Advertisment

ഇന്ധവില കൂട്ടി സാധാരണക്കാരുടെ ജീവിതത്തെ ഗതിമുട്ടിക്കരുത്... (ലേഖനം) 

New Update

publive-image

Advertisment

-അസീസ് മാസ്റ്റർ

തുടര്‍ച്ചയായ പ്രതിസന്ധികളാണ് രാജ്യത്തെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. പലരും ആത്മഹത്യ ചെയ്യുകയോ, അതിനുള്ള തയ്യാറെടുപ്പിലോ ആണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും അതിജീവിക്കാന്‍ 1056 എന്ന നമ്പറില്‍ വിളിക്കുക എന്നും സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പൊതുജനത്തെ അറിയിക്കുമ്പോള്‍ തന്നെ, വരുമാനമാര്‍ഗം മുട്ടിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്ന് പറയേണ്ടി വരുന്ന ഗതികേടിലാണ്.

കാരണം കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെ പോലെ തന്നെ, പ്രളയത്തുടക്കവും കൊണ്ട് ആളുകള്‍ വിഷമസന്ധിയിലാകുമ്പോള്‍ തന്നെ, തുടര്‍ച്ചയായ ഇന്ധന-പാചകവാതക വില കൂട്ടി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ഗതിമുട്ടിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില കാരണം ജീവിതച്ചെലവ് വര്‍ധിക്കുകയും എന്നാല്‍ തൊഴില്‍ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് അറിയാതെ ഉഴലുകയാണ് പൗരന്മാര്‍.

എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് കുബേരന്മാരെ വീണ്ടും കോടിപതികളാക്കിയും പാവപ്പെട്ടവനെ വീണ്ടും മുഴുപട്ടിണിയിലേക്കും തള്ളിവിടുന്ന ഉദാരനയങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന രാഷ്ട്രീയ സാഹചര്യം ലോകമെമ്പാടുമുള്ളവരെ അമ്പരപ്പിക്കുന്നതാണ്.

സര്‍ക്കാരിന്റെ ധനകമ്മി നികത്താനുള്ള വഴിയായിട്ടാണ് ഇന്ധനവിലയെ മോദി സര്‍ക്കാര്‍ കാണുന്നത്.  ഉപയോക്താവ് നല്‍കുന്ന വിലയില്‍ 60 ശതമാനം നികുതിയാണ്. പല തരത്തിലുള്ള സെസ്സുകള്‍  ചുമത്തുന്നുണ്ട്.  അതില്‍നിന്നുള്ള വരുമാനം കേന്ദ്രത്തിന് പൂര്‍ണമായി എടുക്കാം. സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല.

2020-21ല്‍ 2,67,000 കോടി രൂപയാണ് എണ്ണവിലയില്‍നിന്ന് സെന്‍ട്രല്‍ എക്‌സൈസായി ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പിരിച്ചത് 3,61,000 കോടി.  94,000 കോടിയുടെ വര്‍ധന.  2021-22ല്‍ പ്രതീക്ഷിക്കുന്നത് 3.2 ലക്ഷം കോടിയാണ്.  യഥാര്‍ഥ വരുമാനം  എത്രയോ കൂടുതലായിരിക്കും.

ക്രൂഡിന് വില കുറയുമ്പോള്‍ ഇവിടെ എണ്ണയ്ക്കും പാചകവാതകത്തിനും വില കൂട്ടി  കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയായിരുന്നു.

അന്ന് സിലിണ്ടര്‍ തലയിലേറ്റി പ്രതിഷേധിച്ചവരാണ് ബിജെപിക്കാര്‍. കവര്‍ച്ചക്കാരെപ്പോലും നാണിപ്പിക്കുന്നതാണ് പാചകവാതക വിലയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ കബളിപ്പിക്കല്‍. പാചകവാതക സബ്‌സിഡി ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു പ്രചരിപ്പിച്ചത്. കുറച്ചുമാസം കൊടുത്തു. ഇപ്പോള്‍ സബ്‌സിഡിയില്ല.  സബ്‌സിഡി നിര്‍ത്തിയ കാര്യം ഇതുവരെ ജനങ്ങളോട് പറഞ്ഞിട്ടുമില്ല.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതാണ് വില കുറയ്ക്കാന്‍ തടസ്സമെന്ന പ്രചാരണവും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല.

