Advertisment

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍... (ലേഖനം)

New Update

publive-image

Advertisment

-അസീസ് മാസ്റ്റർ

കേരളത്തിലെ നിക്ഷേപ തട്ടിപ്പ് കേസുകള്‍ പല പേരുകളിലായി, പലയിടങ്ങളിലായി ചര്‍ച്ചയാവുന്നത് പുതുമ അല്ലാതായിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ വഞ്ചിക്കപ്പെട്ട് അലറി വിളിക്കുന്നത് കണ്ടാലും, സ്വയം ഇരയാകുന്നത് വരെ ഇത്തരം ചതിക്കുഴികളില്‍ നിന്നും മാറി നടക്കാന്‍ പറ്റാത്തയത്ര ആര്‍ത്തി പിടിച്ചവരായി അലയുന്നവരായി മാറിയെന്നു വേണം പറയാന്‍.

മണിചെയിന്‍, സ്വര്‍ണ്ണനിക്ഷേപം, ബിസിനസ് പങ്കാളിത്തം തുടങ്ങി പഴയകാല തട്ടിപ്പുകള്‍ ഒക്കെയും ഓണ്‍ലൈന്‍ എന്ന പ്ലാറ്റ്‌ഫോം വഴിയും വല വീശിക്കൊണ്ടിരിക്കുകയാണ്. പലരും അതില്‍ ആകര്‍ഷിക്കപ്പെട്ട് സമ്പാദ്യങ്ങള്‍ മുഴുവനായോ, ഭാഗികമായോ നിക്ഷേപിച്ച് ഒടുവില്‍ വഞ്ചിക്കപ്പെട്ട് കേസും കോടതിയുമായി ശിഷ്ടകാലം കഴിയേണ്ടി വരുന്നുവെന്നതാണ്.

കേസുകളുടെ ഒടുവില്‍ സംഭവിക്കുന്ന വാദങ്ങളില്‍, നിക്ഷേപകരെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല പണം വാങ്ങിയതെന്നും പൊലീസ് ഇടപെട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും കച്ചവടം നടക്കാതിരിക്കുകയും ചെയ്തതാണ് ലാഭവിഹിതം നല്‍കാന്‍ കഴിയാതിരുന്നതെന്നും പ്രതികള്‍ വാദിച്ച് രക്ഷപ്പെടുമെന്നതാണ് കോടതി വാര്‍ത്തകളില്‍ നിന്നും നമുക്ക് മനസിലാവുന്ന മറ്റൊരു കാര്യം.

1995-96 കാലഘട്ടത്തില്‍ കേരളത്തെ ഞെട്ടിച്ച തട്ടിപ്പായിരുന്നു ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ്. തൃപ്പൂണിത്തുറ കേന്ദ്രമാക്കി നാഗവല്ലി റിയല്‍ എസ്‌റ്റേറ്റ് പ്രൈവറ്റ്  ലിമിറ്റഡ്, അളകനന്ദ ഗോട്ട് ഫാം, മന്ദാകിനി പ്ലാന്റേഷന്‍സ് എന്നീ പേരുകളില്‍ കമ്പനി രൂപീകരിച്ച് വന്‍ ലാഭം വാഗ്ദാനം ചെയ്ത് 25 കോടിയോളം രൂപ നിക്ഷേപകരില്‍നിന്ന് ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് ആരോപണം.

കേസ് രജിസ്റ്റര്‍ ചെയ്ത് 19 വര്‍ഷത്തിനുശേഷം വിധി വന്നപ്പോള്‍ തട്ടിപ്പിനിരയായവരെ നിരാശരാക്കുന്നതായി. ആട്, തേക്ക്, മാഞ്ചിയം കേസിലെ പ്രതികളായ അടിമാലി മറ്റപ്പിള്ളില്‍ വീട്ടില്‍ സജീവ് മാത്യു, ഇയാളുടെ ഭാര്യ ആനി സജീവ് എന്നിവരെയാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിജു ഷെയ്ഖ് കുറ്റക്കാരല്ലെന്ന് കണ്ടത്തെി വെറുതെ വിടുകയായിരുന്നു.

