-അസീസ് മാസ്റ്റർ
/sathyam/media/post_attachments/GnVAf11ZyjFGyrN4QhDV.jpg)
സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി.എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ നാടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വി എം കുട്ടി മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതിലും പൊതുവേദിയിൽ സ്ത്രീകൾക്ക് അവസരം നൽകിയതിലും മുൻപന്തിയിൽ നിന്നു.
ആ കർമ്മയോഗിയുടെ സംഭാവനകൾ മാപ്പിളപ്പാട്ട് ഗായകൻ എന്നതിൽ മാത്രം ഒതുങ്ങി സ്മരിക്കപ്പെടുന്നതല്ല. ഗായകൻ, ഗാനരചയിതാവ്, മാപ്പിളപ്പാട്ട് ഗവേഷകൻ, ചരിത്രകാരൻ, ചിത്രകാരൻ, സംഗീതസംവിധായകൻ, ഹാർമോണിയം വിദ്വാൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി സമസ്ത മേഖലകളിലും വിരാജിച്ച ഇശലുകളുടെ സുൽത്താനായിരുന്നു.
മാപ്പിളപ്പാട്ടിനൊപ്പം മലയാളക്കരയൊന്നാകെ മൂളാനും പാട്ടിനു ചെവിയോർക്കാനും തുടങ്ങിയത് വി.എം. കുട്ടി പാടിത്തുടങ്ങിയശേഷമാണ്. വി.എം കുട്ടി മാഷുമായി ഞാൻ അടുക്കുന്നത് 1970 കാലഘട്ടത്തിലാണ്. ഞാനന്ന് പാലക്കാട്നൂറണി ഹിന്ദു സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ വിളയിൽ ഫസീലയുമായി കഥാപ്രസംഗത്തിനെത്തിയതായിരുന്നു വി.എം കുട്ടി.
അന്നു തുടങ്ങിയ ബന്ധം അദ്ദേഹത്തിൻ്റെ അവസാന കാലം വരെ നിലനിർത്താനായതിൽ ഞാൻ അഭിമാനിക്കുന്നു. കൊറോണക്ക് മുൻപുള്ള 2019ലെ ഒരു കോഴിക്കോടൻ യാത്രയ്ക്കിടയിൽ, കൊണ്ടോട്ടി പുളിക്കലിലെ വി എം കുട്ടിയുടെ വീട്ടിൽ അതിഥിയായി ചെന്നിരുന്നു. ആ സനേഹവിരുന്നും മണിക്കൂറുകളോളം നീണ്ട സ്നേഹ സംഭാഷണവും ഒരു ഇശൽ രാഗം പോലെ മനസ്സിൽ ഓടിയെത്തുകയാണ്.
മാപ്പിളപ്പാട്ട് എന്ന ഗാനശാഖയെ നെഞ്ചോട് ചേർത്തു പിടിക്കാനായി, ബീഡി തെറുപ്പു തൊഴിലാളികൾക്കിടയിൽ വരെ അലഞ്ഞു നടന്ന ആ മനസ് ഇന്ന് കേരളം മുഴുവൻ അംഗീകരിക്കുകയും അദ്ദേഹത്തിൻ്റെ വിടവാങ്ങലിൽ നൊമ്പരപ്പെടുകയും ചെയ്തു. പരലോക ജീവിതവും ശുദ്ധ ഗാനം പോലെ ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നല്ലൊരു ശുഭസായാഹ്നം നേരുന്നു. ജയ് ഹിന്ദ്.