്പിച്ചു.

02, കള്ളക്കടത്തുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക

03, കൈവശ ഭൂമിയ്ക്ക് പരിധി നിശ്ചയിക്കും

04, മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യും

05, നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും

06, സർക്കാരിൻ്റെ ചിലവ് ചുരുക്കും

07, കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പാക്കും

08, തൊഴിലില്ലായ്മ തുടച്ചു നീക്കും

09, മിതവ്യയ ശീലവും സമ്പാദ്യ ശീലവും പ്രോത്സാഹിപ്പിയ്ക്കും

10, ദാരിദ്ര്യ നിർമാർജ്ജനം

11, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തൽ

12, സ്ത്രീ പുരുഷ സമത്വം ഉറപ്പു വരുത്തും

13, പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്ക് നീതി ഉറപ്പാക്കും

14, വിദ്യാഭ്യാസം സാർവത്രികമാക്കും

15, ഭവന രഹിതർക്ക് വീട് നൽകും

16, ചേരി നിർമാർജ്ജനം ചെയ്യും

17, പ്രകൃതി സംരക്ഷണം

18, ഉപഭോക്തൃ സംരക്ഷണം

19, ഗ്രാമങ്ങൾ വൈദ്യുതീകരിയ്ക്കും

20, രണ്ടു കുട്ടി നയം നടപ്പാക്കും

ഈ ഇരുപതിനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായിരുന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഇതിൻ്റെ മറ്റു ചില വശങ്ങൾ കൂടെ പറഞ്ഞെങ്കിൽ മാത്രമേ ഇത് പൂർണമാകൂ.

ഇതിൽ ആദായ നികുതിയുടെ പരിധി ഉയർത്തുന്നത് സംഭവിച്ചു. സമ്പാദ്യ ശീലം പ്രോത്സാഹിപ്പിയ്ക്കുവാൻ വേണ്ടി സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനത്തിലെ ഒരു ഭാഗം നിബന്ധിതമായി ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പ്രോവിഡൻ്റ്  ഫണ്ടുകളാക്കി.

സ്‌കൂളുകളിൽ സഞ്ചയിക എന്നൊരു സംവിധാനം ആരംഭിച്ച് കുട്ടികളെ കൊണ്ട് നിർബന്ധിതമായി പണം ശേഖരിപ്പിച്ചു. ചേരി നിർമാർജ്ജനം വലിയ കോലാഹലമായി, അത് വഴിയേ പറയാം. മറ്റ് പ്രഖ്യാപനങ്ങളൊക്കെ കടലാസ്സിൽ മാത്രമൊതുങ്ങി.

20 ഇന പരിപാടിയ്ക്ക് പണം കണ്ടെത്തുവാൻ വേണ്ടി കലാകാരന്മാരെക്കൊണ്ട് കലാവിരുന്നുകൾ കോൺഗ്രസ്സുകാർ സംഘടിപ്പിച്ചു. ഈ പരിപാടികൾ കേരളത്തിൽ നടന്നപ്പോൾ ചലച്ചിത്ര ഗാന രചയിതാവായ പി ഭാസ്‍കരൻ എഴുതിയ "പത്ത് കാശ് മാറ്റിവയ്‌ക്കെടി മുത്തു പാത്തുമ്മാ" എന്ന ഗാനം ഉപയോഗിച്ചിരുന്നു.

കോൺഗ്രസ്സ് സർക്കാരിൻ്റെ 20 ഇന പരിപാടിയ്ക്കുള്ള ധനശേഖരണാർത്ഥം നടക്കുന്ന ചടങ്ങിൽ പാട്ട് പാടുവാൻ വിസമ്മതിച്ചതിന് ഹിന്ദി സിനിമാ ഗായകൻ കിഷോർ കുമാറിൻ്റെ പാട്ടുകൾക്ക് ആകാശവാണിയിൽ വിലക്കുവീണു.