ഇവിടെ ഈ കേസുകളും വിധികളും ചൂണ്ടിക്കാട്ടിയത്, അതിന് ശേഷം കേരളത്തില്‍ ഒറ്റക്കും സംഘമായും രാഷ്ട്രീയപരമായും നടത്തിയ തട്ടിപ്പുകളുടെ വിധി, വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലെ എഴുതി തള്ളാനാണ് സാധ്യതയെന്ന് സൂചിപ്പിക്കാനാണ്.

നൂറുകണക്കിന് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും കോടികളുടെ നിക്ഷേപവുമായി നാടുവിടുന്നവര്‍ തങ്ങളുടെ സ്വാധീനവും പണവും ഉപയോഗിച്ച് സുഖജീവിതം നയിക്കുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിച്ചാലും അറിവും വിവേകമുള്ളവരെന്ന് വിശ്വസിക്കുന്ന മലയാളികള്‍ പുതിയ പദ്ധതിയുമായി ആര് രംഗപ്രവേശനം ചെയ്താലും ലാഭം മോഹിച്ച് കെണിയില്‍ പെടുന്നതില്‍ ഒരു കുറവുമില്ല.

തൊഴില്‍രഹിതര്‍ വളരെയേറെയുള്ള ഒരു സംസ്ഥാനമാണ് കേരളം. കായികാധ്വാനം ആവശ്യമുള്ള കൃഷിയടക്കമുള്ള തൊഴിലുകളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നവരില്‍ അധികവും വിദ്യാഭ്യാസം കുറഞ്ഞവരും പ്രായം കൂടിയവരുമാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ദേഹത്ത് ചെളി പുരണ്ട് സമ്പാദിക്കുന്നതിലും നല്ലത് തൊഴിലില്ലാതെ കഴിയുന്നതാണെന്നാണ്.

ഇത്തരം ചിന്തയുള്ളവരെയാണ് നിക്ഷേപത്തട്ടിപ്പുകാര്‍ നോട്ടമിടുന്നത്. വിയര്‍ക്കാതെ നല്ലൊരു സമ്പാദ്യമുണ്ടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് മണിചെയിന്‍ പോലുള്ള നിക്ഷേപ പദ്ധതികളുടെ ഏജന്റുമാരാക്കി മാറ്റുന്നത്. അവരുടെ സൗഹൃദവലയവും കുടുംബസ്വാധീനവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പുകാരുടെ തന്ത്രത്തിലേക്ക് ആളുകളെ ചേര്‍ക്കുമ്പോള്‍ സ്വയം വഞ്ചിതരാവുന്നത് പോലും ഇവര്‍ അറിയുന്നില്ല എന്നതിലേക്കാണ് കാര്യങ്ങളുടെ ഒടുവില്‍ മനസിലാവുക.

അധ്വാനമുള്ള ജോലിക്ക് അതിഥിതൊഴിലാളികള്‍ തയ്യാറാവുമ്പോള്‍, തൊഴില്‍ തട്ടിപ്പുകള്‍ക്കും നിക്ഷേപ തട്ടിപ്പുകള്‍ക്കും ഇരയായി തങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കാനാണ് പുതുതലമുറയുടെ ലക്ഷ്യമെന്ന് തോന്നിപ്പോകും. ഇത് വെറും തോന്നലല്ല, ഏറെക്കുറെ ശരിയുമാണ്.

ഇത്തരം ചതിക്കുഴികളില്‍ പെടാതെ ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് എന്ന് മനസ്സിലാക്കി ഇത്തരം കുറുക്കുസമ്പാദ്യപദ്ധതികളില്‍ നിന്നും മാറി നിന്ന് സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനുള്ള തൊഴിലിടം സ്വന്തമാക്കുകയാണ് പുതുതലമുറ തയ്യാറാകേണ്ടത്.

പി എസ് എസി പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ബോധത്തോടെ, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുത്ത്, ഇടവേളകളില്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നതാണ് വിവേകമുള്ളവരുടെ ലക്ഷണം. എല്ലാവര്‍ക്കും ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

voices
Advertisment