Advertisment

അഴിമതിക്കെതിരേയും സ്വജനപക്ഷപാതത്തിനെതിരേയും വാക്കുകള്‍ അല്ല ശക്തമായ താക്കീത് തന്നെ നല്‍കിയിരിക്കുകയാണ് മന്ത്രി പി.എം മുഹമ്മദ് റിയാസ്. മന്ത്രി റിയാസില്‍ ഈ നാടിന് പ്രതീക്ഷയുണ്ട്...

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

മുഖം നോക്കാതെ നിലപാടെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ പാതയില്‍ തന്നെയാണ് മരുമകനും മന്ത്രിയുമായ പി.എം മുഹമ്മദ് റിയാസ് എന്നു വേണം കരുതാന്‍. ആ നിലപാടില്‍ വലിയ പ്രതീക്ഷയാണ് സാധാരണക്കാരിലുള്ളത്. അഴിമതിക്കെതിരേയും സ്വജനപക്ഷപാതത്തിനെതിരേയും വാക്കുകള്‍ അല്ല ശക്തമായ താക്കീത് തന്നെ നല്‍കിയിരിക്കുകയാണ് മന്ത്രി പി.എം മുഹമ്മദ് റിയാസ്.

എംഎല്‍എമാര്‍ കരാറുകാരുമായി മന്ത്രിമാരെ കാണാന്‍ വരരുതെന്ന മന്ത്രി പി.എം മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ മറുപടി സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരില്‍നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലും വിശുദ്ധമാക്കപ്പെടുന്ന പദവിയുടെ പ്രതിഫലനം ജനപക്ഷത്തെത്തുന്നതില്‍ അതീവ സന്തോഷത്തിലാണ് പാര്‍ട്ടിയും അണികളും പ്രതിപക്ഷത്തുള്ളവരുമെല്ലാം.

കൊടുംമഴയിലും മുങ്ങാതെ നിന്നതാണ് പി എം റിയാസിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ വിവാദം. എങ്കിലും പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്ന കാലാകാലങ്ങളായുള്ള രഹസ്യമായ പരസ്യം നിയമസഭയില്‍ ശരിവെച്ച് നിലപാടിലുറച്ച മന്ത്രിക്കിരിക്കട്ടെ വിപ്ലവാഭിവാദ്യങ്ങള്‍.

സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എയുടെ ചോദ്യത്തിനായിരുന്നു മുഹമ്മദ് റിയാസിന്റെ ആ വിവാദ മറുപടി എന്ന് പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് വയനാട് ജില്ലയിലെ പനമരം-ബീനാച്ചി റോഡിന്റെ നിര്‍മാണം മൂന്നര വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യമാണ്.

ഏഴിന് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയില്‍ ഉപചോദ്യത്തിന് അവസരം ലഭിച്ചപ്പോഴാണ് ഐ.സി.ബാലകൃഷ്ണന്‍ സ്വന്തം മണ്ഡലത്തിലെ റോഡിന്റെ സ്ഥിതി ചൂണ്ടിക്കാട്ടിയത്. ഒപ്പം ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളി മൂലം കേരളത്തിലെ മിക്ക റോഡുകളുടെയും നിര്‍മാണം പാതിവഴിയിലാണെന്നും എംഎല്‍എ പറഞ്ഞു.

ഈ റോഡ് നിര്‍മാണം വൈകിയതിന്റെ പിന്നാമ്പുറക്കഥകള്‍ ഒരിക്കല്‍ റോഡ് സന്ദര്‍ശിച്ച മന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു എന്ന സൂചനയെന്നോണമാണ് ഈ ചോദ്യത്തിനുള്ള മറുപടിയില്‍ തന്നെ വകുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചതെന്ന് പൊതുജനം വിചാരിക്കുന്നു.

22 കിലോ മീറ്റര്‍ ദൂരമുള്ള പനമരം-ബീനാച്ചി റോഡിന്റെ നിര്‍മാണം 2019ലാണ് ആരംഭിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ 50.55 കോടി രൂപയാണ് വകയിരുത്തിയത്. തമിഴ്‌നാട് ആസ്ഥാനമായ നിര്‍മാണ കമ്പനിക്കായിരുന്നു കരാര്‍.

എറണാകുളത്തെ മറ്റൊരു കമ്പനിക്ക് ഇവര്‍ ഉപകരാര്‍ നല്‍കി. കലുങ്കുകള്‍, സംരക്ഷണഭിത്തി, ഓവുചാല്‍ എന്നിവയുടെ നിര്‍മാണവും റോഡ് പ്രതലത്തിന്റെ ക്രമപ്പെടുത്തലും പൂര്‍ത്തിയായപ്പോള്‍ തന്നെ ഗുണനിലവാരമില്ലാത്ത നിര്‍മാണമാണു നടക്കുന്നതെന്നു നാട്ടുകാര്‍ക്ക് ബോധ്യമായി.

ആ ബോധ്യം വകുപ്പ് മന്ത്രിക്ക് തന്നെ ഉണ്ടായ സന്തോഷത്തിലാണ് പനമരം-ബീനാച്ചി റോഡിന്റെ ഗുണഭോക്താക്കള്‍ എന്നു പറയാതെ വയ്യ. സാഹചര്യങ്ങളെ മുതലെടുക്കുന്നതും മുതലെടുപ്പിനായി സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കരാറുകാര്‍ അഴിമതിക്കും മറ്റുമായി സാഹചര്യങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ള കരാറുകള്‍ക്ക് ഒത്താശയുമായി മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങുന്നത്.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന് പകരം കരാറുകാരുടെയും സ്വന്തം കീശയുടെയും കാര്യത്തിനായി തന്നെ വന്നു കാണേണ്ട എന്ന തീരുമാനം എല്‍ ഡി എഫ് രണ്ടാം ഭരണത്തിനായി പുറത്തിറക്കിയ പരസ്യവാചകം ശരിവെക്കുന്ന തരത്തിലായി, അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള ഉറപ്പാണ് നട്ടെല്ലുള്ള മന്ത്രിപി എം റിയാസിന്റെ പ്രസ്താവനയിലൂടെ തെളിയിക്കപ്പെട്ടത്.

ടൂറിസം രംഗത്ത് പാരമ്പര്യമായി തുടര്‍ന്ന് വരുന്ന പാരമ്പര്യരീതികളെ പൊളിച്ചെഴുതി നവകേരളത്തിന് സമ്പന്നമായതും ന്യൂജനറേഷനും ആസ്വദിക്കാവുന്നതുമായ പല പദ്ധതികളുമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്നത് യുവതയുടെ പ്രതീക്ഷ കൂടിയാണ്. യുവാക്കളുടെ മനസ്സറിയുന്ന, എല്ലാ അഴിമതിക്കെതിരേയും വിരല്‍ചൂണ്ടുന്ന മന്ത്രി പി എം റിയാസിനെ പോലുള്ള ജനപ്രതിനിധികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഐശ്വര്യ സമ്പന്നമായ സായാഹ്നം നേരുന്നു, ജയ്ഹിന്ദ്.

voices
Advertisment