Advertisment

‘ഗാഡ്കിൽ റിപ്പോർട്ടും കേരള വികസനവും' - പ്രകൃതിക്ക്‌ കലിയിളകുമ്പോൾ നാം ഓർക്കുന്ന പേര് മാധവ് ഗാഡ്ഗിൽ... (ലേഖനം)

New Update

-ഡോ: ഹരിദാസ് എം.കെ. മണ്ണാർക്കാട്

Advertisment

publive-image

പശ്ചിമഘട്ട മലനിരകളിൽ പ്രകൃതി സംഹാര താണ്ഡവം ആടിത്തകർക്കുകയാണല്ലൊ? ആരാണ് ഉത്തരവാദി? നമ്മൾ തന്നെ. അഭിനവ കേരളത്തിന്റെ വേദഗ്രന്ഥമാവേണ്ട ഒരു സവിശേഷ പുസ്തകമുണ്ട്. 'മാതൃഭൂമി'യാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഗാഡ്കിൽ റിപ്പോർട്ടും കേരള വികസനവും' എന്നാണ് പുസ്തകത്തിന്റെ പേര്. ടി.പി.കുഞ്ഞിക്കണ്ണൻ ആണ് രചന. പുസ്തകം എല്ലായിടത്തും കാണും.

വികസനത്തിന്റെ അപ്പോസ്തലൻമാരായി സ്വയം, അരിയിട്ടു വാഴ്ച്ച നടത്തിയവർ കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിന് സമ്മാനിച്ച ദുരന്ത കഥകളുടെ പുനർ ആഖ്യാനമാണ് ഈ പുസ്തകത്തിൽ. ഇനിയും അഞ്ച് വർഷം കഴിഞ്ഞും കേരളം വേണം എന്നാശിക്കുന്നവർ ഈ പുസ്തകം വാങ്ങി വായിക്കുക.ഇതിലെ മാർഗ്ഗ നിർദ്ദേശങ്ങൾ മനസ്സിലാക്കി വിവേക ബുദ്ധിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ഇല്ലെങ്കിൽ, പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്ത കേരളം, അറബിക്കടലിന്റെ ഗർഭ ഗൃഹത്തിലെത്തും.

പശ്ചിമഘട്ട മലനിരകളെ അകത്താക്കാൻ, അറബിക്കടലിന് റിഹേഴ്സലിന്റെ ആവശ്യമില്ല. റിടേയ്ക്കുകൾ ആവശ്യമില്ല. ഒറ്റടെയ്ക്കിൽ തന്നെ അറബിക്കടൽ ആ പണി ഭംഗിയായി ചെയ്തു തീർക്കും. നിതാന്തമായ ജാഗ്രത പുലർത്തേണ്ട സമയമാണിത്.

രൂക്ഷമായി കൊണ്ടിരിക്കുന്ന പാരിസ്ഥിതിക തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ആകെ സാരം.ജനങ്ങളുടെ മാത്രം ആവാസസ്ഥാനമല്ല ഇത്.

അറബിക്കടലിൽനിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്.മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. വനവും വന്യജീവി സങ്കേതങ്ങളും മണ്ണും ജലവും വൃക്ഷലതാദികളും സംരക്ഷിക്കുന്നതില്‍ ജനങ്ങളുടെ മനസ്സറിഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്താതെ ഇനി നമുക്ക് മുന്നോട്ട് പോകാനാവില്ല.തെറ്റായ വികസനം മനുഷ്യ കേന്ദ്രീകൃതമായി അടിച്ചേല്‍പിക്കപ്പെടരുത്.

നയങ്ങൾ രൂപപ്പെടുത്തേണ്ടത് പഠിച്ചു കൊണ്ടാവണം. പാരിസ്ഥിതിക തകർച്ചയുടെ ആഘാതം നമ്മുടെ കണക്കു കൂട്ടലുകൾക്കും അപ്പുറമായിരിക്കും. സുചിന്തിതമായ ചില തീരുമാനങ്ങൾ അനിവാര്യമായ ഘട്ടമാണിത്.

പശ്ചിമഘട്ടമടക്കമുള്ള അതിതീവ്ര പരിസ്ഥിതിലോല പ്രദേശങ്ങളെ തകർക്കുന്ന, പരിസ്ഥിതി വിരുദ്ധമായ വികസന നയങ്ങളും നിയമങ്ങളും ഇടപെടലുകളും തന്നെയാണ് ഈ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണം.പ്രകൃതിക്കു കലിയിളകുമ്പോൾ മാത്രം കേരളീയർ നെടുവീർപ്പോടെ ഓർക്കുന്ന പേരാണ് പ്രഫ. മാധവ് ഗാഡ്ഗിൽ.

അദ്ദേഹം പലർക്കും അധികപ്പറ്റായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ സാധാരണ ജനങ്ങളും ഗാഡ്ഗിലിനെ ഭയന്നു. മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിൽക്കുമ്പോൾ, ആ മനുഷ്യൻ്റെ നിർദ്ദേശങ്ങളെ നാം വീണ്ടും ഓർത്തെടുക്കുന്നു. പ്രകൃതിക്ക്‌ ഭ്രാന്തിളകുമ്പോൾ മലയാളി നെടുവീർപ്പോടെ ഓർക്കുന്ന പേര്: മാധവ് ഗാഡ്ഗിൽ.

voices
Advertisment