Advertisment

കുതിക്കുന്ന സെൻസെക്‌സും കിതയ്ക്കുന്ന ജനങ്ങളും !

New Update

publive-image

Advertisment

അഭിശപ്തമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.ലോകത്തുനിന്ന് മാനവരാശിയുടെ ഉന്മൂലനത്തിനുതന്നെ കരണമാകുമായിരുന്ന കോവിഡ് എന്ന മഹാമാരി ഇതുവരെ ഔദ്യോഗിക കണക്കുകൾ പ്രകാരം 46 ലക്ഷം ആളുകളുടെ ജീവനാണ് അപഹരിച്ചത്. യഥാർത്ഥ മരണനിരക്ക് ഇതിലും എത്രയോ അധികമാകാം.

ലോകത്തെ കോവിഡ് മരണങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, 4.5 ലക്ഷം. അമേരിക്ക 7.13 ലക്ഷവും ബ്രസീലിൽ 6 ലക്ഷവുമാണ് മരണങ്ങൾ. ഇന്ത്യയിൽ മൂന്നരക്കോടി ആളുകളാണ് രോഗബാധിതരായത്.

ജനങ്ങൾ ഇത്രയേറെ ബുദ്ധിമുട്ടിയ ഒരു കാലഘട്ടം അടുത്തൊന്നുമുണ്ടായിട്ടില്ല. ലക്ഷക്കണക്കിനാൾക്കാർക്ക് തൊഴിൽ നഷ്ടമായി. കുടുംബങ്ങളും കുഞ്ഞുങ്ങളും അനാഥരായി. ജോലിയില്ലാതെ കുടുംബങ്ങൾ പട്ടിണി യിലായി.സർക്കാരുകളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും ലഭിച്ച നാമമാത്രമായ സഹായമാണ് പലർക്കും ജീവനോപാധിയായി ഇക്കാലയളവിൽ മാറിയത്.

രാജ്യം വറുതിയിലായിട്ടും കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ ഒരു കുറവുമുണ്ടായില്ല എന്നതാണ് വാസ്തവം. അതിനുതെളിവാണു് രാജ്യത്തെ സെന്സെക്സിന്റെ ഉയർന്ന സൂചക. ലോകത്തെ ആറാമത്തെ വലിയ സ്റ്റോക്ക് മാർക്കറ്റായ ഇന്ത്യയുടെ സെൻസെക്സ് ഇതാദ്യമായി 6000 എന്ന മാർക്ക് പിന്നിട്ടു മുന്നോട്ടു പായുകയാണ്.

വരുമാനം ഇല്ലാതായിട്ടും ജനങ്ങളുടെ ചിലവുകൾക്ക് ഒരു കുറവും വന്നില്ല. കൂടുകയാണുണ്ടായത്. രോഗപ്ര തിരോധത്തിനായി പുതുതായി മാസ്‌ക്കുകളും സാനിറ്റയ്‌സറുകളും മരുന്നുകളും വാങ്ങേണ്ടിവന്നു. ആ രംഗത്തെ പുത്തൻ ബിസിനസുകാരുടെ വ്യവസായങ്ങൾ കൊഴുത്തുതടിച്ചു. ആദ്യസമയങ്ങളിൽ 50 രൂപയുടെ സാനിട്ടയ്‌സർ 250 രൂപയ്ക്ക് വരെ വാങ്ങേണ്ടിവന്നു പലർക്കും.

കോവിഡ് കാരണം പറഞ്ഞ് ഗ്യാസ് സബ്‌സിഡി കേന്ദ്രം എടുത്തുകളഞ്ഞു. സാധാരണക്കാർക്കും പാവപ്പെ ട്ടവർക്കും അത് വലിയ ഇരുട്ടടിയായി. സബ്‌സിഡി ഇല്ലെങ്കിലും ജനം ഗ്യാസ് വാങ്ങുമെന്നുറപ്പായപ്പോൾ ഈ അവസരം മുതലെടുത്ത് സബ്‌സിഡി തന്നെ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ കേന്ദ്രമെന്ന് പറയപ്പെടുന്നു. ഇപ്പോഴാകട്ടെ ഒരു സിലിണ്ടറിന് വില 1000 ത്തിലേക്കെത്തുകയാണ്.