ദൂരദർശനിൽ കിഷോർ കുമാറിൻ്റെ പാട്ടുകളുള്ള സിനിമകളുടെ വീഡിയോ സോങ്ങുകൾ സംപ്രേക്ഷണം ചെയ്യാതിരുന്നു. കിഷോർ കുമാറിൻ്റെ പാട്ടുകളുള്ള സിനിമകൾ സെൻസർ ചെയ്യാതെയായി. ദേവാനന്ദിൻ്റെയും ശത്രുഘ്നൻ സിൻഹയുടെയും മനോജ് കുമാറിൻ്റെയും സിനിമകൾക്കും വിലക്ക് വീണു.

ഇതൊക്കെ ചെയ്ത കോൺഗ്രസ്സ് പാർട്ടി, ഇന്നത്തെ ഇന്ത്യയിലിരുന്ന് അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാദ്ധ്യമ സ്വതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമൊക്കെ വാചാലരാകുന്നത് കേൾക്കുമ്പോൾ ബഹു. വായനക്കാർക്ക് എന്തെങ്കിലും വികാരങ്ങൾ തോന്നാറുണ്ടോ..? എനിയ്ക്ക് പുച്ഛം കലർന്ന ചിരി വരാറുണ്ട്.

മാത്രമല്ല, കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തകർ നാടാകെ പണ പിരിവ് നടത്തുകയും, വ്യവസായികളെയും കച്ചവടക്കാരെയും ഭീഷണിപ്പെടുത്തി തുകകൾ കൈവശപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ഇരുപതിന പരിപാടി വിജയിപ്പിയ്ക്കാനാണല്ലോ എന്നോർക്കുമ്പോൾ ഇപ്പോഴും ഒരു രോമഹർഷമുണ്ടാകും.

1971 മുതൽ 74 വരെയുള്ള കാലയളവിനേക്കാൾ മഴ 1975 കാലഘട്ടത്തിൽ ലഭിച്ചതിനാൽ ഇന്ത്യയിലെ കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു. നല്ല സമൃദ്ധമായ വിളവ് ലഭിച്ചു. അതെ തുടർന്ന് കയറ്റുമതി രംഗം സജീവമായി. ലോകത്തെമ്പാടുമുണ്ടായിരുന്ന സാമ്പത്തിക പിന്നോക്കാവസ്ഥ ഇക്കാരണത്താൽ ഇന്ത്യയെ ബാധിച്ചില്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5% വളർച്ച രേഖപ്പെടുത്തി.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വളരെ പ്രകടമാണെന്ന് അന്നത്തെ ലോകബാങ്ക് വൈസ് പ്രസിഡൻ്റ് പൊളിസ് ചെനെറി അഭിപ്രായപ്പെട്ടു. മാത്രമല്ല ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് തുടക്കമിട്ട, മങ്കൊമ്പ് സ്വാമി ഡോ. എംഎസ് സ്വാമിനാഥൻ്റെ ഭാവനയായിരുന്ന ഹരിത വിപ്ലവം അതിൻ്റെ സാക്ഷാത്കാരത്തിലേക്ക് 1975ൽ എത്തിയതോടെ ഇന്ത്യയ്ക്ക് ഭക്ഷ്യ സ്വയം പര്യാപ്തത കൈവന്നു. ഇതൊക്കെ ഇന്ദിരാ ഫിറോസിൻ്റെയും ഇരുപതിന പരിപാടിയുടെയും ദിവ്യശക്തി കൊണ്ടാണെന്ന് കോൺഗ്രസ്സ് പാണന്മാർ പാടി നടന്നു.

ഇരുപതിന പരിപാടി പ്രഖ്യാപിച്ച അതെ ദിവസം തന്നെ മറ്റൊരു സംഭവമുണ്ടായി. അതായിരുന്നു ആർഎസ്എസിൻ്റെ അന്നത്തെ ദേശീയ പ്രസിഡണ്ടായിരുന്ന ബാലാസാഹിബ് ദേവറസിൻ്റെ അറസ്റ്റ്. ഇതോടെ ആർഎസ്എസ് എന്ന സംഘടനയെ പ്രകോപിപ്പിച്ച കോൺഗ്രസ്സിന് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടി നൽകിയായിരുന്നു അവരുടെ മറുപടി.