ജിഎസ്ടി ബാധകമായ പാചകവാതകത്തിന്റെ വില കൂടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയിലേക്ക് മാറ്റുന്നതിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും  എതിര്‍ത്തതോടെ ആ പ്രചാരണവും ചീറ്റിപ്പോയി എന്നത് തന്നെ കാരണം.

ആഗോളവിപണിയാണ് എണ്ണവില നിയന്ത്രിക്കുന്നതെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നുമുള്ള വാദം നിര്‍ത്തി പൊതുജന പ്രതിഷേധത്തെ നേരിടാനും സംഘപരിവാര്‍ ശ്രമിച്ചെങ്കിലും എല്ലാമറിയുന്ന ജനം വിശ്വസിക്കാന്‍ പോകുന്നില്ല. ഇന്ധന വില 2010 വരെ നിയന്ത്രിച്ചിരുന്നത് സര്‍ക്കാരായിരുന്നു.

2010ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പെട്രോളിന്റെ വിലനിയന്ത്രണം നീക്കി.  പിന്നാലെ വന്ന മോദി സര്‍ക്കാര്‍ 2014ല്‍ ഡീസലിന്റെ നിയന്ത്രണവും ഒഴിവാക്കി. ഇത് തെളിയിക്കുന്നത്, ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാരാണെങ്കില്‍ വില നിയന്ത്രണം സാധിക്കുമെന്നാണ്.  കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വില വര്‍ധിച്ചില്ല എന്നത് സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബി ജെ പി നേതാക്കള്‍ വിയര്‍ക്കുകയാണ്.

പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയാല്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നത് മിഥ്യാധാരണയാണ്. ഇന്ധന ഉപയോഗം കൂടിവരികയാണ്. 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 78 ലക്ഷം ടണ്ണാണ് ഇന്ത്യയുടെ ഉപയോഗം. വില വര്‍ധനയില്‍ റെക്കോഡുണ്ടായിട്ടും മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.7 ശതമാനം വര്‍ധന.

പാരമ്പര്യേതര ഊര്‍ജത്തിന് സാമ്പത്തിക ഇളവുകള്‍, മികച്ച പൊതുഗതാഗത സംവിധാനം, നിലവാരമുള്ള റോഡുകള്‍, വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രോത്സാഹനം എന്നിവയൊക്കെ വരുമ്പോഴേ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയൂവെന്നത് പൊതുവിജ്ഞാനമാണ്.

അല്ലാതെ, വില കൂട്ടിയാല്‍ ജനങ്ങളുടെമേല്‍ അധികഭാരം വരികയേയുള്ളൂ. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് സാമ്പത്തിക ശേഷിയുള്ളവരാണെന്ന വാദവും തെറ്റാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കള്‍ സാധാരണക്കാരാണ്.

ഡീസലിന് വില കൂടുമ്പോള്‍ ചരക്കുകുലി വര്‍ധിക്കുമെന്നും അതുമൂലം അത്യാവശ്യ സാധനങ്ങളുടെ വില ഉയരുമെന്നും ആര്‍ക്കാണ് അറിയാത്തത്. എണ്ണവില കൂടുമ്പോള്‍ ബാധിക്കാത്ത മേഖലയില്ല.

എണ്ണവില കൂട്ടുന്നതിനു പകരം, കോര്‍പറേറ്റ് നികുതിയിലെ ഇളവുകള്‍ അവസാനിപ്പിക്കുകയും ന്യായമായ സ്വത്തുനികുതി ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്. എല്ലാവര്‍ക്കും താങ്ങാവുന്ന ഇന്ധനവില നിശ്ചയിക്കുന്ന നല്ലൊരു നാളെ പ്രതീക്ഷിച്ചുകൊണ്ട് എല്ലാവര്‍ക്കും നേരുന്നു ശുഭസായാഹ്നം. ജയ്ഹിന്ദ്.

voices
Advertisment