പെട്രോൾ - ഡീസൽ വിലയാണ് ഏറ്റവും വലിയ പ്രഹരം. ദിനം പ്രതി വിലവർദ്ധിക്കുന്നത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വിഷയമല്ലാതായിരിക്കുന്നു. പ്രതിപക്ഷവും നിശബ്ദം. ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകാൻ ദിനം പ്രതിയുണ്ടാകുന്ന വിലവർദ്ധനയിലെ നികുതി വേണ്ടെന്നു കേന്ദ്രസർക്കാരും വാറ്റ് ഒഴിവാക്കാൻ സംസ്ഥാനങ്ങളും തയാറല്ല. കാരണം കോവിഡ് കാലത്തെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് ഇതുമാത്രമാണ്.

പെട്രോൾ - ഡീസൽ വിലവർദ്ധനയിൽ കേന്ദ്രം സംസ്ഥാനങ്ങളെയും സംസ്ഥാനങ്ങൾ കേന്ദ്രത്തെയും പഴി ക്കുന്നത് കണ്ണടച്ച് ഇവർ രണ്ടുകൂട്ടരും ഇരുട്ടാക്കുന്നതാണ്.ഇന്ത്യയിൽ കർഷകസമരം മാത്രമാണ് സങ്കീർണ്ണ പ്രശ്നമെന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ഇരുട്ടിൽ ഓട്ടയടക്കുകയാണ്.

ശക്തമായ തിരുത്തൽ ശക്തിയായി ജനങ്ങളുടെ ശബ്ദമായി മാറേണ്ടവർ പൂർണ്ണ പരാജയമാകുന്നു. പെട്രോൾ - ഡീസൽ വിലകൾ നിയന്ത്രിച്ചില്ലെങ്കിൽ ജനജീവിതം ദുരിതലാകുമെന്നതിൽ തർക്കമില്ല. രാഷ്ട്രീയപാർട്ടികളും സർക്കാരും ഇപ്പോഴും ഈ വിഷയത്തിൽ കള്ളനും പോലീസും കളിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ വിലകൂടുന്നതുകൊണ്ടാണ് ഇന്ത്യയിൽ വിലകൂടുന്നതെന്ന വാദം പൊള്ളയാണ്. അന്താരാഷ്ട്ര വിപണിയിൽ വൻതോതിൽ വിലയിടിഞ്ഞപ്പോൾ ഒരു രൂപയുടെ പോലും വിലക്കുറവ് ഇന്ത്യയിൽ ഉണ്ടായില്ല. കുറഞ്ഞതുകയുടെ എക്‌സസൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ അത് ഖജനാവിലേക്ക് മുതൽകൂട്ടുകയായിരുന്നു.

എല്ലാ സബ്‌സിഡികളും നിർത്തലാക്കപ്പെട്ടു. ഗ്യാസ് സബ്‌സിഡി പോലെ ട്രെയിനുകളിൽ നൽകിയിരുന്ന കൺസെഷനുകളും ഇളവുകളും നിർത്തലാക്കി. മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ടിക്കറ്റിളവുകൾ ഇല്ലാതായത് വലിയ തിരിച്ചടിയായി.

ട്രെയിനുകളിലെ എസി കമ്പാർട്ടുമെന്റുകളിൽ നൽകിയിരുന്ന തലയിണ, കമ്പിളി, ബെഡ് ഷീറ്റുകൾ ഒക്കെ കോവിഡ് കാരണം പറഞ്ഞ് നിർത്തലാക്കി. അതില്ലാതേയും ജനങ്ങൾ യാത്രചെയ്യുമെന്നു മനസ്സിലാക്കിയ സർക്കാർ ഇനി അതിനും വില ഈടാക്കാൻ പോകുകയാണ്. കമ്പിളിയും തലയിണയും ഷീറ്റുകളും വേണ്ടവർ ഏകദേശം 200 രൂപ അടച്ച് യാത്രപുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്നും അവ വാങ്ങേണ്ടിവരും.

വിലവർദ്ധിപ്പിക്കാനും ജനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാനും സർക്കാരുകൾ ശ്രമി ക്കുന്നു എന്ന് പറയാതെവയ്യ. സുപ്രീം കോടതി ഇടപെടലില്ലായിരുന്നെങ്കിൽ വാക്സിൻ സൗജന്യം കോവിഡ് മൂലം മരിച്ചവർക്കുള്ള ധനസഹായങ്ങളും ലഭിക്കുമായിരുന്നില്ല.

അതുപോലെതന്നെ ഹൈക്കോടതി ഇടപെടൽ ഉണ്ടായതുമൂലമാണ് ഇവിടുത്തെ സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ കൊള്ളകൾ തടയനായതും കോവിഡ് അനന്തര ചികിത്സകൾ സൗജന്യമാക്കാൻ സർക്കാർ നിർബന്ധിതമായതും.

voices
Advertisment