Advertisment

മുല്ലപ്പെരിയാർ ജലബോംബ് ! ജയിക്കുന്നതെന്നും തമിഴ് നാട്... എന്തുകൊണ്ട് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

1895 ൽ പൂർത്തിയായ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണ കരാറിൽ തിരുവിതാംകൂർ ഭരണാധി കാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ ഒപ്പിടാൻ തയ്യറായില്ല. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി നയപരമായ ബലപ്രയോഗത്തിലൂടെയാണ് ഒപ്പിടുവിച്ചതു്. എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

കരാർ ഭാവിയിൽ നാടിനു ദോഷകരമാകുമെന്ന് വിശാഖം തിരുനാൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ ബ്രിട്ടീഷ് സമ്മർദ്ദം മൂലം കരാറിൽ അദ്ദേഹത്തിന് ഒപ്പ് വയ്ക്കാതിരിക്കാനായില്ല. 999 വർഷത്തെ ആ പാട്ടക്കരാറിന് ബ്രിട്ടീഷ് ഭരണം പോയതോടെ സാധുത നഷ്ടപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ഉടമസ്ഥാവകാശം കേരളത്തിന് സ്വന്തമായി മാറി.

എന്നാൽ തമിഴ് നാട് നിശബ്ദം കരുക്കൾ നീക്കി. കരാർ പുതുക്കാനായി 1958 നവംബറിൽ അവർ മുഖ്യമന്ത്രി യായിരുന്ന ഇ.എം.എസിനെ സമീപിച്ചു, കാര്യം നടന്നില്ല. 1960 ജൂലൈ മാസത്തിൽ അവർ മുഖ്യമന്ത്രി യായിരുന്ന പട്ടം തണുപിള്ളയെ സമീപിച്ചു, അതും വിഫലമായി.1969 ൽ ഒരിക്കൽക്കൂടി ഇ.എം.എസിനെ സമീപിച്ചെങ്കിലും ചർച്ച നടത്താൻ പോലും അദ്ദേഹം തയ്യറായില്ല.

ഒടുവിൽ 1970 മേയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി അവർ പണി പറ്റിച്ചു,1954 മുതൽ മുൻകാല പ്രാബല്യത്തോടെ. ഓരോ 30 വർഷം കൂടുമ്പോഴും പാട്ടക്കരാർ പുതുക്കണമെന്ന വ്യവസ്ഥയും കരാറിൽ ചേർക്കപ്പെട്ടു. നിയമസഭയുടെ അംഗീകാരമില്ലാതെയായിരുന്നു ഇത്.

publive-image

1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിൽ ഒപ്പുവച്ച പെരിയാർ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പാട്ടക്കരാർ അഥവാ Periyar lease deed

അവിടെയും തമിഴ് നാട്, കാര്യങ്ങൾ മുൻകൂട്ടി കണ്ടു.അതായത് പുതിയ കരാറനുസരിച്ച് പാട്ടത്തുക ഏക്ക റിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോ വാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. ഇതാണ് നമുക്ക് കെണിയായത്.

2000 ൽ വീണ്ടും പുതുക്കേണ്ടിയിരുന്ന കരാർ തർക്കത്തെത്തുടർന്ന് പുതുക്കിയില്ലെങ്കിലും പഴയനിരക്കിൽ മുടങ്ങാതെ തമിഴ്നാട് പണം കേരളസർക്കാരിനടച്ചുവന്നു. 1970ലെ ഈ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.

മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്.

മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്.

മുല്ലപ്പെരിയാർ വിഷയത്തിൽ കോടതികളിൽ സ്ഥിരമായി തമിഴ് നാടാണ് ജയിക്കുന്നത്.പകരം പുതിയ ഡാമും കൂടുതൽ വെള്ളവും എന്ന കേരളത്തിന്റെ നിർദ്ദേശം എങ്ങും സ്വീകാര്യമായില്ല.കേന്ദ്ര സർക്കാർ നിലപാടും ഇപ്പോൾ രൂപീകൃതമായിട്ടുള്ള ഡാം സേഫ്റ്റി കമ്മീഷൻ നിലപാടുകളും തമിഴ് നാടിന് ഒപ്പം നിൽക്കുന്നവയാണ്.

നമുക്കെവിടെയാണ് പിഴച്ചത് ? എന്തുകൊണ്ടാണ് അതീവഗുരുതരമായ ഈ വിഷയത്തിൽ കേരളം മൗനം തുടരുന്നത് ?? തമിഴ് നാടുമായി ഫലപ്രദമായ ചർച്ച നടത്തി കാര്യങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാനും പുതിയ ഡാം നിർമ്മിക്കാനായി അവരെ വിശ്വാസത്തി ലെടുക്കാനും നമ്മുടെ ഭരണകർത്താക്കൾക്ക് കഴിയുന്നില്ല ??

(വാൽ : മുല്ലപ്പെരിയാർ സമരം കേരളത്തിൽ കത്തിനിന്ന സമയം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ തമിഴ് നാട്ടിൽ (തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിൽ) വൻതോതിൽ ഭൂമി സ്വന്തമാക്കിയിട്ടുള്ള കേരളത്തിലെ നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും പേരുകൾ 3 ദിവസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് 2011 ൽ തമിഴ് നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ച അടവ് നയം ഫലം കണ്ടു. പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ജയലളിത പക്ഷേ ആരുടേയും പേരുകൾ പ്രഖ്യാപിച്ചില്ല. എന്തുകൊണ്ട് ? കാരണം വ്യക്തം, തോറ്റുപോയത് നമ്മൾ ജനങ്ങളാണ്).

voices
Advertisment