ഇന്ന് ആർഎസ്എസ് പ്രചാരകൻ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്ന 'കോൺഗ്രസ്സ് മുക്ത ഭാരത്' എന്ന മുദ്രാവാക്യം വന്ന വഴി ചികഞ്ഞാൽ നമ്മൾ ചെന്നെത്തുക 1975 ജൂൺ 30ലാണ്.

പ്രതികരിക്കേണ്ടവർ മിസയെപ്പേടിച്ച് മാളത്തിലൊളിച്ചപ്പോൾ ജനാധിപത്യത്തിനു വേണ്ടി അവസാനം വരെ പോരാടാൻ തയ്യാറായി രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വന്നു എന്ന സത്യം എല്ലാ അടിയന്തരാവസ്ഥാ സാഹിത്യക്കാരും ഉള്ളുകൊണ്ടു സമ്മതിയ്ക്കുന്നതും എന്നാൽ ജനങ്ങളെ എഴുതി അറിയിക്കാൻ വിമുഖത കാട്ടുന്നതുമായ സംഗതിയാണ്. സത്യം ഓൺലൈനിൽ സത്യം തന്നെ പറയണം എന്ന നിർബന്ധമുള്ളതുകൊണ്ട് ഇതൊക്കെ എഴുതുന്നു.

publive-image

1975 ജൂൺ 30ന് തന്നെ ആർഎസ്എസിൻ്റെ സർസംഘചാലക് ബാലാസാഹബ് ദേവറസ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ദിരയുടെ ഏകാധിപത്യത്തെ സർവ ശക്തിയുമുപയോഗിച്ചെതിർത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തുകൊണ്ടാണ് ദേവറസ് ജയിലിലേക്ക് പോയത്.

“അലഹബാദ് വിധി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സമനില തെറ്റിച്ചതുപോലെ തോന്നുന്നു. അവര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു. സര്‍വശക്തിയുമുപയോഗിച്ചതിര്‍ക്കണം. ജനാധിപത്യം പുന:സ്ഥാപിക്കുന്നതു വരെ വിശ്രമമില്ല,” ജൂണ്‍ 30ന് സര്‍സംഘചാലകന്‍ ബാലാസാഹേബ് ദേവറസ് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്കായി എഴുതിയ വാക്കുകളാണിവ.

ആർഎസ്എസിൻ്റെ കേഡർ  സംവിധാനത്തിലൂടെ ഈ സന്ദേശം ഇന്ത്യ മുഴുവനുള്ള പ്രവർത്തകരിലേക്കെത്തിയ്ക്കാൻ അവർക്ക് സാധിച്ചു. ആർഎസ്എസ് സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു.

ബാഹുബലി എന്ന സിനിമയിൽ ബല്ലാല ദേവ മഹാരാജാവിനുള്ള ചിത ഒരുക്കുവാനായി കാലങ്ങളായി ചുള്ളികൾ ശേഖരിയ്ക്കുന്ന ദേവസേനയെപ്പോലെ കോൺഗ്രസിനുള്ള ചിതയൊരുക്കൽ പ്രവർത്തനം ആർഎസ്എസ് ആരംഭിച്ചു.

ജനങ്ങളെ ഭയന്ന കോൺഗ്രസ്സ് സർക്കാരും തിരിച്ചടി നടത്തിയ ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടം സത്യത്തിൽ ത്രില്ലിങ്ങായ ഒരു സിനിമ കാണുന്നതുപോലുള്ള അനുഭവമാണ് ഉണ്ടാക്കുക. അടിയും തിരിച്ചടിയുമെല്ലാം ചേർന്ന അടിയന്തരാവസ്ഥാ കാലഘട്ടത്തിൻ്റെ വിവരണം അടുത്ത ലക്കത്തിൽ തുടരാം...

voices
Advertisment